വെള്ളയംദേശത്തെ അനധികൃത മാലിന്യകേന്ദ്രം അടച്ചുപൂട്ടി

പാലോട് : പാങ്ങോട് പഞ്ചായത്തിലെ വെള്ളയംദേശം വാർഡിൽ കുണ്ടാട് വനപ്രദേശത്ത് വർഷങ്ങളായി പ്രവർത്തിച്ചുവന്ന അനധികൃത ആശുപത്രിമാലിന്യ പ്ലാന്റ് അടച്ചുപൂട്ടി. നാട്ടുകാർ ഇടപെട്ട് മാലിന്യവും നീക്കംചെയ്തു.

ഈ പ്രദേശത്ത് കഴിഞ്ഞ കുറച്ചുകാലമായി രഹസ്യമായിട്ടാണ് വനത്തിനുള്ളിൽ പ്ലാന്റ് പ്രവർത്തിച്ചിരുന്നത്. രാത്രികാലങ്ങളിലാണ് നഗരത്തിൽനിന്നുള്ള ആശുപത്രിമാലിന്യം ഇവിടെ എത്തിച്ചിരുന്നത്.

കടുത്ത ഈച്ചശല്യവും പുകയും ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വനമേഖലയിലെ പ്ലാന്റ് കണ്ടെത്തുകയായിരുന്നു.

തുടർന്ന് പാങ്ങോട് എസ്.എച്ച്.ഒ.യുടെ നേതൃത്വത്തിൽ പോലീസ് സംഘവും സ്ഥലത്തെത്തി പ്ലാന്റിന്റെ നടത്തിപ്പുകാരെ കണ്ടെത്തി.

ഉടൻതന്നെ മുഴുവൻ മാലിന്യവും നീക്കണമെന്നും അനധികൃത കെട്ടിടം പൊളിച്ചുമാറ്റണമെന്നും ആവശ്യപ്പെട്ടു. തുടർന്ന് നാട്ടുകാർ സംഘടിച്ച് സ്ഥലത്തെത്തി. രാത്രിതന്നെ മാലിന്യശേഖരം അവിടെനിന്നു മാറ്റി.

ഗ്രാമപ്പഞ്ചായത്ത് അംഗം വെള്ളയംദേശം അനിൽ, എൻ.സ്വപ്ന, ബ്ലോക്ക് അംഗം കാനാവിൽ ഷിബു, പഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ സുബി എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടികൾ. സ്ഥലം ഉടമയ്ക്ക് 6000 രൂപ പിഴയും ചുമത്തി. വനമേഖലയോടു ചേർന്ന ഈ പ്രദേശത്ത് വ്യാപകമായി മാലിന്യപ്ലാന്റുകൾ വരുന്നുണ്ടെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.