ഇടിഞ്ഞുവീഴാറായി കത്തിപ്പാറയിലെ കാത്തിരിപ്പുകേന്ദ്രം

വെള്ളറട : തട്ടിലെ കോൺക്രീറ്റ് പാളികളായി അടർന്നുവീണ് അപകടങ്ങൾ. ചുവരുകളും തൂണുകളും വിള്ളലുണ്ടായി തകർച്ചയുടെ വക്കിൽ. എന്നിട്ടും ജീർണാവസ്ഥയിലുള്ള ബസ് കാത്തിരിപ്പുകേന്ദ്രത്തിന്റെ പുനർനിർമാണത്തിനു നടപടികളുണ്ടാകുന്നില്ലെന്ന് പരാതി.

അതിർത്തിയോടു ചേർന്നുകിടക്കുന്ന മലയോരമേഖലയിലെ പ്രധാന കവലകളിലൊന്നായ കത്തിപ്പാറയിലെ ബസ് കാത്തിരിപ്പുകേന്ദ്രമാണ് അധികൃതരുടെ അവഗണനയിൽ ഏറെ ശോച്യാവസ്ഥയിലുള്ളത്.

നാട്ടുകാരുടെ നിരന്തര നിവേദനങ്ങൾക്കൊടുവിൽ വർഷങ്ങൾക്കു മുൻപാണ് ഇവിടെ രണ്ട് മുറികളുള്ള ബസ് കാത്തിരിപ്പുകേന്ദ്രം നിർമിച്ചത്. നിർമാണത്തിലെ അപാകത്താലും കാലപ്പഴക്കത്താലും അതിപ്പോൾ ജീർണാവസ്ഥയിലാണ്.

മേൽക്കൂരയുടെ അടിഭാഗത്തുള്ള കോൺക്രീറ്റ് പാളികളായി അടർന്ന് യാത്രക്കാരുടെ ദേഹത്തുവീണ് അപകടങ്ങളുണ്ടായി. ഇക്കാരണത്താൽ മഴയത്തുപോലും യാത്രക്കാർ ഇതിനകത്തുകയറാതെ പുറത്താണ് ബസ് കാത്തുനിൽക്കുന്നത്.

മുൻവശത്തെ രണ്ട് തൂണുകളും പുറകിലെയും വശങ്ങളിലെയും ഭിത്തികളും വിള്ളലുണ്ടായി ഏതുനിമിഷവും ഇടിഞ്ഞുവീഴാമെന്ന അവസ്ഥയിലാണ്.

വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ ഇവിടെനിന്നാണ് ബസിലും സ്കൂൾവാനിലും മറ്റു വാഹനങ്ങളിലും കയറുന്നത്. കൂടാതെ അവധിദിവസങ്ങളിൽ അതിർത്തിയിലെ ചീറ്റാർ ഡാമും സമീപ അണക്കെട്ടുകളും തൃപ്പരപ്പും കാണാനായി ബൈക്കുകളിലെത്തുന്നവരും മഴയത്ത് ഈ കാത്തിരിപ്പുകേന്ദ്രങ്ങളിൽ ഇരിക്കാറുണ്ട്.

കനത്ത മഴ പെയ്യുന്ന വേളകളിൽ ഈ കെട്ടിടത്തിന്റെ ജീർണാവസ്ഥ നാട്ടുകാരിൽ ആശങ്കയും സൃഷ്ടിക്കുന്നുണ്ട്.

വൻ ദുരന്തം സംഭവിക്കുന്നതിനുമുൻപ്‌ ഈ കാത്തിരിപ്പുകേന്ദ്രത്തിന്റെ പുനർനിർമാണം സാധ്യമാക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.

നാടുനീളെ അത്യാധുനികരീതിയിലുള്ള കാത്തിരിപ്പുകേന്ദ്രങ്ങൾ ഉയരുമ്പോൾ കത്തിപ്പാറയിലെ യാത്രികരുടെ ദുരവസ്ഥ അധികൃതർ കണ്ടില്ലെന്നു നടിക്കുന്നുവെന്നുള്ള ആരോപണങ്ങളും ശക്തമാകുന്നു.