ആർ.ടി. ഓഫീസിലേക്കുള്ള റോഡ് കാടുമൂടിയ നിലയിൽ

കാട്ടാക്കട : കാട്ടാക്കടയിലെ സബ് ആർ.ടി. ഓഫീസിലേക്കുള്ള റോഡിന്റെ ഇരുവശവും കാടുമൂടിയതോടെ വഴിയാത്രക്കാർ ഭീതിയിൽ.

കാട്ടാക്കട ജങ്ഷനിൽനിന്ന് മൊളിയൂർ സ്റ്റേഡിയം വഴി പോകുന്ന ആർ.ടി. ഓഫീസിലേക്കുള്ള പ്രധാന ഇടറോഡാണിത്. ഒരുവശത്ത് വ്യവഹാരത്തിൽപ്പെട്ട് കിടക്കുന്ന പഞ്ചായത്തിന്റെ സ്റ്റേഡിയമാണ്. ഒരേക്കറോളം വരുന്ന സ്ഥലം കാട് കയറിയിട്ട് വർഷങ്ങളായി. ഇഴജന്തുക്കളുടെയും തെരുവുനായകളുടെയും കേന്ദ്രമാണിവിടം.

മറുവശത്തുള്ള റോഡിന്റെ ഭാഗവും ഇതേ തരത്തിൽ കാട് കയറിയിട്ടുണ്ട്. തർക്കത്തിലുള്ള സ്റ്റേഡിയത്തിനും റോഡിനുമിടയിലുള്ള സ്ഥലവും മറുഭാഗവും കാട് നീക്കി വൃത്തിയാക്കാൻ പഞ്ചായത്തിന് കഴിയുമെന്നിരിക്കെ ജനപ്രതിനിധികൾ ഇടപെടുന്നില്ലെന്നാണ് പരാതി. മൊളിയൂർ പ്രധാന റോഡിലേക്ക് ചേരുന്ന ഈ റോഡിലൂടെയാണ് പട്ടണത്തിൽ ഗതാഗതക്കുരുക്ക് ഉണ്ടാകുമ്പോൾ വാഹനങ്ങൾ വഴിതിരിച്ചുവിടുന്നത്.

പകൽ പോലും ഇഴജന്തുക്കളെയും, തെരുവുനായ്‌ക്കളെയും ഭയന്നേ യാത്ര ചെയ്യാനാകൂ.

രാത്രിയായാൽ ഈ ഭാഗമാകെ ഇരുട്ടിലാകുന്നതോടെ യാത്ര ചെയ്യാനാകില്ല. ഇവിടെ നൂറിലേറെ കുടുംബങ്ങളുണ്ട്. ഇവർക്ക് യാത്ര ദുരിതമാണ്. റോഡ് വൃത്തിയാക്കണമെന്ന ആവശ്യവുമായി പലതവണ പഞ്ചായത്തിനും ജനപ്രതിനിധികൾക്കും പരാതി നൽകിയെങ്കിലും അവഗണിക്കുകയാണെന്ന് പ്രദേശവാസികൾ ആരോപിച്ചു.