അക്ഷരം തൊട്ട്‌കുരുന്നുകൾ

തിരുവനന്തപുരം : മഴ മാറിനിന്ന തുലാമാസത്തെ ബുധനാഴ്ചയുടെ പ്രഭാതത്തിൽ അറിവിന്റെ ദേവതയായ സരസ്വതിയെ മനസ്സിൽ ധ്യാനിച്ച് ആയിരക്കണക്കിന് കുരുന്നുകൾ അക്ഷരത്തിലേക്ക് വിരൽ തൊട്ടു.

വലതുകൈയിലെ വിരലുകൾ ഗുരുനാഥന്മാർ കൂട്ടിപ്പിടിച്ച് അക്ഷരം ചേർന്ന അരിയിൽ ഹരിശ്രീയെഴുതി. കരഞ്ഞും എന്നാൽ തെല്ല് ആസ്വദിച്ചും കുട്ടികൾ ആദ്യക്ഷരത്തിന്റെ അമൃത്‌ നുകർന്നു. നവരാത്രിയുടെ പിറ്റേന്ന് പൂജയെടുപ്പിനുശേഷം എല്ലായിടത്തും വിദ്യാരംഭം നടന്നു. അക്ഷരദേവതയെയും ദുർഗാലക്ഷ്മീദേവതമാരെയും മനസ്സിൽ ധ്യാനിച്ച് രക്ഷിതാക്കൾ കുട്ടികൾക്ക് സരസ്വതീ നഭസ്തുഭ്യം എന്ന അറിവിന്റെ മന്ത്രം കാതിൽ മൊഴിഞ്ഞു. നവരാത്രി ആഘോഷത്തിന് മംഗളകരമായ സമാപനം.

നവരാത്രിയിലെ പ്രധാനദിനമായ മഹാനവമി ചൊവ്വാഴ്ചയായിരുന്നു. എല്ലായിടത്തും ദേവീപൂജയ്ക്കും ദർശനത്തിനും നല്ല തിരക്കായിരുന്നു. ബുധനാഴ്ച രാവിലെ പൂജയെടുപ്പിനുശേഷം വിദ്യാരംഭം തുടങ്ങി. വീടുകൾ, ക്ഷേത്രങ്ങൾ, തൊഴിൽകേന്ദ്രങ്ങൾ, ഗ്രന്ഥശാലകൾ എന്നിവിടങ്ങളിലെല്ലാം ആയുധപൂജ നടന്നു.

തിരുവനന്തപുരത്ത് കോട്ടയ്ക്കകം നവരാത്രി മണ്ഡപം, ആര്യശാല ഭഗവതിക്ഷേത്രം, ചെന്തിട്ട ഭഗവതീക്ഷേത്രം, ആറ്റുകാൽ, കരിക്കകം ഭഗവതീക്ഷേത്രങ്ങൾ, ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ വ്യാസന്റെ നട എന്നിവിടങ്ങളിൽ നിരവധി കുട്ടികൾക്ക് ആദ്യക്ഷരം കുറിച്ചു. പ്രൊഫ. വി. മധുസൂദനൻനായർ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ, ഡോ. ഭരത് ചന്ദ്രൻ, ഗോശാല വിഷ്ണു വാസുദേവൻ എന്നിവർ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ നടന്ന വിദ്യാരംഭത്തിൽ പങ്കെടുത്തു.

പൂജപ്പുര നവരാത്രി മണ്ഡപത്തിൽ ആയിരത്തോളം കുട്ടികളെ എഴുത്തിനിരുത്തി.

മന്ത്രിമാരായ കെ. മുരളീധരൻ, സി.പി. ജോൺ, ചാണ്ടി ഉമ്മൻ എം.എൽ.എ, കളക്ടർ കെ.എസ്. അഞ്ജു, മുൻ കളക്ടർ അനുകുമാരി എന്നിവർ ആദ്യക്ഷരമെഴുതിക്കാൻ എത്തിയിരുന്നു. ഐരാണിമുട്ടം തുഞ്ചൻ സ്മാരകം, തോന്നയ്ക്കൽ ആശാൻ സ്മാരകം എന്നിവിടങ്ങളിലും വിദ്യാരംഭം നടന്നു.

ഐരാണിമുട്ടത്ത് കെ. ജയകുമാർ, കെ.വി. മോഹൻകുമാർ, ഡോ. ടി.ജി. രാമചന്ദ്രൻപിള്ള, ഡോ. എം.ആർ. തമ്പാൻ, ഡോ. വി.പി. ജോയ്, പ്രൊഫ. കാട്ടൂർ നാരായണപിള്ള, കാരയ്ക്കാമണ്ഡപം വിജയകുമാർ, മണക്കാട് ഗോപൻ, പി. സുശീലാദേവി തുടങ്ങിയവർ വിദ്യാരംഭത്തിന് ആചാര്യസ്ഥാനം വഹിച്ചു.

രാജ്ഭവനിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ വിവിധ മതസ്ഥരായ കുട്ടികൾക്ക് ആദ്യക്ഷരമെഴുതിച്ചു. പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഔദ്യോഗികവസതിയായ കന്റോണ്മെന്റ് ഹൗസിൽ കുട്ടികളെ എഴുത്തിനിരുത്തി. ശിവഗിരി മഠം, അരുവിപ്പുറം ക്ഷേത്രം, ചെമ്പഴന്തി ഗുരുകുലം വെട്ടുകാട് മാദ്രേ ദെ ദേവൂസ് ദേവാലയം എന്നിവിടങ്ങളിലും ജില്ലയിലെ പ്രധാന സ്ഥലങ്ങളിലെയും ഗ്രാമങ്ങളിലെയും ദേവീക്ഷേത്രങ്ങളിലും വിജയദശമി ആഘോഷം നടന്നു.