മന്ത്രി ജനീഷിന്റെ കാർ തടഞ്ഞ് കരിങ്കൊടികാട്ടി യുവമോർച്ച

കോൺഗ്രസ് പ്രവർത്തകർ ബി.ജെ.പി. സൗത്ത് ജില്ലാ പ്രസിഡന്റിന്റെ കാർ തടഞ്ഞു

നെയ്യാറ്റിൻകര : സ്വകാര്യ ആശുപത്രിയിലെ ചടങ്ങിനെത്തിയ മന്ത്രി ഒ.ജെ.ജനീഷിന്റെ കാർ ആറാലുംമൂട്ടിൽവെച്ച് യുവമോർച്ച പ്രവർത്തകർ തടഞ്ഞുനിർത്തി കരിങ്കൊടികാട്ടി. ഇതിൽ പ്രതിഷേധിക്കാനെത്തിയ കോൺഗ്രസ് പ്രവർത്തകർ ബി.ജെ.പി. സൗത്ത് ജില്ലാ പ്രസിഡന്റ് മുക്കംപാലമൂട് ബിജുവിന്റെ കാർ തടഞ്ഞു. പിടിവലിക്കിടെ അദ്ദേഹത്തിന്റെ കൈക്കുഴയ്ക്കു പരിക്കേറ്റു. നടുറോഡിലെ കൈയാങ്കളി കുറച്ചുനേരം ഗതാഗതത്തടസ്സത്തിനും കാരണമായി.

നിംസ് മെഡിസിറ്റിയിലെ ലോക ഹൃദയദിനം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മന്ത്രി ഒ.ജെ.ജനീഷ്. ആറാലുംമൂട് കെ.എ.എലിനു സമീപം പ്രതിഷേധിക്കാനായി നേരത്തേ യുവമോർച്ച പ്രവർത്തകർ എത്തിയിരുന്നു. മറുഭാഗത്ത് കോൺഗ്രസ് പ്രവർത്തകരുമെത്തി. മന്ത്രിയുടെ വാഹനവ്യൂഹമെത്തിയതോടെ മുദ്രാവാക്യം വിളിയോടെ യുവമോർച്ച സൗത്ത് ജില്ലാ പ്രസിഡന്റ് ചൂണ്ടിക്കൽ ഹരിയുടെ നേതൃത്വത്തിൽ കരിങ്കൊടിയുമായി കാർ തടഞ്ഞ് കരിങ്കൊടി കാട്ടി.

പോലീസ് യുവമോർച്ച പ്രവർത്തകരെ മാറ്റിയശേഷം മന്ത്രിവാഹനം കടത്തിവിട്ടു. ഇതോടെ മറുവശത്തുനിന്ന കോൺഗ്രസ് പ്രവർത്തകർ യുവമോർച്ച പ്രവർത്തകരുമായി പിടിയും വലിയുമായി. ഇരുവിഭാഗത്തെയും പോലീസ് പിടിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും തമ്മിൽ കൈയാങ്കളിയായി. ഇതേത്തുടർന്നാണ് ദേശീയപാതയിൽ ഗതാഗതസ്തംഭനമുണ്ടായത്.

പോലീസ് യുവമോർച്ച ജില്ലാ പ്രസിഡന്റ് ചൂണ്ടിക്കൽ ഹരി, വൈസ് പ്രസിഡന്റുമാരായ അനീഷ് പണിക്കർ, ലാൽകൃഷ്ണ, യുവമോർച്ച നേതാക്കളായ നന്ദു, അനന്തു എന്നിവരെ അറസ്റ്റുചെയ്ത്‌ ജീപ്പിൽ കൊണ്ടുപോയി. ഇതേസമയത്താണ് സൗത്ത് ജില്ലാ കമ്മിറ്റി ഓഫീസിലേക്കു വരുകയായിരുന്ന മുക്കംപാലമൂട് ബിജു സഞ്ചരിച്ച കാർ കോൺഗ്രസ് പ്രവർത്തകർ തടഞ്ഞത്. പിടിവലിക്കിടെ ഇടതുകൈക്കുഴയ്ക്ക് പരിക്കേറ്റ മുക്കംപാലമൂട് ബിജുവിനെ നിംസ് മെഡിസിറ്റിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ബി.ജെ.പി. ദേശീയ കൗൺസിൽ അംഗം പി.കെ.കൃഷ്ണദാസ്, സംസ്ഥാന ജനറൽ സെക്രട്ടറി എസ്.സുരേഷ് എന്നിവർ ബിജുവിനെ ആശുപത്രിയിലെത്തി സന്ദർശിച്ചു. ബിജുവിന്റെ പരാതിയിൽ പോലീസ് ആശുപത്രിയിലെത്തി മൊഴി രേഖപ്പെടുത്തി.

ആദ്യം മന്ത്രിയുടെ വാഹനവ്യൂഹത്തിനുനേരേ ബാലരാമപുരത്തുവെച്ചാണ് കരിങ്കൊടി കാട്ടിയത്. യുവമോർച്ച സൗത്ത് ജില്ലാ സെക്രട്ടറി വിഷ്ണു വെങ്ങാനൂർ, വിനോദ്, രാജേഷ് വാവ, ശ്രീജിത്ത്, ശരവണൻ എന്നിവരുടെ നേതൃത്വത്തിലാണ് കരിങ്കൊടി കാട്ടിയത്. ഇവരെയും പോലീസ് അറസ്റ്റുചെയ്തിരുന്നു. രണ്ടിടത്തുനിന്നുമായി അറസ്റ്റുചെയ്ത യുവമോർച്ച പ്രവർത്തകരെ പോലീസ് പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.