പാങ്ങോട്-പഴവിള റോഡ് തകർന്നു; യാത്രക്കാർ ദുരിതത്തിൽ

കല്ലറ : പാങ്ങോട്-പഴവിള റോഡിൽ യാത്രാദുരിതം. വർഷങ്ങളായി പൊളിഞ്ഞുകിടക്കുന്ന റോഡിൽ കുഴികളും വെള്ളക്കെട്ടുംകൂടിയായതോടെ നടന്നുപോലും പോകാൻപറ്റാത്ത സ്ഥിതിയാണ്. റോഡിന്റെ നവീകരണത്തിനായി 25 ലക്ഷം രൂപ ഏപ്രിൽ മാസത്തിൽ അനുവദിച്ചിരുന്നു. ഇതുപയോഗിച്ച് കുറച്ചുഭാഗം കോൺക്രീറ്റ് ചെയ്യുകയും ഇന്റർലോക് സ്ഥാപിക്കുകയും ചെയ്തു. അതിനുശേഷം പണികളൊന്നും നടന്നിട്ടില്ല. ഇന്റർലോക്കിട്ട ഭാഗംകൂടി ഇപ്പോൾ പൊളിഞ്ഞിളകിത്തുടങ്ങി. ഇതോടെ പ്രദേശവാസികളാകെ കഷ്ടത്തിലായി.

പാങ്ങോട് ഗവ. എൽ.പി.എസ്., ഹെർക്കുലീസ് മോഡൽ സ്‌കൂൾ, കെ.വി.യു.പി.എസ്. പാങ്ങോട്, എന്നീ മൂന്ന് സ്‌കൂളുകളിലായി ആയിരത്തഞ്ഞൂറോളം കുട്ടികൾ പഠിക്കുന്നുണ്ട്. സ്‌കൂൾ വാഹനങ്ങളടക്കം നിരവധി വാഹനങ്ങൾ ഈ റോഡിലൂടെ ദിവസവും സഞ്ചരിക്കുന്നുണ്ട്. റോഡിന്റെ ശോചനീയാവസ്ഥ കാരണം പലപ്പോഴും ടാക്‌സി വാഹനങ്ങൾ ഈ ഭാഗത്തേക്ക് സർവീസ് നടത്താറില്ല. സ്വകാര്യബസുണ്ടെങ്കിലും പലപ്പോഴും അവരും ട്രിപ്പ് മുടക്കാറുണ്ട്.

പാങ്ങോട്ട് നിന്നും കല്ലറ ജങ്ഷനിലെത്താതെ പാട്ടറ, ചെറുവാളം, നെടുമങ്ങാട് ഭാഗത്തേക്കു പോകാവുന്ന പ്രധാന റോഡാണിത്. ഇരുപത് വർഷം മുൻപാണ് ഈ റോഡ് റീടാർ ചെയ്തത്. അറുന്നൂറോളം കുടുംബങ്ങൾ താമസിക്കുന്ന ഈ പ്രദേശത്തെ പ്രധാനപാതയാണിത്. പ്രദേശത്തുള്ളവർക്ക് എന്താവശ്യത്തിനും ഈ റോഡിനെ ആശ്രയിക്കണം. മഴയായാൽ വെള്ളക്കെട്ടും വെയിലായാൽ പൊടിശല്യവും കാരണം നാട്ടുകാർ പൊറുതിമുട്ടിയിരിക്കുകയാണ്. മഴപെയ്ത് റോഡിൽ വെള്ളക്കെട്ടായാൽ സ്‌കൂളിലേക്കു നടന്നുപോകുന്ന കുട്ടികൾ ഏറെ പ്രയാസപ്പെട്ടാണ് യാത്ര ചെയ്യുന്നത്.

ഇരുചക്രവാഹനയാത്രക്കാർ റോഡിലെ കുഴികളിൽവീണ് അപകടം പറ്റുന്നതും ഇവിടെ പതിവാണ്. റോഡുനന്നാക്കാൻ അടിയന്തര ഇടപെടലുണ്ടാകണമെന്ന ആവശ്യത്തിലാണ് നാട്ടുകാർ. എം.എൽ.എ.യ്ക്ക് നിവേദനം നല്കിയിട്ടുണ്ടെന്നും ഉടൻ പരിഹാരമുണ്ടാകുമെന്നും പഞ്ചായത്തധികൃതർ പറയുന്നുണ്ട്. ശക്തമായ ഇടപെടലുണ്ടായില്ലെങ്കിൽ പ്രത്യക്ഷപ്രതിഷേധങ്ങളുമായി രംഗത്തിറങ്ങാനാണ് നാട്ടുകാരുടെ തീരുമാനം.