റാംപ് റോഡിന്റെ ആദ്യഘട്ട സ്ലാബ് കോൺക്രീറ്റിങ്ങിനു തുടക്കം

വെഞ്ഞാറമൂട് : എം.സി. റോഡിലെ കടുത്ത ഗതാഗതക്കുരുക്കിനു ശാശ്വതപരിഹാരമായി നിർമിക്കുന്ന വെഞ്ഞാറമൂട് മേൽപ്പാലത്തിൽ റാംപ് റോഡിന്റെ ആദ്യഘട്ട സ്ലാബ് കോൺക്രീറ്റിങ് പ്രവൃത്തികൾക്കു തുടക്കമായി. 10 മീറ്റർ വീതിയിലും 60 സെന്റീമീറ്റർ കനത്തിലുമാണ് നിലവിൽ കോൺക്രീറ്റ് ചെയ്യുന്നത്.
വെഞ്ഞാറമൂട്-കിളിമാനൂർ റോഡിൽ, എസ്.ബി.ഐ. ബാങ്കിനു സമീപത്തുനിന്നാണ് ആദ്യഘട്ട സ്ലാബ് കോൺക്രീറ്റിങ് പുരോഗമിക്കുന്നത്. റോഡിൽനിന്ന് മേൽപ്പാലത്തിലേക്കു കയറുന്ന 45 മീറ്റർ ലാൻഡ് സ്പാൻ ഭാഗത്താണ് പ്രവൃത്തികൾ നടക്കുന്നത്. മൂന്നുഘട്ടങ്ങളിലായി വെഞ്ഞാറമൂട് ജങ്‌ഷൻവരെയുള്ള 5 തൂണുകളുടെ കോൺക്രീറ്റിങ്ങാണ് ആദ്യഘട്ടത്തിൽ പൂർത്തിയാക്കാൻ ലക്ഷ്യമിടുന്നത്. ഇതിനുശേഷമായിരിക്കും ജങ്‌ഷനിൽ നിന്നുള്ള അടുത്തഘട്ട പ്രവൃത്തികൾ ആരംഭിക്കുക.
രണ്ടുമാസത്തിനുള്ളിൽ ഈ അഞ്ച് തൂണുകളുടെയും കോൺക്രീറ്റിങ് പൂർത്തിയാക്കാനാണ് നിർമാണച്ചുമതലയുള്ള ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റി ലക്ഷ്യമിടുന്നത്. ഇതിനുശേഷമാകും ബോക്സ് സ്ലാബിങ് ആരംഭിക്കുക. പ്രീ-കാസ്റ്റ് ബോക്സുകൾ സ്ഥാപിച്ച് അതിൽ കോൺക്രീറ്റ് നിറച്ച് സെറ്റ് ചെയ്യുന്ന സ്ലാബുകളാണ് അടുത്തഘട്ടത്തിൽ സ്ഥാപിക്കുന്നത്. കഴിഞ്ഞമാസമാണ് സ്ലാബ് കോൺക്രീറ്റിങ് ആരംഭിക്കാൻ നിർമാണ കമ്പനി തീരുമാനിച്ചിരുന്നതെങ്കിലും നിർമാണസാമഗ്രികളുടെ ലഭ്യതക്കുറവ് മൂലമാണ് വൈകിയത്. റാംപ് റോഡിന്റെ പ്രവൃത്തികൾ വേഗത്തിലായതോടെ നിശ്ചിതസമയത്തിനുള്ളിൽത്തന്നെ നിർമാണം പൂർത്തിയാക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. 2025 സെപ്റ്റംബർ 25-നാണ് ആദ്യഘട്ട പൈലിങ്ങോടെ മേൽപ്പാലനിർമാണം ആരംഭിച്ചത്. എം.സി. റോഡിൽ ലീലാ രവി ആശുപത്രിക്കു മുന്നിൽനിന്ന് ആരംഭിച്ച് പോസ്റ്റ് ഓഫീസിനു സമീപം അവസാനിക്കുന്ന തരത്തിൽ 800 മീറ്റർ നീളത്തിലും 5.5 മീറ്റർ വീതിയിലുമാണ് മേൽപ്പാലം നിർമിക്കുന്നത്. മേൽപ്പാല നിർമാണത്തെ തുടർന്ന് എം.സി. റോഡിലും വെഞ്ഞാറമൂട് ജങ്‌ഷനിലും ഏർപ്പെടുത്തിയ ഗതാഗതനിയന്ത്രണങ്ങൾ പ്രദേശത്ത് വലിയ യാത്രാദുരിതത്തിനു വഴിവെച്ചിരുന്നു. ഇതേത്തുടർന്ന് ഇപ്പോൾ ഇരുവശത്തുനിന്നും വാഹനങ്ങൾ കടത്തിവിടുന്നുണ്ട്. വെഞ്ഞാറമൂട് ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ വയ്യേറ്റ്- വലിയവീട് ഇന്നർ റിങ് റോഡ് വഴിയാണ് തിരിച്ചുവിട്ടിരിക്കുന്നത്. ഈ സമാന്തരപാതകളിലെ കടുത്ത ഗതാഗതത്തിരക്കും റോഡുകളുടെ തകർച്ചയും വലിയ പ്രാദേശിക പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. കെ.എസ്.ആർ.ടി.സി. ബസുകൾ ഉൾപ്പെടെ കടന്നുപോകുന്ന സമന്വയ നഗർ-പാകിസ്‌താൻമുക്ക് റോഡിന്റെ പാറയ്ക്കൽ വരെയുള്ള ഭാഗവും പൂർണമായും തകർന്ന നിലയിലാണ്.