നവീകരണമില്ലാതെ മരുതത്തൂർ പാവൂർ കുളം

നെയ്യാറ്റിൻകര : നവീകരണമില്ലാതെ നഗരസഭയിലെ മരുതത്തൂർ വാർഡിലെ പാവൂർ കുളം നശിക്കുന്നു. മൂന്നുവർഷംമുൻപ് പത്തുലക്ഷം മുടക്കി നവീകരിച്ച കുളം പുല്ലും പായലും നിറഞ്ഞനിലയിലാണ്.

മരുതത്തൂർ ഏലായിൽ ജലസേചനമെത്തിക്കുന്ന പ്രധാന കുളമാണ് പാവൂർ കുളം. കാർഷിക ആവശ്യത്തിനു മാത്രമല്ല, നാട്ടുകാർ കുളിക്കാനും തുണികൾ അലക്കാനും ഉപയോഗിച്ചിരുന്ന കുളം ഇപ്പോൾ ചെളിയും നിറഞ്ഞ് പുല്ലും പായലും വളർന്ന് നാശത്തിന്റെ വക്കിലായിരിക്കുകയാണ്.

കഴിഞ്ഞ നഗരസഭാ ഭരണസമിതിയുടെ കാലത്ത് പാവൂർ കുളം നവീകരിച്ചിരുന്നു. ചെളികോരി, പായലും പുല്ലും നീക്കിയാണ് നവീകരണം നടത്തിയത്. എന്നാൽ, നവീകരണം കഴിഞ്ഞതിനു പിന്നാലെ കുളത്തിൽ വീണ്ടും പുല്ലും പായലും വളർന്നു. കുളത്തിനുചുറ്റും ബണ്ടുണ്ട്.

മാത്രവുമല്ല ഒരുവശത്ത് റോഡുമുണ്ട്. എന്നാൽ, ഇവിടെയെല്ലാം പുല്ലുവളർന്ന് കാടായനിലയിലാണ്. മരുതത്തൂർ ഏലായിൽനിന്നും കർഷകർ കാർഷികവിളകൾ കൊണ്ടുപോകുന്ന വഴിയാണ് പാവൂർ കുളം ബണ്ട്. എന്നാൽ, പുല്ലുവളർന്ന് കാടായനിലയായതോടെ കർഷകർ ഈവഴി ഉപയോഗിക്കാതായിരിക്കുകയാണ്.

മൂന്നുവർഷം മുൻപ് കുളം നവീകരിച്ചതിലെ അപാകമാണ് പുല്ലും പായലും വീണ്ടും വളരാൻ കാരണമെന്നാണ് നാട്ടുകാരുടെ ആക്ഷേപം. കുളം നവീകരിച്ച് കാർഷിക ആവശ്യത്തിന് ഉപയോഗപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കുളം നവീകരിക്കുകയും ബണ്ട് റോഡിലെ കാടും പടർപ്പും വെട്ടിത്തെളിപ്പിക്കണമെന്നും നാട്ടുകാരും കർഷകരും ആവശ്യപ്പെടുന്നു. കുളത്തിലെ ഒരുവശത്തെ റോഡിൽ ഇന്റർലോക് സ്ഥാപിച്ച് നവീകരിക്കണമെന്നും തെരുവുവിളക്കുകൾ സ്ഥാപിക്കണമെന്നും ഗാന്ധിമിത്രമണ്ഡലം സെക്രട്ടറി ബിനു മരുതത്തൂർ ആവശ്യപ്പെട്ടു.