ചപ്പാത്ത്-തിലക് നഗർ റോഡ് നവീകരിക്കുന്നില്ല

എരുത്താവൂർ : വർഷങ്ങളായി സഞ്ചാരയോഗ്യമല്ലാതെ കിടക്കുന്ന ചപ്പാത്ത്-തിലക് നഗർ റോഡ് നവീകരിക്കുന്നില്ലെന്ന് പരാതി. ഏകദേശം അരക്കിലോമീറ്റർ ദൂരമാണ് റോഡ് പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയുമായി കിടക്കുന്നത്.
കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി മഴയുണ്ടായതു കാരണം റോഡ് ഇപ്പോൾ ചെളിക്കളമായി മാറിയിട്ടുണ്ട്. ചെളിയിൽ തെന്നിവീണ് ഇരുചക്രവാഹനയാത്രക്കാർ അപകടത്തിൽപ്പെടുന്നതും ഇപ്പോൾ പതിവായിട്ടുണ്ട്.
മലയിൻകീഴ് പഞ്ചായത്തിലെ അരുവാക്കോട് വാർഡിലുൾപ്പെട്ട പ്രദേശത്ത് മറ്റു പലയിടങ്ങളിലും റോഡ് നവീകരണം നടത്തിയെങ്കിലും തിലക് നഗർ റോഡിൽ നവീകരണജോലികൾ നടത്തുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
സ്കൂൾ ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ കടന്നുപോകുന്ന വീതികുറഞ്ഞ റോഡിൽ വെള്ളക്കെട്ടിനു പരിഹാരം കാണുന്നരീതിയിൽ റോഡ് നവീകരണം നടത്തി സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.