സമരത്തിരക്കിലമർന്ന് നഗരം

തിരുവനന്തപുരം : തലസ്ഥാനത്തെ മണിക്കൂറുകളോളം സ്തംഭിപ്പിച്ച് വിവിധ പ്രതിഷേധ സമരങ്ങൾ. ഗതാഗതസംവിധാനം മണിക്കൂറുകളോളം തടസ്സപ്പെട്ടിട്ടും യാതൊരു മുന്നൊരുക്കവും നടത്താതെ പോലീസ് നോക്കുകുത്തിയായി.

ആയിരക്കണക്കിന് പ്രവർത്തകർ പങ്കെടുക്കുന്ന സമരങ്ങൾക്ക് മുൻകൂർ ഗതാഗതനിയന്ത്രണമോ, വഴിതിരിച്ചുവിടലോ, പൊതുജനങ്ങൾക്കുള്ള മുന്നറിയിപ്പോ നൽകാതെയാണ് സിറ്റി പോലീസ് അനുമതി നൽകിയത്.

പട്ടം, പി.എം.ജി., മ്യൂസിയം, പാളയം, പ്ലാമൂട്, വെള്ളയമ്പലം ഉൾപ്പെടെ തലസ്ഥാനത്തെ പ്രധാന റോഡുകളെല്ലാം രാവിലെ 10മുതൽ വൈകീട്ട് മൂന്നുവരെ പൂർണമായും ഗതാഗതക്കുരുക്കിൽപ്പെട്ടു.

ആംബുലൻസുകൾ മണിക്കൂറുകളോളം കുരുക്കിൽ കുടുങ്ങി. ഗതാഗതം നിയന്ത്രിച്ച് പൊതുജനങ്ങളുടെ യാത്ര സുഗമമാക്കാൻ വേണ്ടത്ര പോലീസ് സേനയെയും വിന്യസിച്ചിരുന്നില്ല.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ലോക്ഭവൻ മാർച്ചിൽ പങ്കെടുക്കാൻ പതിന്നാല് ജില്ലകളിൽനിന്ന് നൂറുകണക്കിനു വാഹനങ്ങളിലായി ആയിരത്തോളംപേർ തലസ്ഥാനത്തെത്തി. ഇതോടൊപ്പം കേരള പ്രവാസി സംഘത്തിന്റെ സെക്രട്ടേറിയറ്റ് മാർച്ചും കേരള സ്റ്റേറ്റ് ലൈബ്രേറിയൻസ് യൂണിയന്റെ വനിതാ മാർച്ചും നടന്നു. മൂന്ന് സമരത്തിനും ഒരേ റൂട്ടിൽ, ഒരേ സമയത്ത് അനുമതി നൽകിയതാണ് വിനയായത്.