കൂവക്കുടി പഴയപാലം നവീകരണവും ഹാപ്പിനസ് പാർക്കിന്റെ നിർമാണോദ്ഘാടനവും

വെള്ളനാട് : കൂവക്കുടിയിലെ ചരിത്രസ്മാരകമായ പഴയപാലത്തിന്റെ നവീകരണവും ഹാപ്പിനസ് പാർക്കിന്റെ നിർമാണോദ്ഘാടനവും ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ്‌ വെള്ളനാട് ശശി നിർവഹിച്ചു.

മേലാംകോട് വാർഡ് അംഗം ലതി അജികുമാർ അധ്യക്ഷയായി. വൈസ് പ്രസിഡൻറ്‌ പ്രതീജ, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ സി.ഷൈൻ, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ ഡി.ടി.ജ്യോതിരാജൻ, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ ഷൈലജ, അസിസ്റ്റൻറ്‌ എക്സൈസ് കമ്മിഷണർ എസ്.കെ.സന്തോഷ്കുമാർ, നെടുമങ്ങാട് എക്സൈസ് ഇൻസ്പെക്ടർ സി.വി.പ്രവീൺ, ആര്യനാട് എക്സൈസ് ഇൻസ്പെക്ടർ സി.കെ.സിജോ, എക്സൈസ് ആര്യനാട് റേഞ്ച് വിമുക്തി കോഡിനേറ്റർ ആർ.ഡി.അഭയ് തുടങ്ങിയവർ സംസാരിച്ചു.

സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ 'റിലാക്സ്' പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പഞ്ചായത്തിന്റെയും പൊതുജനങ്ങളുടെയും സഹകരണത്തോടെ കൂവക്കുടിയിൽ വിവിധ ടൂറിസം വികസനപദ്ധതികൾ ആവിഷ്കരിച്ചിരിക്കുന്നത്.

അധ്യക്ഷസ്ഥാനത്തിനായി കോൺഗ്രസ് പ്രതിഷേധം

കൂവക്കുടിയിലെ ഉദ്ഘാടന പരിപാടിയിൽ കോട്ടവിള വാർഡ് അംഗം എസ്.ഡബ്ല്യു.സജിതയെ അധ്യക്ഷയാക്കാത്തതിൽ പ്രതിഷേധിച്ച് പഞ്ചായത്തിലെ നാല് കോൺഗ്രസ് വാർഡ് അംഗങ്ങളും കോൺഗ്രസിലെ മറ്റു നേതാക്കളും ഉദ്‌ഘാടന പരിപാടികൾ ബഹിഷ്കരിച്ചു. കോട്ടവിള, മേലാംകോട് വാർഡുകളുടെ അതിർത്തിപ്രദേശമാണ് കൂവക്കുടി. ഉദ്ഘാടന പരിപാടികൾ നടത്തിയ സ്ഥലം കോട്ടവിള വാർഡിലാണെന്നും പരിപാടിയുടെ അധ്യക്ഷയായിവരേണ്ടത് എസ്.ഡബ്ല്യു.സജിതയാണെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു. നോട്ടീസിൽ കോൺഗ്രസ് നേതാക്കളുടെ പേര് പ്രേട്ടക്കോൾ തെറ്റിച്ചാണ് അച്ചടിച്ചതെന്നും ഇത് ബോധപൂർവം കോൺഗ്രസ് നേതാക്കളെ അപമാനിക്കുന്നതിനുവേണ്ടിയാണെന്നും ഡി.സി.സി. അംഗം വെള്ളനാട് ശ്രീകണ്ഠൻ ആരോപിച്ചു.

പ്രോട്ടക്കോൾ അനുസരിച്ച് കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ സ്ഥാനം സി.പി.എം. ലോക്കൽ കമ്മിറ്റി സെക്രട്ടറിക്കും മുകളിലാണെന്നുംനോട്ടീസിൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി ചന്ദ്രശേഖരനു താഴെയാണ് ബ്ലോക്ക് പ്രസിഡൻറ്‌ ജ്യോതിഷ്കുമാറിന്റെ പേര് അച്ചടിച്ചതെന്നും ശ്രീകണ്ഠൻ ആരോപിച്ചു.