ഭിന്നശേഷി സ്കോളർഷിപ്പിന്റെ പേരിൽ അഭിമുഖം; പ്രതിഷേധിച്ച് രക്ഷാകർത്താക്കൾ

വെള്ളനാട് : ശാരീരിക, മാനസിക വെല്ലുവിളികൾ നേരിടുന്നവർക്ക് സ്കോളർഷിപ്പ് വിതരണം ചെയ്യുന്നതിന്റെ പേരിൽ വെള്ളനാട് ഗ്രാമപ്പഞ്ചായത്തിൽ ഭിന്നശേഷിവിദ്യാർഥികളുടെ രക്ഷാകർത്താക്കളെ വിളിച്ചുവരുത്തി ബുദ്ധിമുട്ടിച്ചതിൽ പ്രതിഷേധം. ചൊവ്വാഴ്ച രാവിലെ പ്രസിഡൻറും ഐ.സി.ഡി.എസ്. സൂപ്പർവൈസറും ചേർന്ന് പഞ്ചായത്തിൽ നടത്തിയ അഭിമുഖമാണ് പരാതിക്കും പ്രതിഷേധത്തിനും കാരണമായത്.

സാധാരണയായി അങ്കണവാടി ജീവനക്കാർ വാർഡ് അംഗങ്ങൾക്ക് നൽകുന്ന പട്ടിക ഗ്രാമസഭയിൽ പരിശോധിച്ച്‌ ഗ്രാമസഭ തിരഞ്ഞെടുത്ത് നൽകുന്ന പട്ടികയിൽനിന്നു ഗുണഭോക്താക്കൾക്ക് പ്ലാൻഫണ്ടിൽനിന്നു തുക നൽകുകയാണ് പതിവ്. എന്നാൽ ഇത്തവണ പഞ്ചായത്ത് ഓഫീസിൽ ഗുണഭോക്താക്കളുടെ രക്ഷാകർത്താക്കളെ വിളിച്ചുകൂട്ടുകയായിരുന്നു. ഭിന്നശേഷിക്കാരായ കുട്ടികളെ വീട്ടിൽ തനിച്ചാക്കി വരാൻ സാധിക്കാത്തതിനാൽ രക്ഷാകർത്താക്കളിൽ പലരും കുട്ടികളോടൊപ്പമാണ് എത്തിയത്. യോഗത്തിൽ പങ്കെടുത്താലേ സ്കോളർഷിപ്പ് തുക നൽകുകയുള്ളൂവെന്നുള്ള സൂപ്പർവൈസറുടെ സന്ദേശം ലഭിച്ചിട്ടാണ് തങ്ങൾ വന്നതെന്ന് രക്ഷാകർത്താക്കൾ പറഞ്ഞു. വാർഡ് അംഗങ്ങൾ അറിയാതെ ചട്ടവിരുദ്ധവും മനുഷ്യത്വരഹിതവുമായി അഭിമുഖം നടത്തിയ പ്രസിഡൻറ്‌, സൂപ്പർവൈസർ എന്നിവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന്‌ ആവശ്യപ്പെട്ട് പ്രതിപക്ഷാംഗങ്ങൾ ഐ.സി.ഡി.എസ്. ഡയറക്ടർ, വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് സി.ഡി.പി.ഒ. എന്നിവർക്ക് പരാതി നൽകി.