ഗായിക പുഷ്പവതിക്ക് ഐക്യദാർഢ്യം പാട്ടുപാടി പ്രതിഷേധിച്ചു

തിരുവനന്തപുരം : മാനവീയം വീഥിയിൽ ഗായിക പുഷ്പവതിക്ക് വിലക്കേർപ്പെടുത്തിയ കോർപ്പറേഷന്റെ നടപടിയിൽ പ്രതിഷേധിച്ച് സേവ് മാനവീയം കൂട്ടായ്മയുടെ നേതൃത്വത്തിൽ പാട്ടുപാടി പ്രതിഷേധം.
പ്രതിഷേധ പരിപാടിയായ ‘നമ്മുടെ മാനവീയം നമ്മുടെ ശബ്ദം’ പരിപാടിയിൽ പന്തളം ബാലൻ, ഷൈലജ പി. അമ്പു അടക്കമുള്ള ഗായകർ പാടി പ്രതിഷേധിച്ചു.
പുഷ്പവതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുത്തു. മുൻ എം.എൽ.എ.മാരായ കടകംപള്ളി സുരേന്ദ്രൻ, വി.കെ.പ്രശാന്ത്, ഗായകൻ പന്തളം ബാലൻ, നടൻ അലൻസിയർ, ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ജോബി, സംവിധായകൻ പ്രമോദ് പയ്യന്നൂർ, ഡി.രഘൂത്തമൻ, ആർ.പാർവതി ദേവി, എൽ.ഡി.എഫ്. പാർലമെന്ററി പാർട്ടി നേതാവ് എസ്.പി.ദീപക്ക് തുടങ്ങിയവർ പങ്കെടുത്തു. കോർപ്പറേഷൻ പ്രതിപക്ഷ കൗൺസിലർമാരും പരിപാടിയിൽ സജീവ സാന്നിധ്യമായി.
ഗായിക പുഷ്പവതിയെ അറിയില്ലെന്ന മേയറുടെ പ്രതികരണം പ്രതിഷേധാർഹമാണെന്ന് ഗായകൻ പന്തളം ബാലൻ പറഞ്ഞു. യുവതലമുറയെ ഭയക്കുന്നതുകൊണ്ടാണ് ചിലർ മാനവീയം വീഥിയിൽ നടക്കുന്ന ഇത്തരം പരിപാടികളെ എതിർക്കുവാൻ കാരണമെന്ന് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി പറഞ്ഞു. പ്രതിഷേധ സംഗീത പരിപാടി രാത്രി പത്തിന് ശേഷവും തുടർന്നു.
മാനവീയം വീഥിയുടെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ശനിയാഴ്ച വൈകീട്ട് നടത്താനിരുന്ന പുഷ്പവതിയുടെ പരിപാടിക്ക് കോർപ്പറേഷൻ അനുമതി നിഷേധിച്ചിരുന്നു. ഇത് വിവാദമായതോടെ വിശദീകരണവുമായി മേയർ വി.വി.രാജേഷ് തന്നെ രംഗത്തെത്തിയിരുന്നു. സംഘടനയ്ക്ക് ആധികാരികതയില്ലെന്ന കാരണത്താലാണ് മേയർ പരിപാടിക്ക് അനുമതി നിഷേധിച്ചതെന്നും അറിയിച്ചു.
പ്രശ്നം വിവാദമായതോടെ മന്ത്രി പി.സി.വിഷ്ണുനാഥും കോർപ്പറേഷൻ പ്രതിപക്ഷ കൗൺസിലർമാരും രംഗത്തെത്തിയിരുന്നു.