പൈതൃകമന്ദിരം സംരക്ഷിക്കാൻ നടപടിയില്ല; പെരുങ്കടവിള പകുതി കച്ചേരി നാശത്തിലേക്ക്

മന്ദിരം പുരാവസ്തുവകുപ്പിന് കൈമാറണമെന്ന് പരിസ്ഥിതി സംഘടന
നെയ്യാറ്റിൻകര : തിരുവിതാംകൂർ രാജഭരണകാലത്തെ അവശേഷിപ്പായ പെരുങ്കടവിള വില്ലേജ് ഓഫീസ് പ്രവർത്തിച്ചിരുന്ന 'പകുതി കച്ചേരി' മന്ദിരം സംരക്ഷണമില്ലാതെ നാശത്തിലേക്ക്.
പൈതൃകമന്ദിരം പുരാവസ്തുവകുപ്പിന് കൈമാറി സംരക്ഷിക്കണമെന്ന പരിസ്ഥിതിസംഘടനകളുടെ ആവശ്യം സർക്കാർ പരിഗണിക്കുന്നില്ല.
രാജഭരണകാലത്തെ വിവിധ തരത്തിലുള്ള വ്യവഹാരങ്ങൾ തീർപ്പ് കല്പിക്കുന്ന കേന്ദ്രമായിരുന്നു പകുതി കച്ചേരി. പെരുങ്കടവിള പഴയ ചെക്പോസ്റ്റ് കവലയിലാണ് പകുതി കച്ചേരി സ്ഥിതി ചെയ്യുന്നത്. രാജഭരണകാലം മാറി ജനാധിപത്യസർക്കാർ വന്നതിന് പിന്നാലെ പകുതി കച്ചേരി വില്ലേജ് ഓഫീസിനായി വഴിമാറി.
നാല്പത് സെന്റ് സ്ഥലത്തിലെ പകുതി കച്ചേരിയിലായിരുന്നു ദീർഘകാലം വില്ലേജ് ഓഫീസ് പ്രവർത്തിച്ചിരുന്നത്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് പകുതി കച്ചേരിക്ക് തൊട്ടടുത്തായി പുതിയ വില്ലേജ് ഓഫീസ് മന്ദിരം പണിയുകയും ഓഫീസ് ഇതിലേക്ക് മാറുകയും ചെയ്തു. പുതിയ കെട്ടിടത്തിൽ വില്ലേജ് ഓഫീസ് മാറിയതോടെ പഴയ പൈതൃകമന്ദിരത്തെ നവീകരിക്കാനോ സംരക്ഷിക്കാനോ റവന്യൂവകുപ്പ് തയ്യാറായില്ല.
രാജഭരണകാലത്തെ മുദ്ര അടയാളപ്പെടുത്തിയ പകുതി കച്ചേരി ഇപ്പോൾ സംരക്ഷണമില്ലാതെ നശിക്കുകയാണ്. ഇതിന്റെ മേൽക്കൂര ഭാഗികമായി തകർന്ന നിലയിലാണ്. മാത്രവുമല്ല ചുമരിനും കേടുപാടുകളുണ്ടായി.
ഓടുകൾ പൊട്ടിയത് കാരണം മഴക്കാലത്ത് വെള്ളം കെട്ടിടത്തിനകത്ത് ഇറങ്ങുന്നതിനാൽ തടികൊണ്ടുള്ള മേൽക്കൂരയും നശിച്ചുതുടങ്ങിയിരിക്കുകയാണ്.
തുടർച്ചയായി മഴ പെയ്താൽ മേൽക്കൂര നിലംപൊത്തുമെന്ന സ്ഥിതിയിലാണ്. മാത്രവുമല്ല ചുമരും തകർന്നുവീഴുന്ന നിലയിലാണ്.
രാജഭരണകാലത്തെ ചരിത്രം പേറുന്ന മന്ദിരം സംരക്ഷിച്ച് നിലനിർത്തണമെന്ന നാട്ടുകാരുടെ ആവശ്യം നടപ്പിലാക്കാൻ റവന്യൂവകുപ്പ് തയ്യാറാകുന്നില്ല. പൈതൃകമന്ദിരം സംരക്ഷിക്കാനായി പെരുങ്കടവിള പഞ്ചായത്തും യാതൊരു നടപടിയും സ്വീകരിക്കുന്നില്ല.
പുതിയ വില്ലേജ് ഓഫീസ് ഉദ്ഘാടനവേളയിൽ തണൽവേദിയെന്ന പരിസ്ഥിതിസംഘടന പകുതി കച്ചേരി മന്ദിരം പുരാവസ്തുവകുപ്പിന് കൈമാറണമെന്ന ആവശ്യവുമായി മന്ത്രിയായിരുന്ന അടൂർ പ്രകാശിന് നിവേദനം നൽകിയിരുന്നു.
മന്ദിരം പുരാവസ്തുവകുപ്പിന് കൈമാറുകയും കെട്ടിടം നവീകരിച്ച് സംരക്ഷിക്കുകയും വേണമെന്ന് തണൽവേദി ജനറൽ സെക്രട്ടറി എസ്. ഉണ്ണിക്കൃഷ്ണൻ ആവശ്യപ്പെട്ടു. സർക്കാർ നടപടി സ്വീകരിക്കുന്നില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും എസ്. ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.