നാഗമണ്ഡലം കുളത്തിന്റെ നവീകരിച്ച ചുറ്റുമതിൽ തകർന്നു

മലയിൻകീഴ് : മണപ്പുറം വാർഡിൽ നാഗമണ്ഡലം കുളത്തിന്റെ ചുറ്റുമതിൽ തകർന്നു. കഴിഞ്ഞ മലയിൻകീഴ് പഞ്ചായത്ത് ഭരണസമിതി പത്തുലക്ഷംരൂപ ചെലവ് കണക്കാക്കി നവീകരണം നടത്തിയ ചുറ്റുമതിലിന്റെ പകുതിയോളം ഭാഗമാണ് തകർന്നത്.
5,20,000 രൂപ കരാറുകാരന് കൈമാറിയിട്ടുണ്ട്. നവീകരണത്തിന്റെ ഭാഗമായി വശങ്ങളിൽ കൈവരികൾ പിടിപ്പിക്കുന്ന ജോലി നടന്നിട്ടില്ല.
നിർമ്മാണത്തിലെ അപാകമാണ് ചുറ്റുമതിൽ തകർന്നതിന് കാരണമെന്ന് ആരോപണമുണ്ട്.
കോൺക്രീറ്റ് ചെയ്യുന്നതിനുപകരം വശങ്ങളിൽ ഹോളോബ്രിക്സ് ഉപയോഗിച്ച് കെട്ടിയതാണ് തകർച്ചയ്ക്കു കാരണമായി പറയുന്നത്.
കഴിഞ്ഞ ദിവസം കുളത്തിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന ചടങ്ങ് നടത്തിയിരുന്നു. കുട്ടികളുൾപ്പെടെ നിരവധിപേർ അവിടെയുണ്ടായിരുന്നു. അപകടം മറ്റൊരു സമയത്തായതിനാൽ ദുരന്തം ഒഴിവായി.
കുളത്തിന്റെ ഒരുഭാഗത്ത് പഞ്ചായത്ത് റിലാക്സ് പാർക്ക് ഒരുക്കിയിട്ടുണ്ട്. രാവിലെയും വൈകീട്ടും നിരവധി പേർ നടക്കുന്ന സ്ഥലമാണിത്. സംഭവത്തിൽ വിജിലൻസ് അന്വേഷണം വേണമെന്ന് വാർഡ് അംഗം എൻ. ഷാജി ആവശ്യപ്പെട്ടു.