പ്രഖ്യാപനത്തിലൊതുങ്ങി സേതുലക്ഷ്മിപുരം ‘ഹൈടെക്’ ചന്ത

വാഴക്കുലകൾ, പച്ചക്കറികൾ, കിഴങ്ങുവർഗങ്ങൾ എന്നിവ ഇടനിലക്കാരുടെ ചൂഷണമില്ലാതെ കർഷകർ വിറ്റഴിച്ചിരുന്നത് ഈ ചന്തയിലൂടെയായിരുന്നു. ഇപ്പോൾ ഉത്പന്നങ്ങൾ വിറ്റഴിക്കാൻ മാർഗമില്ലാതെ കർഷകർ വലയുകയാണ്.
പാറശ്ശാല : വികസനസ്വപ്നങ്ങളും ‘ഹൈടെക്ക്’ പ്രഖ്യാപനങ്ങളും കടലാസിൽ മാത്രം ഒതുങ്ങിയതോടെ ചെങ്കൽ ഗ്രാമപ്പഞ്ചായത്തിനു കീഴിലുള്ള ഉദിയൻകുളങ്ങര സേതുലക്ഷ്മിപുരം പബ്ലിക് ചന്ത നാശത്തിന്റെ വക്കിൽ. അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തതമൂലം കച്ചവടക്കാർ കൂട്ടത്തോടെ ചന്ത ഉപേക്ഷിച്ചുപോവുകയാണ്. ചെങ്കൽ കാർഷികമേഖലയിലെ ഉത്പന്നങ്ങളുടെ പ്രധാന വിപണന കേന്ദ്രമായിരുന്ന ഈ മാർക്കറ്റിന്റെ തകർച്ച പ്രദേശത്തെ നൂറുകണക്കിനു കർഷകർക്കും കനത്ത തിരിച്ചടിയായിരിക്കുകയാണ്.
കഴിഞ്ഞ സർക്കാരിന്റെ കാലത്തെ പ്രധാന വികസനവാഗ്ദാനങ്ങളിലൊന്നായിരുന്നു ഉദിയൻകുളങ്ങര ചന്തയെ ആധുനിക സൗകര്യങ്ങളോടെയുള്ള ‘ഹൈടെക്ക്’ ചന്തയാക്കിമാറ്റുമെന്നത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി പ്രത്യേക പദ്ധതി തയ്യാറാക്കുകയും, തൊഴിലുറപ്പുപദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കാനുള്ള നടപടിക്രമങ്ങൾ തുടങ്ങുകയും ചെയ്തിരുന്നു. എന്നാൽ, കിഫ്ബി ഫണ്ട് വഴി വിപുലമായ രീതിയിൽ നിർമാണം നടത്താമെന്ന് സർക്കാരിൽനിന്ന് ഉറപ്പു ലഭിച്ചതിനെത്തുടർന്ന് പഞ്ചായത്ത് പദ്ധതിനടത്തിപ്പു വൈകിപ്പിക്കുകയായിരുന്നു. നിർഭാഗ്യവശാൽ, വർഷങ്ങൾ പിന്നിട്ടിട്ടും കിഫ്ബി ഫണ്ട് ലഭിക്കുകയോ, പഴയ പദ്ധതിപ്രകാരമുള്ള നിർമാണം നടക്കുകയോ ചെയ്തില്ല. ഇതോടെ ചന്തയുടെ നവീകരണം പൂർണമായും അനിശ്ചിതത്വത്തിലായി.
നിലവിൽ ചന്തയ്ക്കുള്ളിൽ കച്ചവടം നടത്തുന്നവർ കടുത്ത ദുരിതമാണു നേരിടുന്നത്. മതിയായ മേൽക്കൂരയോ തണലോ ഇല്ലാത്തതിനാൽ മഴയും കടുത്ത വെയിലും നേരിട്ടേറ്റാണ് പലരും ഇവിടെ കച്ചവടം നടത്തുന്നത്. മഴപെയ്താൽ ചന്തയ്ക്കുള്ളിൽ വെള്ളക്കെട്ടും ചെളിയും നിറയുന്നതു പതിവാണ്. ശുചിമുറികളോ, മാലിന്യസംസ്കരണ സംവിധാനങ്ങളോ കുടിവെള്ളസൗകര്യമോ ഇവിടെയില്ല. രാത്രിയിൽ മതിയായ വെളിച്ചമില്ലാത്തതും വലിയ സുരക്ഷാഭീഷണി ഉയർത്തുന്നുണ്ട്. സൗകര്യങ്ങളുടെ അഭാവം കാരണം ഉപഭോക്താക്കൾ ചന്തയിലേക്ക് എത്തുന്നത് കുറഞ്ഞതോടെ കച്ചവടം നഷ്ടത്തിലായി. ഇതോടെയാണ് വ്യാപാരികൾ ചന്ത ഉപേക്ഷിച്ച് മറ്റിടങ്ങളിലേക്കു പോകാൻ നിർബന്ധിതരായത്. ചെങ്കൽ പഞ്ചായത്തിലെയും സമീപപ്രദേശങ്ങളിലെയും കർഷകരുടെ ഏക ആശ്രയമായിരുന്നു സേതുലക്ഷ്മിപുരം ചന്ത.
വാഴക്കുലകൾ, പച്ചക്കറികൾ, കിഴങ്ങുവർഗങ്ങൾ എന്നിവ ഇടനിലക്കാരുടെ ചൂഷണമില്ലാതെ കർഷകർ വിറ്റഴിച്ചിരുന്നത് ഈ ചന്തയിലൂടെയായിരുന്നു. ഇപ്പോൾ ഉത്പന്നങ്ങൾ വിറ്റഴിക്കാൻ മാർഗമില്ലാതെ കർഷകർ വലയുകയാണ്. താലൂക്കിലെതന്നെ പ്രധാന ചന്തയായിരുന്ന ആറാലുംമൂട് ചന്തയുടെ പ്രവർത്തനം നിലച്ചതോടെ കച്ചവടക്കാരും ഉപഭോക്താക്കളും വലിയതോതിൽ സേതുലക്ഷ്മിപുരം ചന്തയിലേക്ക് എത്തിയിരുന്നു. എന്നാൽ ഉപഭോക്താക്കൾക്കും കച്ചവടക്കാർക്കും അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കിനൽകുന്നതിൽ അധികൃതരുടെ ഭാഗത്തുനിന്ന് വീഴ്ചവന്നതോടെ വളരെയേറെ കച്ചവടക്കാരും ഉപഭോക്താക്കളും ചന്തയെ ഉപേക്ഷിച്ചു. ഈ ഗതി തുടർന്നാൽ ആറാലുംമൂട് ചന്തയ്ക്ക് സമാനമായി സേതുലക്ഷ്മിപുരം ചന്തയും അടച്ചുപൂട്ടേണ്ടിവരുമെന്ന ഭീതിയിലാണ് പ്രദേശവാസികൾ.
പ്രഖ്യാപിച്ച ഹൈടെക്ക് പദ്ധതി എത്രയുംവേഗം നടപ്പിലാക്കണമെന്നും മാർക്കറ്റിലെ അടിസ്ഥാനസൗകര്യങ്ങൾ അടിയന്തരമായി പുനഃസ്ഥാപിക്കണമെന്നുമാണ് വ്യാപാരികളുടെയും കർഷകരുടെയും ആവശ്യം.