സംരക്ഷണത്തിന് പദ്ധതിയില്ല; മാലിന്യം നിറഞ്ഞ് കരിച്ചൽ കായൽ

പൂവാർ : മാംസാവശിഷ്ടമുൾപ്പെടെയുള്ള മാലിന്യങ്ങൾ തള്ളുന്നത് കാരണം കരിച്ചൽ കായൽ നാശത്തിലേക്ക്. കായൽസംരക്ഷണത്തിനുള്ള പല പദ്ധതികളും പ്രഖ്യാപനങ്ങളിൽ മാത്രമൊതുങ്ങി.
കോട്ടുകാൽ, കാഞ്ഞിരംകുളം, പൂവാർ പഞ്ചായത്ത് പ്രദേശങ്ങളിലായി വ്യാപിച്ചുകിടക്കുന്ന കരിച്ചൽ കായൽ മാലിന്യനിക്ഷേപ കേന്ദ്രമായി മാറിയിരിക്കുകയാണ്. എ.വി.എം. കനാലിന്റെ ഭാഗമായി രൂപപ്പെട്ട തോട്ടിൽനിന്നാണ് കരിച്ചൽ കായലിന്റെ തുടക്കം. കാഞ്ഞിരംകുളം പഞ്ചായത്തിനുള്ള കരിച്ചൽ കുടിവെള്ളപദ്ധതിയും ഈ കായലിലാണ്. കരിച്ചൽ കായൽ കടലിൽ പതിക്കുന്ന പൊഴിമുഖത്തിന് സമീപത്താണ് വ്യാപകമായി മാലിന്യം ഉപേക്ഷിക്കുന്നത്.
തണ്ണീർത്തടമാതൃകയും പ്രഖ്യാപനം മാത്രം
പ്രകൃതിരമണീയമായ തുരുത്തുകളും തണ്ണീർത്തടങ്ങളും ചേർന്നതാണ് കരിച്ചൽ കായൽ. കരിച്ചൽ പൊഴിമുഖത്തുവെച്ച് കായൽ അറബിക്കടലിൽ സംഗമിക്കും. ജില്ലയിലെ ആദ്യ കണ്ടൽ തുരുത്താണ് കരിച്ചൽ കായൽ തീരം.
തീരവുമായി ബന്ധപ്പെടുത്തി വിനോദസഞ്ചാരത്തിനുള്ള പദ്ധതികളും പ്രഖ്യാപിച്ചിരുന്നു. കായലിന്റെ ആഴം കൂട്ടി കായൽത്തീരം പച്ചത്തുരുത്താക്കുന്നതിന്റെ ഭാഗമായി കണ്ടൽ ചെടികൾ വെച്ചുപിടിപ്പിക്കുന്ന പ്രവർത്തനവും പാതിവഴിയിൽ നിലച്ചു.
വിനോദസഞ്ചാരത്തിനായി കരിച്ചൽ കായലിൽ ജലയാത്ര, തീരത്തോട് ചേർന്ന് കുട്ടികളുടെ പാർക്ക്, വയോജന സെന്റർ, മത്സ്യസംസ്കരണ കേന്ദ്രം, റോപ്പ് വേ, ഉണക്കമീൻ നിർമ്മാണ യൂണിറ്റ്, ഫുഡ്‌കോർട്ട്, ഫിഷർമെൻ യാർഡ്, ശുദ്ധജലവിതരണ പദ്ധതി തുടങ്ങിയവ നടപ്പിലാക്കാനായിരുന്നു ശ്രമം തുടങ്ങിയത്. ഇതോടൊപ്പം കായലിലെ തുരുത്തുകൾ പൂന്തോട്ടമാക്കി സഞ്ചാരികളെ ആകർഷിക്കാനും പദ്ധതിയുണ്ടായിരുന്നു.
ഇതിനായി വിദഗ്ധസംഘം സ്ഥലം സന്ദർശിച്ചിരുന്നു.