ഹമ്പ് സിഗ്നൽ മാർക്കിങ്ങുകൾ മാഞ്ഞു

കല്ലമ്പലം- വർക്കല റോഡിൽ അപകടങ്ങൾ പെരുകുന്നു

കല്ലമ്പലം : കല്ലമ്പലം-വർക്കല റോഡിൽ ഹമ്പുകൾ കൃത്യമായി തിരിച്ചറിയാൻ കഴിയാത്തത് അപകട ഭീഷണിയാകുന്നു. ഹമ്പുകൾക്ക് മുകളിലെ സിഗ്നൽ മാർക്കിങ്ങുകൾ മാഞ്ഞുപോയതോടെ വാഹനയാത്രക്കാർക്ക് ഹമ്പുകൾ ദൂരെനിന്ന് തിരിച്ചറിയാൻ കഴിയാത്ത സ്ഥിതിയാണ്. ഹമ്പിന് അടുത്തെത്തുമ്പോൾ മാത്രം ശ്രദ്ധയിൽപ്പെടുന്നതിനാൽ പെട്ടെന്ന് ബ്രേക്കിടുന്നതാണ് അപകടങ്ങൾക്ക് കാരണമാകുന്നത്. 10 കിലോമീറ്ററോളം ദൈർഘ്യമുള്ള കല്ലമ്പലം- വർക്കല റോഡിൽ 13 ഹമ്പുകളാണുള്ളത്.

എന്നാൽ ഇവയുടെ സാന്നിധ്യം ഡ്രൈവർമാർക്ക് മനസ്സിലാക്കുന്നതിനുള്ള മുന്നറിയിപ്പ് ബോർഡുകളുടെയും റോഡ് മാർക്കിങ്ങുകളുടെയും അഭാവമാണ് പ്രശ്‌നമായി മാറുന്നത്.

ഞെക്കാട് ഹയർ സെക്കൻഡറി സ്‌കൂൾ, ഞെക്കാട് എൽ.പി. സ്‌കൂൾ, മാവിൻമൂട് ഗവ. എൽ.പി.സ്‌കൂൾ, പാലച്ചിറ യു.പി. സ്‌കൂൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ റോഡിനോട് ചേർന്നാണ് പ്രവർത്തിക്കുന്നത്. വടശ്ശേരിക്കോണം മുസ്‌ലിം പള്ളിയോട് ചേർന്നുള്ള മതപാഠശാലയും പാതയോരത്തുണ്ട്. വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും ഉൾപ്പെടെ നിരവധി പേർ ദിവസേന ഈ റോഡിലൂടെ സഞ്ചരിക്കുന്നുണ്ട്.

wകാൽനടയാത്രക്കാരുടെ എണ്ണവും വർധിക്കുന്നതിനാൽ ബമ്പുകളുടെ മുന്നറിയിപ്പ് വ്യക്തമായി നൽകേണ്ടത് അത്യാവശ്യമാണ്.

നേരത്തെ ഹമ്പുകൾക്ക് സമീപത്തെ സിഗ്നൽ മാർക്കിങ്ങുകൾ ദൂരത്തുനിന്നുതന്നെ കാണാമായിരുന്നു. കാലക്രമേണ മങ്ങുകയും പിന്നീട് പൂർണമായും അപ്രത്യക്ഷമാകുകയും ചെയ്തു.

റോഡ് പരിചയമില്ലാത്ത വാഹനയാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത്. പ്രത്യേകിച്ച് രാത്രികാലങ്ങളിൽ ബമ്പുകൾ പെട്ടെന്ന് മുന്നിൽ പ്രത്യക്ഷപ്പെടുന്നത് അപകടസാധ്യത കൂട്ടുന്നു.

ഹമ്പ് ശ്രദ്ധയിൽപ്പെടാതെ അമിതവേഗത്തിൽ എത്തുന്ന വാഹനങ്ങൾ പെട്ടെന്ന് വേഗം കുറയ്ക്കുമ്പോൾ പിന്നിൽനിന്നുള്ള വാഹനങ്ങൾ കൂട്ടിയിടിക്കാനുള്ള സാധ്യതയുമുണ്ട്. ഇരുചക്രവാഹന യാത്രക്കാരാണ് ഇത്തരം സാഹചര്യങ്ങളിൽ കൂടുതൽ അപകടഭീഷണി നേരിടുന്നത്. പെട്ടെന്ന് ബ്രേക്ക് പ്രയോഗിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് ഇരുചക്രവാഹനങ്ങൾ മറിഞ്ഞുവീഴുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. പിൻസീറ്റിലിരിക്കുന്നവർ തെറിച്ചുവീണ് പരിക്കേൽക്കുന്ന സാഹചര്യവും ഉണ്ടാകുന്നു.

പ്രധാന വിനോദസഞ്ചാര കേന്ദ്രമായ വർക്കലയിലേക്കുള്ള പ്രധാന റോഡായതിനാൽ വിവിധ പ്രദേശങ്ങളിൽനിന്നുള്ള വാഹനങ്ങൾ ഈ പാതയിലൂടെ കടന്നുപോകുന്നുണ്ട്.

പ്രദേശത്തെ റോഡിന്റെ ഘടനയും ഹമ്പുകളുടെ സ്ഥാനവും പരിചയമില്ലാത്തവർ അപകടത്തിൽപ്പെടാനുള്ള സാധ്യത വർധിപ്പിക്കുന്നു. ഹമ്പുകൾക്ക് സമീപം മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുകയും ഹമ്പ് സിഗ്നൽ മാർക്കിങ് പുനഃസ്ഥാപിക്കുകയും ചെയ്യണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.