അപകടക്കെണിയായി കോട്ടൂർ സ്കൂളിന് മുന്നിലെ മൺകൂന

കുറ്റിച്ചൽ : കുറ്റിച്ചൽ പഞ്ചായത്തിലെ കോട്ടൂർ ഗവ. യു.പി. സ്കൂളിന് മുന്നിൽ റോഡിലെ മൺകൂന അപകടങ്ങൾക്കിടയാക്കിയിട്ടും നീക്കുന്നില്ല. മഴക്കാലത്ത് സ്കൂളിനുള്ളിൽനിന്നു വെള്ളം കുത്തിയൊലിച്ച് ചെളിയും കല്ലും മണ്ണുമായി പ്രധാനറോഡിൽ അടിഞ്ഞുകൂടുകയാണ്. ഈ ഭാഗത്തെ ഓട മാലിന്യം നിറഞ്ഞ് അടഞ്ഞതോടെയാണ് വലിയ അളവിൽ മണ്ണടിയുന്നത്.

സ്കൂൾ വാഹനങ്ങൾക്ക് പുറമേ കോട്ടൂർ ആദിവാസി ഉന്നതികളിലെ വിദ്യാർഥികളെയുംകൊണ്ട് ഗോത്രസാരഥിയിലുൾപ്പെടെ നിരവധി വാഹനങ്ങളാണ് രാവിലെയും വൈകിട്ടും കുട്ടികളെ കയറ്റുന്നതിനുവേണ്ടി സ്കൂളിലെത്തുന്നത്. സ്കൂളിന് സമീപം ഒരു ബാലവാടിയും പ്രവർത്തിക്കുന്നുണ്ട്. ഇവിടേക്കെത്തുന്ന ഇരുചക്രവാഹനയാത്രക്കാർ പതിവായി വീഴുന്നു. കൂടുതലും സ്ത്രീകളാണ് അപകടത്തിൽപ്പെടുന്നത്. വലിയ വാഹനങ്ങൾ ചെളിയിൽ പുതയുന്നതും സ്ഥിരമാണ്. റോഡ് ബി.എം.ബി.സി. നിലവാരത്തിൽ അടുത്തിടെയാണ് നവീകരിച്ചത്. റോഡ് പണി തുടങ്ങിയപ്പോൾ ഇവിടത്തെ മണ്ണൊലിപ്പുപ്രശ്നം രക്ഷാകർത്താക്കളും നാട്ടുകാരും പൊതുമരാമത്ത് അധികൃതരെ അറിയിച്ചിരുന്നു. എന്നാൽ പരിഗണിച്ചില്ലെന്ന് ആക്ഷേപമുണ്ട്. പഞ്ചായത്തും പൊതുമരാമത്ത് വകുപ്പും സ്ഥലത്തെ അപകടക്കെണി നീക്കാൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.