വെള്ളനാട്ടെ മാലിന്യസംസ്കരണ പ്ലാന്റ്; ഇന്നും വാഗ്ദാനം മാത്രം

വെള്ളനാട് : വെള്ളനാട് ഗ്രാമപ്പഞ്ചായത്തിൽ മാലിന്യസംസ്കരണ പ്ലാന്റ് സ്ഥാപിക്കുമെന്ന അധികൃതരുടെ വാഗ്ദാനത്തിനു വർഷങ്ങളുടെ പഴക്കം. പ്ലാന്റ് സ്ഥാപിക്കാനുള്ള നടപടികൾ മാത്രം ഉണ്ടാകുന്നില്ല.
ഗംഗാമലയിലെ പഞ്ചായത്ത് ശ്മശാനത്തിനടുത്ത് മാലിന്യസംസ്കരണ പ്ലാന്റ് സ്ഥാപിക്കാൻ മുൻ പഞ്ചായത്ത് ഭരണസമിതി 35 ലക്ഷത്തോളം രൂപ വകയിരുത്തിയിരുന്നു. 90 സെൻറ് സ്ഥലം കണ്ടെത്തുകയും ചെയ്തു. കരാർ നടപടികളിലേക്കു കടക്കാൻ കഴിഞ്ഞില്ല. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി പ്ലാന്റ് സ്ഥാപിക്കാൻ നടത്തിയ
നടപടി നിലവിലെ പഞ്ചായത്ത് അധികൃതർ മുന്നോട്ടുകൊണ്ടുപോകുന്നില്ലെന്നാണ് ആക്ഷേപം. വിവിധ പ്രദേശങ്ങളിൽ മാലിന്യങ്ങൾ കുന്നുകൂടുന്ന സ്ഥിതിയാണ്. ഏലാപ്രദേശങ്ങളിലെ നീർച്ചാലുകളിലും കാടുപിടിച്ചുകിടക്കുന്ന സ്ഥലങ്ങളിലും പ്ലാസ്റ്റിക് ചാക്കുകളിൽ നിറച്ച മാലിന്യങ്ങൾ തള്ളുന്നതും പതിവായിട്ടുണ്ട്. കുളക്കോട്ടുനിന്ന് അരുവിക്കരയിലേക്കുപോകുന്ന റോഡിൽ അസംബ്ലീസ് ഓഫ് ഗോഡ് ചർച്ചിനു സമീപത്തെ വളവിലും വെള്ളനാട് ഭഗവതിക്ഷേത്രത്തിൽനിന്ന് വാളിയറയിലേക്ക് എളുപ്പത്തിൽ പോകുന്നതിനു നാട്ടുകാർ ഉപയോഗിക്കുന്ന റോഡിന്റെ പരിസരങ്ങളിലും മാലിന്യംതള്ളൽ വ്യാപകമാണ്. രാത്രികാലങ്ങളിൽ റോഡിൽ ആളൊഴിയുമ്പോൾ മാലിന്യം വാഹനങ്ങളിൽ കൊണ്ടുവന്നു തള്ളുകയാണ് പതിവ്.
ആളൊഴിഞ്ഞ പ്രദേശങ്ങളിലും റോഡുകളുടെ വളവുകളിലും മാലിന്യം വലിച്ചെറിയുന്നത് പതിവായിട്ടുണ്ട്. കുളക്കോട്-മേലാംകോട്-കൂവക്കുടി, അനൂപ് അവന്യു റോഡ് എന്നിവിടങ്ങളിൽ സ്ഥിരമായി മാലിന്യംതള്ളുകയാണ്. ഗാന്ധിജയന്തിയോടനുബന്ധിച്ച് വിവിധ സംഘടനകൾ ചില സ്ഥലങ്ങളിൽ ശുചീകരണം നടത്തിയെങ്കിലും മാലിന്യംതള്ളൽ തുടരുകയാണ്. കെ.എസ്.ആർ.ടി.സി. ഡിപ്പോയ്ക്ക് സമീപത്തെ ബാങ്കിനു പുറകിലും മാലിന്യംതള്ളുന്നത് പതിവായിട്ടുണ്ട്. തലസ്ഥാന നഗരിയിലെ ചില പ്രദേശങ്ങളിൽനിന്നു മാലിന്യങ്ങൾ വാഹനങ്ങളിലെത്തിച്ച് വെള്ളനാടിന്റെ ആളൊഴിഞ്ഞ പ്രദേശങ്ങളിൽ തള്ളുന്നുണ്ടെന്ന് ആക്ഷേപമുണ്ട്. അരുവിക്കര ജലസംഭരണിയോടുചേർന്നുള്ള നിരവധി റിസർവോയർ പ്രദേശങ്ങൾ വെള്ളനാട് പഞ്ചായത്തിലുണ്ട്. വെള്ളനാട്ടെ വിവിധ പ്രദേശങ്ങളിലിടുന്ന മാലിന്യങ്ങൾ മഴക്കാലത്ത് ഇവിടേക്ക് ഒഴുകിയെത്തും. ഇതു ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കും.