കോവളം ഇരുട്ടിൽ

എട്ടുമാസമായി തെരുവുവിളക്കുകൾ കത്തുന്നില്ല

കോവളം : എട്ടുമാസമായി കോവളം തീരത്തെ ഇരുന്നൂറിലധികം തെരുവുവിളക്കുകൾ കത്തുന്നില്ല. സന്ധ്യക്കുശേഷം ഇവിടത്തെ ബീച്ചുകളായ ലൈറ്റ് ഹൗസ്, ഹവ്വാ(സീറോക്ക്), ഗ്രോവ് എന്നീ ബീച്ചുകളിലെത്തുന്നവർ ഇരുട്ടിൽ തപ്പിത്തടഞ്ഞ് പോകേണ്ട ഗതികേടിലാണ്. ലൈറ്റ് ഹൗസ് മുതൽ ഗ്രോവ് ബീച്ചുവരെയുള്ള ഭാഗങ്ങളിൽ സോളാർ തെരുവുവിളക്കുകളാണ് വിനോദസഞ്ചാര വകുപ്പ് സ്ഥാപിച്ചിട്ടുള്ളത്. ഇവയും അറ്റകുറ്റപ്പണിയുടെ കരാറെടുത്തിരുന്ന ഏജൻസി തുടർപ്രവൃത്തികൾ അവസാനിപ്പിച്ചതോടെയാണ് വിളക്കുകളുടെ പ്രവർത്തനം പാടെനിലച്ചത്.

കോവളത്തെ ഹോട്ടൽ അസോസിയേഷനുകളും കോവളം പോലീസും വിനോദസഞ്ചാര വകുപ്പിന് ഇതേക്കുറിച്ച് പരാതികൾ നൽകിയിരുന്നു. എന്നാൽ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പരിശോധനയ്ക്കു വരുകയോ വിളക്കുകളുടെ അറ്റകുറ്റപ്പണികൾ നടത്തി അവ പ്രകാശിപ്പിക്കാനുള്ള നടപടിയോ സ്വീകരിച്ചിട്ടില്ല.

വിനയാകുന്നത്

വിനോദസഞ്ചാര

വകുപ്പിലെ ചുവപ്പുനാട

:കോവളത്തെ ടൂറിസം ഇൻഫർമേഷൻ ഓഫീസർ ജില്ലാ ടൂറിസം ഓഫീസർക്ക് കൃത്യസമയത്ത് റിപ്പോർട്ട് നൽകാത്തതിനാലാണ് അറ്റകുറ്റപ്പണി വൈകുന്നതെന്ന് ആരോപണമുണ്ട്.

പരാതികൾ ലഭിച്ചതിനെ തുടർന്ന് ജില്ലാ ടൂറിസം ഓഫീസർ ലൈറ്റുകൾ നന്നാക്കണമെന്നാവശ്യപ്പെട്ട് വകുപ്പ് ഡയറക്ടർക്ക് റിപ്പോർട്ട് നൽകി. തുടർന്ന് ലൈറ്റുകളുടെ അറ്റകുറ്റപ്പണി നടത്താൻ കെൽട്രോണിന്റെ സഹായം തേടി.

അറ്റകുറ്റപ്പണികളടക്കമുള്ളവ പൂർത്തിയാക്കുന്നതിന് 16 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് കെൽട്രോൺ നൽകിയിരുന്നു. വർക്കിങ് ഗ്രൂപ്പിന്റെ അനുമതിയോടെ മാത്രമേ ഫണ്ട് അനുവദിക്കാനാകൂ. എന്നാൽ, വർക്കിങ് ഗ്രൂപ്പ് യോഗം ചേരാത്തതിനാലാണ് ഇപ്പോഴും അറ്റകുറ്റപ്പണികൾ വൈകുന്നത്.