വായന മരിക്കുന്നില്ല; രീതി മാറുകയാണ് -മന്ത്രി റോജി എം. ജോൺ

കഴക്കൂട്ടം : വായന മരിക്കുന്നുവെന്ന അഭിപ്രായത്തോട് യോജിപ്പില്ലെന്നും സാങ്കേതികവിദ്യയുടെ വളർച്ചയോടെ വായനാരീതി മാറിയെന്ന് നോക്കിക്കാണാനാണ് ആഗ്രഹിക്കുന്നതെന്നും ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി റോജി എം. ജോൺ. സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി ടെക്നോപാർക്കിൽ ആരംഭിച്ച സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയുടെ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാവിധ സാങ്കേതികസംവിധാനങ്ങളും പ്രയോജനപ്പെടുത്തി ആളുകളെ വായനയുടെ ലോകത്തേക്ക് കൈപിടിച്ചുയർത്തുകയാണ് ലക്ഷ്യം. ഐ.ടി. ജീവനക്കാരുടെ തൊഴിലന്തരീക്ഷം മെച്ചപ്പെടുത്താനും ജോലിസമ്മർദം കുറയ്ക്കാനുമാണ് ടെക്നോപാർക്കിൽ ലൈബ്രറി പ്രവർത്തനം ആരംഭിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അംഗങ്ങളുടെ തിരിച്ചറിയൽ, പുസ്തകവിതരണം എന്നിവ ഏകീകരിക്കുന്ന സ്മാർട്ട് കാർഡ് സംവിധാനത്തിന്റെയും ഡിജിറ്റൽ പെയ്മെന്റ് സംവിധാനത്തിന്റെയും ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. ടെക്നോപാർക്ക് ഫെയ്സ് ഒന്നിലെ ഭവാനി ബിൽഡിങ്ങിലാണ് അത്യാധുനിക സൗകര്യങ്ങളോടെ ലൈബ്രറി ഒരുക്കിയിരിക്കുന്നത്. ആദ്യഘട്ടത്തിൽ മലയാളത്തിലും ഇംഗ്ലീഷിലുമുള്ള ആയിരത്തോളം ക്ലാസിക് കൃതികൾ ഇവിടെ ലഭ്യമാക്കും. കൂടാതെ ഇ-ബുക്കുകൾ, വിജ്ഞാനകോശങ്ങൾ, അന്താരാഷ്ട്ര ജേണലുകൾ, ഡിജിറ്റൽ റീഡിങ് സോണുകൾ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. രാവിലെ 11 മുതൽ വൈകീട്ട് 6 വരെയാണ് പ്രവർത്തനസമയം.
മുൻ എം.എൽ.എ.യും സെൻട്രൽ ലൈബ്രറി അഡ്വൈസറി കമ്മിറ്റി ചെയർമാനുമായ കെ. മോഹൻകുമാർ അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് ലൈബ്രേറിയൻ ശോഭന പി.കെ, അഭിലാഷ് ഡി.എസ്, ബാബു രാമചന്ദ്രൻ, മലയിൻകീഴ് വേണുഗോപാൽ, സിപിൻ വർഗീസ്, സി. റഹീം, അജിത് കൃഷ്ണനുണ്ണി, നെസിൻ ശ്രീകുമാർ, സുജ പി.എച്ച്, സീന എച്ച് എന്നിവർ പങ്കെടുത്തു.