കൺസർവേഷൻ ലാബ് പൂട്ടിയിട്ട് രണ്ടര വർഷം

തിരുവനന്തപുരം : ശ്രീചിത്ര ആർട്ട് ഗാലറിയിലെ രാജാരവിവർമ്മ ചിത്രങ്ങളുടെയും മറ്റ് പുരാവസ്തുക്കളുടെയും സംരക്ഷണത്തിന് മ്യൂസിയം വളപ്പിൽ നിർമ്മിച്ച കൺസർവേഷൻ ലാബ് പൂട്ടിയിട്ട് രണ്ടരവർഷം. സർക്കാർ 1.43 കോടി രൂപ ചെലവിൽ നിർമ്മിച്ച കൺസർവേഷൻ ലാബ് വകുപ്പ് മേധാവികളുടെ അനാസ്ഥ കാരണം ഫയലിന് നീക്കുപോക്ക് ഉണ്ടായിട്ടില്ല.
രാജാ രവിവർമ്മയുടെ ഒരു ചിത്രം 167.2 കോടി രൂപയ്ക്കുവരെ വിറ്റുപോകുമ്പോഴാണ് 56 രവിവർമ്മ ചിത്രങ്ങൾ വകുപ്പിന്റെ പിടിപ്പുകേടിൽ നശിക്കുന്നത്. 2021-ൽ സർക്കാരിന്റെ നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി പൂർത്തിയാക്കിയ ലാബിൽ നൂറോളം ചിത്രങ്ങൾ സംരക്ഷിച്ചിട്ടുണ്ട്. രാജ്യത്ത് മൂന്നാമത്തെ കൺസർവേഷൻ ലാബാണിത്. ഡൽഹി ഇന്ദിരാഗാന്ധി നാഷണൽ സെന്റർ ഫോർ ആർട്സ്, ഉദയ്പുർ സിറ്റി പാലസ് മ്യൂസിയം എന്നിവയാണ് മറ്റ് ലാബുകൾ.
അത്യാധുനിക സൗകര്യങ്ങൾ
ഫ്യൂം എക്സ്ട്രാക്ടറുകൾ, സ്റ്റീരിയോ മൈക്രോസ്കോപ്പ്, ഡിജിറ്റൽ മൈക്രോസ്കോപ്പ്, യു.വി. ലൈറ്റ് പാനൽ, ഡി.എസ്.എൽ.ആർ. ക്യാമറ, സ്റ്റുഡിയോ ലൈറ്റുകൾ തുടങ്ങി അത്യാധുനിക സൗകര്യങ്ങളാണ് ലാബിൽ ഒരുക്കിയിട്ടുള്ളത്. ചിത്രങ്ങൾ, കൈയെഴുത്തുപ്രതികൾ, ചരി ത്രരേഖകൾ എന്നിവ നിയന്ത്രിതചൂടിലും ഈർപ്പത്തിലും സംരക്ഷിക്കാൻ സഹായിക്കുന്ന രാജ്യത്തെതന്നെ ഏറ്റവും വലിയ ലോ പ്രഷർ വാക്വം സക്ഷൻ ടേബിളും ഇവിടെയുണ്ട്. പുരാവസ്തുക്കളുടെ ആശുപത്രിയായ ഈ ലാബിനെ കേരളത്തിലെ പുരാവസ്തുക്കളുടെ സംരക്ഷണത്തിനും ശാസ്ത്രീയഗവേഷണത്തിനും പരിശീലനത്തിനുമുള്ള കേന്ദ്രമാക്കി വികസിപ്പിക്കാൻ കഴിയും.
ശമ്പളപ്രതിസന്ധി
ലാബിലെ കൺസർവേറ്റർമാരുടെ ശമ്പളവർധന സംബന്ധിച്ച് ഡയറക്ടർ ഉൾപ്പെടെ എതിർപ്പ് പ്രകടിപ്പിച്ചതിനാലാണ് ലാബ് അടച്ചുപൂട്ടേണ്ടിവന്നത്. വിദഗ്ധസമിതി യോഗം കൺസർവേറ്റർമാരുടെ ശമ്പളത്തെ സംബന്ധിച്ച് വിശദമായ നിർദേശം വകുപ്പ് അധികൃതർക്ക് നൽകിയിരുന്നു. ജൂനിയർ കൺസർവേറ്റർക്ക് 40000, ജൂനിയർ കൺസർവേറ്റർക്ക് 60000 രൂപ എന്നിങ്ങനെയാണ് നിശ്ചയിച്ചിരുന്ന ശമ്പളം. മറ്റ് സ്ഥാപനങ്ങളിൽ 80000 രൂപയോളം ശമ്പളം വാങ്ങുന്ന ഇവർക്ക് ഈ തുക അധികമല്ലെന്നും 10 ശതമാനം വാർഷികവർധന അനുവദിക്കണമെന്നും സമിതി റിപ്പോർട്ട് നൽകിയിരുന്നു. ഇതോടൊപ്പം ലാബിലെ ഉപകരണങ്ങളുടെ കേടുപാടുകൾ പരിശോധിക്കണമെന്നും സമിതി റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ, റിപ്പോർട്ട് സമർപ്പിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും നടപടിയുണ്ടായിട്ടില്ല. സർക്കാരിൽ പഴിചാരി തടിതപ്പനാണ് ഡയറക്ടർ ശ്രമിക്കുന്നത്.