നവരാത്രിവിഗ്രഹങ്ങൾ മാതൃക്ഷേത്രങ്ങളിൽ തിരിച്ചെത്തി

നാഗർകോവിൽ : അനന്തപുരിയിലെ നവരാത്രി പൂജകളിൽ പങ്കെടുത്തശേഷം നവരാത്രിവിഗ്രഹങ്ങൾ നാഞ്ചിനാട്ടിലെ മാതൃക്ഷേത്രങ്ങളിൽ തിരിച്ചെത്തി. മൂന്നാംദിവസം യാത്ര ഞായറാഴ്ച രാവിലെ കുഴിത്തുറയിൽ നിന്നാരംഭിച്ചു. ഇടവിട്ടുപെയ്ത മഴയിൽ സ്വന്തം നാട്ടിലേക്കു തിരിച്ചെത്തിയ വിഗ്രഹങ്ങൾക്ക് വഴിനീളെ ഭക്തർ സ്വീകരണം നൽകി.

സ്വാമിയാർമഠം, മണലി, പദ്മനാഭപുരം ഭാഗങ്ങളിൽ താലപ്പൊലി സ്വീകരണം നൽകി. വൈകീട്ട്‌ നാലോടെ കോട്ടവാതിൽക്കൽ എത്തിയ വിഗ്രഹങ്ങളെ ആചാരപ്പെരുമയോടെ നാട്ടുകാർ സ്വീകരിച്ചു. തേവരക്കെട്ട് സരസ്വതിക്ഷേത്രത്തിനുമുന്നിൽ തമിഴ്നാട്, കേരള പോലീസ് സംയുക്തമായി ഗാർഡ് ഓഫ് ഓണർ നൽകി. തുടർന്ന് ദേവിയെ ഹോമപ്പുര കുളത്തിൽ എത്തിച്ച് ആറാട്ടുചടങ്ങുകൾ നടത്തി.

ഘോഷയാത്രയിൽ ഉടവാളുമായി അകമ്പടി സേവിച്ച കുമാരകോവിൽ ക്ഷേത്ര മാനേജർ മോഹൻ കുമാർ, കൊട്ടാരം ചാർജ് ഓഫീസർക്കു കൈമാറി. തുടർന്ന് ദേവിയെ മാതൃക്ഷേത്രത്തിൽ എത്തിച്ച് പ്രത്യേക പൂജ നൽകി. ഗാർഡ് ഓഫ് ഓണറിനുശേഷം കുമാരസ്വാമി കുമാരകോവിലിലേക്കു എഴുന്നള്ളി. നീലകണ്ഠസ്വാമിക്ഷേത്രത്തിൽ വിശ്രമത്തിനു കയറിയ മുന്നൂറ്റിനങ്കദേവി തിങ്കളാഴ്ച ഉച്ചയോടെ ശുചീന്ദ്രം മാതൃക്ഷേത്രത്തിൽ എത്തും.