ആരോഗ്യരംഗം ‘തുരുമ്പിക്കുന്നു’

തിരുവനന്തപുരം : ജില്ലയിലെ സർക്കാർ ആശുപത്രികളിലേക്കു വാങ്ങിക്കൂട്ടിയ യന്ത്രങ്ങൾ പലതും തുറന്നുപോലും നോക്കാതെ പെട്ടിക്കുള്ളിൽ വിശ്രമിക്കുന്നു. ജില്ലയിലെ മുപ്പതിലേറെ ആശുപത്രികളിൽ നൂറോളം ഉപകരണങ്ങൾ പൊടിപിടിച്ച് കെട്ടിക്കിടക്കുകയാണ്. നവജാതശിശുക്കൾക്കുള്ള ഇൻകുബേറ്റർമുതൽ വെന്റിലേറ്റർ ഉപകരണങ്ങൾവരെ ഇക്കൂട്ടത്തിലുണ്ട്.
ഏറ്റവും കൂടുതൽ രോഗികളെത്തുന്ന തിരുവനന്തപുരം ജനറൽ ആശുപത്രിയിലും തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലും മാത്രമായി കോടിക്കണക്കിനു രൂപയുടെ ഉപകരണങ്ങളാണ് നശിക്കുന്നത്.
തൈക്കാട് ആശുപത്രിയിൽ ഓപ്പറേഷൻ തിയേറ്ററിൽ സ്ഥാപിക്കാനുള്ള ടേബിളും ലെറ്റും കിടക്കകയും ഇപ്പോഴും തുറന്നെടുത്തിട്ടുപോലുമില്ല. രക്തപരിശോധനകളുൾപ്പെടെ സ്വകാര്യ ലാബുകളിൽനിന്ന് വലിയ തുക മുടക്കി നടത്തിയാണ് പല രോഗികളും ഡോക്ടറെ കാണാനെത്തുന്നത്.
വിവരം ലഭിച്ചിട്ടില്ല
ജില്ലയിലെ സർക്കാർ ആശുപത്രികളിലെ ഉപയോഗിക്കാത്ത ഉപകരണങ്ങളെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല. അത്തരം ഉപകരണങ്ങളെക്കുറിച്ച് അറിയില്ല. ലഭ്യമായ ഉപകരണങ്ങളുടെയും തകരാറിലായ ഉപകരണങ്ങളുടെ കണക്ക് കൈവശമുണ്ട്.
ഡോ. ബിന്ദുമോഹൻ,
ജില്ലാ മെഡിക്കൽ ഓഫീസർ.
സ്ഥലപരിമിതിയും പ്രശ്നം
:ടെക്നീഷ്യന്മാരുടെ അഭാവവും സ്ഥലസൗകര്യക്കുറവും പ്രധാന കാരണങ്ങളാണ്. കോവിഡ് കാലത്ത് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ അത്യാഹിത വിഭാഗം ഉൾപ്പെടെ എല്ലാ വാർഡുകളിലും ഓക്സിജൻ പൈപ്പുകൾ സ്ഥാപിച്ചിരുന്നെങ്കിലും ട്രാൻസ്ഫോമർ ഇല്ലാത്തതിനാൽ ഓക്സിജൻ എത്തിക്കാൻ കഴിയാത്ത സാഹചര്യമാണ്. ഉയർന്ന വിലയ്ക്ക് ഓക്സിജൻ സിലിൻഡർ വാങ്ങിയാണ് നിലവിൽ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകുന്നത്. പാറശ്ശാല താലൂക്ക് ആശുപത്രിയിലെ പുതിയ കെട്ടിടത്തിലെ നിർമാണം പൂർത്തിയായിട്ടും ഓപ്പറേഷൻ തിയേറ്ററും ഐ.സി.യുവും സജ്ജീകരിച്ചിട്ടില്ല. ഇതിനായി കിഫ്ബി ഫണ്ട് ഉപയോഗിച്ചു വാങ്ങിക്കൂട്ടിയ 39 ഉപകരണങ്ങൾ ഇതുവരെയും ഉപയോഗിച്ചിട്ടില്ല.