കുളക്കോട്-അരുവിക്കര റോഡിൽ അപകടഭീഷണിയായി അക്കേഷ്യ മരം

വെള്ളനാട് : കുളക്കോട്-അരുവിക്കര പാതയിൽ റോഡിലേക്ക് ചരിഞ്ഞുനിൽക്കുന്ന അക്കേഷ്യ മരം നാട്ടുകാർക്കും യാത്രക്കാർക്കും അപകടഭീഷണിയായി. കുളക്കോട് ജങ്ഷനിൽനിന്നു അരുവിക്കരയിലേക്ക് പോകുന്ന വഴിയിൽ അസംബ്ലീസ് ഓഫ് ഗോഡ് ചർച്ചിന് സമീപത്തെ വളവിലാണ് യാത്രക്കാർക്ക് ഭീഷണിയായ തരത്തിൽ അക്കേഷ്യ മരം റോഡിലേക്ക് ചരിഞ്ഞുനിൽക്കുന്നത്.
ഒരു സ്വകാര്യവ്യക്തിയുടെ പറമ്പിൽ നിൽക്കുന്ന മരമാണ് റോഡിലേക്ക് മറിഞ്ഞുനിൽക്കുന്നത്. വിനോദസഞ്ചാരകേന്ദ്രമായ അരുവിക്കരയിലേക്കും വട്ടിയൂർക്കാവ്, പേരൂർക്കട തുടങ്ങിയ നഗരപ്രദേശങ്ങളിലേക്കും എളുപ്പത്തിലെത്താൻ യാത്രക്കാർ ആശ്രയിക്കുന്ന റോഡാണിത്.
വളരെ തിരക്കേറിയ ഈ റോഡിലൂടെ നിരവധി സ്കൂൾ വാഹനങ്ങൾ പോകുന്നുണ്ട്. ഭാരം കയറ്റിവരുന്ന ലോറികളും ഇതിലൂടെ സഞ്ചരിക്കുന്നുണ്ട്. ഈ ലോറികളുടെ മുകളിൽ മരക്കൊമ്പ് തട്ടുന്നതും പതിവായി.
മഴ തുടങ്ങിയതോടെ ഏതു നിമിഷവും മരം റോഡിലേക്ക് മറിഞ്ഞുവീഴാമെന്ന അവസ്ഥയിലാണ്. ജനപ്രതിനിധികളടക്കമുള്ളവരോട് നാട്ടുകാർ നിരവധി തവണ പരാതിപ്പെട്ടിട്ടും ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.
ഒരു ദുരന്തത്തിന് കാത്തുനിൽക്കാതെ അടിയന്തരമായി മരം മുറിച്ചുമാറ്റാൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടു.