ഹരിശ്രീ കുറിച്ച് കുരുന്നുകൾ

നെയ്യാറ്റിൻകര : വിദ്യാരംഭദിനത്തിൽ അറിവിന്റെ ഹരിശ്രീ കുറിച്ച് കുരുന്നുകൾ. ക്ഷേത്രങ്ങളിലും സ്കൂളുകളിലും വിവിധ സ്ഥാപനങ്ങളിലും വിദ്യാരംഭം നടന്നു. ക്ഷേത്രങ്ങളിൽ പ്രത്യേക സരസ്വതീപൂജകളും നടന്നു.
നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ 101 കുരുന്നുകൾ ഹരിശ്രീ കുറിച്ചു. ക്ഷേത്ര നവരാത്രിമണ്ഡപത്തിലെ സരസ്വതീവിഗ്രഹത്തിന് മുന്നിൽ മേൽശാന്തി ശ്രീധരൻ നമ്പൂതിരി കുരുന്നുകൾക്ക് ഹരിശ്രീ കുറിച്ചു.
വിജയദശമിനാളിൽ ക്ഷേത്രത്തിൽ പ്രത്യേകപൂജകളും നടന്നു. വിദ്യാരംഭത്തിന് രാവിലെമുതൽ രക്ഷാകർത്താക്കൾ കുരുന്നുകളുമായി എത്തിയിരുന്നു.
നാരായണഗുരു പ്രഥമപ്രതിഷ്ഠ നടത്തിയ അരുവിപ്പുറം ശിവക്ഷേത്രത്തിലും മഠത്തിലും വിദ്യാരംഭം നടന്നു. മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ കുരുന്നുകൾക്ക് ഹരിശ്രീ കുറിച്ചു. ക്ഷേത്രത്തിൽ പ്രത്യേകപൂജകളും നടന്നു.
മഠത്തിലെ ഗുരുമന്ദിരത്തിന് മുന്നിൽ തയ്യാറാക്കിയ സരസ്വതീമണ്ഡപത്തിലാണ് വിദ്യാരംഭം നടന്നത്. എൺപതോളം കുരുന്നുകൾ ആദ്യക്ഷരം കുറിക്കാനെത്തിയിരുന്നു.
മഹാശിവലിംഗം സ്ഥിതിചെയ്യുന്ന ചെങ്കൽ മഹേശ്വരം ശിവപാർവതീക്ഷേത്രത്തിലെ നവരാത്രി മണ്ഡപത്തിൽ വിദ്യാരംഭം നടന്നു. ക്ഷേത്രമഠാധിപതി സ്വാമി മഹേശ്വരാനന്ദസരസ്വതി കുരുന്നുകൾക്ക് ആദ്യക്ഷരം കുറിച്ചു. മേൽശാന്തി കുമാർ മഹേശ്വരം, അഡ്വ. ബി. ജയചന്ദ്രൻനായർ എന്നിവർ വിദ്യാരംഭത്തിന് നേതൃത്വം നൽകി.
നെയ്യാറ്റിൻകര മേലെത്തെരുവ് മുത്താരമ്മൻ ക്ഷേത്രത്തിലെ വിദ്യാരംഭത്തിന് ഗ്രാമം തെരുവിലെ ജി. കൃഷ്ണമൂർത്തി കുരുന്നുകൾക്ക് ഹരിശ്രീ കുറിച്ചു. ക്ഷേത്രഭാരവാഹികളായ എസ്.ആർ. സെന്തിൽകുമാർ, കെ. രാജു എന്നിവർ പങ്കെടുത്തു.
