മംഗലയ്ക്കൽ-കുളത്തോട്ടുമല റോഡിൽ വെള്ളക്കെട്ട്

കാട്ടാക്കട : കാട്ടാക്കട പഞ്ചായത്തിലെ മംഗലയ്ക്കൽ-കുളത്തോട്ടുമല റോഡിൽ രൂപപ്പെടുന്ന വെള്ളക്കെട്ട് നാട്ടുകാരെ വലയ്ക്കുന്നു. ചെറിയൊരു മഴപെയ്താൽപോലും റോഡിൽ മുട്ടോളം വെള്ളം കെട്ടിനിൽക്കുകയാണ്. പരിസരത്തെ മാലിന്യം ഉൾപ്പെടെ വെള്ളത്തിൽ കലർന്നതോടെ ദുർഗന്ധവുമുണ്ട്. ഈ വെള്ളത്തിലൂടെയാണ് കുട്ടികൾ ഉൾപ്പെടെയുള്ള വഴിയാത്രക്കാർ പോകുന്നത്. നിരവധി കുടുംബങ്ങളുടെ ആശ്രയമായ റോഡിൽ അടുത്തിടെ കുറച്ച് മണ്ണുകൊണ്ടിട്ട് വെള്ളക്കെട്ട് ഒഴിവാക്കാൻ നോക്കിയെങ്കിലും ഇത് ചെളിക്കെട്ടുണ്ടാകാൻ കാരണമായതായി പ്രദേശവാസികൾ പറയുന്നു.
വെള്ളക്കെട്ടിനു പരിഹാരം ഉണ്ടായില്ലെങ്കിൽ പഞ്ചായത്തിനുമുന്നിൽ സമരം സംഘടിപ്പിക്കാൻ തീരുമാനിച്ചതായി മംഗലയ്ക്കൽ റെസിഡെൻസ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. റോഡിൽ നിറയുന്ന വെള്ളം ഒഴുകിപ്പോകാൻ ചെറിയൊരു ചാൽ ഉണ്ടായിരുന്നു. അത് ഒരു സ്വകാര്യവ്യക്തി മതിൽകെട്ടി അടച്ചതോടെയാണ് ഇവിടെ സ്ഥിരമായി വെള്ളംകെട്ടാൻ കാരണമായതെന്നും വിഷയം പഞ്ചായത്ത് കമ്മിറ്റിയിൽ അവതരിപ്പിച്ചിട്ടുണ്ടെന്നും ഉടൻ പരിഹാരം ഉണ്ടാകുമെന്നും പഞ്ചായത്തംഗം ശൈലജ പറഞ്ഞു.