പ്രിയദർശിനി സർവീസിന് കടുംവെട്ട്

വെള്ളറട : വനിതകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പ്രിയദർശനി ഓർഡിനറി ബസുകളിൽ മൂന്ന് എണ്ണം സിറ്റി ഫാസ്റ്റാക്കിയതായി പരാതി. ഇതോടെ ചെമ്പൂര്-കാട്ടാക്കട റൂട്ടിൽ യാത്രാക്ലേശം രൂക്ഷമെന്നും മണിക്കൂറുകൾ കാത്തുനിന്നാലേ പ്രിയദർശനി സർവീസുകളിൽ കയറാൻ കഴിയൂവെന്നും വനിതായാത്രികർ പറയുന്നു.
മലയോരത്തെ മികച്ച ഡിപ്പോകളിൽ ഒന്നാണിത്. പ്രവർത്തനമികവിൽ തുടർച്ചയായി ജില്ലയിലെ മികച്ച ഡിപ്പോയ്ക്കുള്ള പുരസ്കാരവും അടുത്തിടെ ലഭിച്ചിരുന്നു. പ്രതിദിനം 45 സർവീസുകളാണ് നടത്തുന്നത്. ഇതിൽ 11 ഫാസ്റ്റ് പാസഞ്ചറും 31 ഓർഡിനറി സർവീസുകളുമാണ്. ഓർഡിനറി സർവീസുകൾ അധികവും പാറശ്ശാല, നെയ്യാറ്റിൻകര റൂട്ടുകളിലാണ് നടത്തുന്നത്. കുറച്ചു മാത്രമാണ് കാട്ടാക്കട റൂട്ടിലോടുന്നത്. എന്നാൽ, ഫാസ്റ്റ് പാസഞ്ചറിൽ ഭൂരിഭാഗവും കാട്ടാക്കട-തിരുവനന്തപുരം റൂട്ടിലാണുള്ളത്. നെയ്യാറ്റിൻകര റൂട്ടിൽ രണ്ടും.
നിലവിൽ ഫാസ്റ്റ് ബസുകളിൽ പലതും പഴക്കംചെന്നവയാണ്. സർവീസിനിടയിൽ കേടായാൽ പകരം ഓടിക്കാൻ ബസില്ലാത്ത അവസ്ഥയിലാണ്. കഴിഞ്ഞയാഴ്ച അഞ്ച് ഫാസ്റ്റ് പാസഞ്ചർ ബസുകൾ കേടായി. അതിനാൽ ആറ് ബസുകൾ ഉപയോഗിച്ചാണ് സർവീസുകൾ നടത്തിയത്. യാത്രാക്ലേശം രൂക്ഷമായതോടെ മൂന്ന് ഓർഡിനറി ബസുകളെ സിറ്റി ഫാസ്റ്റാക്കി. സർവീസുകൾ വെട്ടിക്കുറച്ചില്ലെന്നും അധികൃതർ പറഞ്ഞു.
കേടാകുന്ന ബസുകളുടെ അറ്റകുറ്റപ്പണികൾ നടത്താനുള്ള സജ്ജീകരണവും പരിമിതമാണ്. ആനപ്പാറയിൽ പ്രവർത്തിക്കുന്ന വർക്ഷോപ്പിൽ റാമ്പുമില്ല. മഴയെത്തിയാൽ വർക്ഷോപ്പും പരിസരവും വെള്ളം നിറയും. അതിനാൽ അറ്റകുറ്റപ്പണി നടത്താൻ ജീവനക്കാർ ഏറെ ബുദ്ധിമുട്ടുന്നു. വെളിച്ചക്കുറവ് കാരണം രാത്രിയായാൽ ഡിപ്പോയും പരിസരവും ഇരുട്ടിലാaകും. ഈസമയം തെരുവുനായ്ക്കളുടെ താവളമായി മാറുകയാണെന്ന പരാതിയുമുണ്ട്. മലയോരമേഖലയിലെ യാത്രാക്ലേശം പരിഹരിക്കാനായി കൂടുതൽ ബസുകൾ അനുവദിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.