പാലയ്ക്കാപ്പറമ്പ് ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ വിദ്യാരംഭം നടന്നു. മുൻ എസ്.എസ്.എ. സംസ്ഥാന കോഡിനേറ്റർ പി. മോഹൻകുമാർ കുരുന്നുകൾക്ക് ആദ്യക്ഷരം കുറിച്ചു. പെരുങ്കടവിള കൊല്ലംവിളാകത്തുനടയിൽ ബാലഭദ്രകാളി ക്ഷേത്രത്തിലെ വിദ്യാരംഭത്തിന് മേൽശാന്തി നന്ദു ആലച്ചൽക്കോണം കുരുന്നുകൾക്ക് ഹരിശ്രീ കുറിച്ചു. ഇതോടൊപ്പം സാരസ്വഘൃതപൂജയും നവരാത്രിപൂജയും നടന്നു.
മരുതത്തൂർ മഹാലക്ഷ്മി ക്ഷേത്രത്തിൽ വിജയദശമി നാളിൽ മാധ്യമപ്രവർത്തകൻ പ്രദീപ് പിള്ള കുരുന്നുകൾക്ക് ആദ്യക്ഷരം കുറിച്ചു. ക്ഷേത്രത്തിൽ പ്രത്യേക നവരാത്രി പൂജയും നടന്നു.
ആയയിൽ കരിയിലക്കുളങ്ങര ഭദ്രകാളി ക്ഷേത്രത്തിൽ വിദ്യാരംഭത്തിന് കവി സുമേഷ് കൃഷ്ണൻ കുരുന്നുകൾക്ക് വിദ്യാരംഭം കുറിച്ചു. ക്ഷേത്രത്തിൽ പ്രത്യേക പൂജകളും നടന്നു.
മുടവൂർപ്പാറ പരുത്തിമഠം ചാമുണ്ഡേശ്വരി-ദുർഗാദേവി ക്ഷേത്രത്തിൽ വിദ്യാരംഭം നടന്നു. മേൽശാന്തി ശ്രീജിത്ത് മഹാദേവൻ പോറ്റിയുടെ കാർമികത്വത്തിലാണ് വിദ്യാരംഭം നടന്നത്. പാറശ്ശാല കുറുങ്കുട്ടി പാലൂർക്കോണം ഇലങ്കം ചണ്ഡികാദേവി ക്ഷേത്രത്തിൽ എം.ജി. സർവകലാശാല ഡീൻ ഡോ. സന്തോഷ് പി. തമ്പി കുരുന്നുകൾക്ക് ഹരിശ്രീ കുറിച്ചു.
മഞ്ചവിളാകം വിഴുക്കുപാറയ്ക്കൽ ഭദ്രകാളിദേവി ക്ഷേത്രത്തിൽ മേൽശാന്തി വിഷ്ണു പോറ്റി കുരുന്നുകൾക്ക് ആദ്യക്ഷരം കുറിച്ചു.
കുരുന്നുകളെ ക്ഷേത്രക്കമ്മിറ്റിയുടെ നേതൃത്വത്തിൽ മാതൃഭൂമി അക്ഷരമാല കാർഡും വൃക്ഷത്തൈകളും നൽകി സ്വീകരിച്ചു. വെൺപകൽ വെള്ളംകുളത്തല ഭഗവതി ക്ഷേത്രത്തിൽ കവി ഗിരീഷ് കളത്തറ കുരുന്നുകൾക്ക് ആദ്യക്ഷരം കുറിച്ചു.
ഊരൂട്ടുകാല ഡോ. ജി.ആർ. പബ്ളിക് സ്കൂളിൽ നിരവധി കുരുന്നുകൾ ആദ്യക്ഷരം കുറിച്ചു. മാനേജിങ് ട്രസ്റ്റി അഡ്വ. ആർ.എസ്. ഹരികുമാർ, കേണൽ ആർ.ജി. നായർ എന്നിവർ കുരുന്നുകൾക്ക് ആദ്യക്ഷരം കുറിച്ചു. കമുകിൻകോട് എസ്.എൻ.ഡി.പി. യോഗം ശാഖയിൽ വിദ്യാരംഭം നടന്നു. ഡോ. ശ്രീരഞ്ജൻ ജി.എസ്. കുരുന്നുകൾക്ക് ഹരിശ്രീ കുറിച്ചു.