ഗുണ്ടാസംഘങ്ങളുടെ കുടിപ്പക

കടയ്ക്കാവൂർ : കഴിഞ്ഞദിവസം കടയ്ക്കാവൂരിൽ കൊല്ലപ്പെട്ട കടകംപള്ളി ബിജുവിന്റെ മരണത്തിലേക്ക് നയിച്ചത് ഗുണ്ടാ ലഹരി സംഘങ്ങളുടെ കുടിപ്പക. 2023-ൽ ബിജു നഗരൂർ സ്വദേശി സുജിയെ കൊലപ്പെടുത്തിയതിന്റെ പ്രതികാരമായിരുന്നു കഴിഞ്ഞദിവസം നടന്ന ബിജുവിന്റെ കൊലപാതകം. സംഭവവുമായി ബന്ധപ്പെട്ട്‌ പോലീസ് കസ്റ്റഡിയിലുള്ള പാലാംകോണം ഭാസ്കർ കോളനി സ്വദേശി മുകേഷ് താനാണ് ബിജുവിനെ വെട്ടുകത്തി കൊണ്ട് കൊലപ്പെടുത്തിയതെന്ന് പോലീസിൽ മൊഴി നൽകി. മുകേഷ് ലഹരി വില്പന ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയാണ്. കൂട്ടുപ്രതികളായ മൊട്ട പ്രദീപും, ശൈലേഷും സംഭവ സമയത്ത് മുകേഷിനൊപ്പം ഉണ്ടായിരുന്നവരാണ്.

ഇവർക്കും കൊലപാതകത്തിൽ പങ്കുണ്ട്. മണമ്പൂർ പാലാംകോണത്തുള്ള വീട്ടിൽ വച്ച് ബിജുവിനെ വെട്ടുകത്തിക്ക് വെട്ടിക്കൊലപ്പെടുത്തിയ ശേഷം മൃതദേഹം സമീപത്തുള്ള കാടുപിടിച്ച് പുരയിടത്തിൽ മൂന്ന് പേരും കൂടി കൊണ്ടിടുകയായിരുന്നു. വെട്ടുകത്തി കൊണ്ട് ബിജുവിന്റെ തലയുടെ പിൻഭാഗത്ത് ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. 2023 സെപ്റ്റംബറിൽ ആലംകോട് മണ്ണൂർഭാഗം കാട്ടിൽവീട്ടിൽ സുജിയെ (32) ബിജു കൊലപ്പെടുത്തിയിരുന്നു.

മേലാറ്റിങ്ങൽ ശങ്കരമംഗലം ശിവക്ഷേത്രത്തിന് സമീപം വാമനപുരം ആറിനോട് ചേർന്നുള്ള റബ്ബർതോട്ടത്തിലാണ് സുജിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ലഹരി ഉപയോഗത്തിനിടയിലുണ്ടായ വാക്ക് തർക്കവും വ്യക്തിവിരോധവുമാണ് കൊലപാതകത്തിന് കാരണമായത്. ശങ്കരമംഗലം ക്ഷേത്രത്തിന് സമീപത്തെ റബ്ബർതോട്ടത്തിൽ രാത്രി മദ്യപിക്കുന്നതിനിടെയുണ്ടായ സംഘർഷത്തിൽ ബിജുവും കൂട്ടാളിയും ചേർന്ന് സുജിയെ വെട്ടുകത്തി ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. സംഭവശേഷം ഒളിവിൽ പോയ ബിജുവിനെ അടുത്ത ദിവസം തിരുവനന്തപുരത്ത് നിന്നു പോലീസ് പിടികൂടിയിരുന്നു. കൊല്ലപ്പെട്ട സുജി ആറ്റിങ്ങൽ, നഗരൂർ പോലീസ് സ്‌റ്റേഷനുകളിൽ വധശ്രമമുൾപ്പെടെയുള്ള നിരവധി കേസുകളിലെ പ്രതിയായിരുന്നു. സുജിയുടെ അടുത്ത സുഹൃത്തായിരുന്ന മുകേഷ് സുജിയുടെ മരണത്തിന് പ്രതികാരം ചെയ്യുന്നതിനായി കാത്തിരിക്കുകയായിരുന്നു. കഴിഞ്ഞ 19-ന് മദ്യപിക്കുവാനായി ശൈലേഷും മൊട്ട പ്രദീപും കൂടി ബിജുവിനെ തന്ത്രപൂർവം പാലംകോണത്തുള്ള വീട്ടിലെത്തിച്ച് കൊലപ്പെടുത്തിയശേഷം അടുത്ത ദിവസം ബിജുവിന്റെ മൃതദേഹം സമീപത്തുള്ള കുറ്റിക്കാട്ടിൽ കൊണ്ടിടുകയായിരുന്നു. കൊലപാതകത്തിന്‌ ശേഷം പ്രതി മുകേഷ് സുജിയുടെ മകനുമായി ഫോണിൽ ബന്ധപ്പെട്ട വിവരം പോലീസിന് ലഭിക്കുകയും തുടർന്ന് നടന്ന അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്.