അരനൂറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ നെടുമങ്ങാട്ട് ഐ.ടി.ഐ.

നെടുമങ്ങാട് : അരനൂറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ നെടുമങ്ങാട് മണ്ഡലത്തിൽ ഐ.ടി.ഐ. വരുന്നു. വ്യാഴാഴ്ച വൈകീട്ട് മന്ത്രി ഷിബു ബേബിജോൺ ഉദ്ഘാടനം ചെയ്യും. നഗരസഭയുടെ ടൗൺഹാളിനോടനുബന്ധിച്ചാണ് സ്ഥാപനം പ്രവർത്തിക്കുന്നത്.
നെടുമങ്ങാടിന്റെ ചിരകാല സ്വപ്നമാണ് ഇതോടെ യാഥാർഥ്യമാകുന്നത്. ഗവ. ഐ.ടി.ഐ. കഴിഞ്ഞ സർക്കാരിന്റെ അവസാന നാളുകളിലാണ് അനുവദിച്ചത്. ഉദ്ഘാടനയോഗത്തിൽ ജി.ആർ.അനിൽ എം.എൽ.എ. അധ്യക്ഷനാകും. അടൂർ പ്രകാശ് എം.പി., എ.എ.റഹീം എം.പി., നഗരസഭാ ചെയർമാൻ അഡ്വ. ആർ.ജയദേവൻ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ എന്നിവർ സംസാരിക്കും.
ടൗൺ ഹാളിന്റെ സ്ഥലത്ത് പ്രത്യേക സൗകര്യം ഒരുക്കിക്കൊണ്ടാണ് സ്ഥാപനം തുടങ്ങുന്നത്. പ്രിൻസിപ്പലിന്റെ ഓഫീസ്, വർക്ഷോപ്പ്, സ്റ്റുഡിയോ, ആറ് ക്ലാസ് മുറികൾ, രണ്ട് കംപ്യൂട്ടർ ലാബുകൾ, ഒരു സ്റ്റോർ റൂം, ടോയ്ലെറ്റ് റൂം, ഉൾപ്പെടെ 9000 ചതുരശ്രയടി സ്ഥലമാണ് നഗരസഭ ഐ.ടി.ഐ.ക്കുവേണ്ടി വിട്ടുനൽകിയത്. ഇതിനായി 50 ലക്ഷത്തോളം രൂപയാണ് വിനിയോഗിച്ചിട്ടുള്ളത്.
അഡ്മിഷൻ തുടങ്ങാൻ രണ്ടുമാസം വൈകിയെങ്കിലും ഇതിനകം 156 വിദ്യാർഥികൾ പ്രവേശനം നേടിയിട്ടുണ്ട്. ഫിറ്റർ, വെൽഡർ, കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, മൾട്ടിമീഡിയ, അനിമേഷൻ ആൻഡ് സ്പെഷ്യൽ ഇഫക്ടസ് എന്നീ കോഴ്സുകളാണ് ആദ്യഘട്ടത്തിൽ ആരംഭിക്കുന്നത്.