അങ്കണവാടി കെട്ടിടത്തിന്റെ മേൽക്കൂര അപകടാവസ്ഥയിൽ

നെടുമത്തുള്ള അങ്കണവാടി കെട്ടിടത്തിന്റെ മേൽക്കൂര കാറ്റത്ത്‌ ഇളകിപ്പോയ നിലയിൽ
നെടുമത്തുള്ള അങ്കണവാടി കെട്ടിടത്തിന്റെ മേൽക്കൂര കാറ്റത്ത്‌ ഇളകിപ്പോയ നിലയിൽ

കോവളം: അങ്കണവാടി കെട്ടിടത്തിന്റെ മേൽക്കൂരയിലെ പഴക്കംചെന്ന ഷീറ്റുകൾ അപകടകരമായ നിലയിൽ. ശക്തമായ കാറ്റിൽ മേൽക്കൂരയിലെ ഷീറ്റുകളിലൊന്ന് അതുവഴി കടന്നുപോയ ബൈക്ക് യാത്രികന്റെ ദേഹത്ത് വീണെങ്കിലും കഷ്ടിച്ച് രക്ഷപ്പെട്ടു.

ശേഷിക്കുന്ന ഷീറ്റുകളും താഴേക്ക് പതിക്കുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ. കോവളം നെടുമത്ത് 128-ാം നമ്പർ അങ്കണവാടി കെട്ടിടത്തിലെ മേൽക്കൂരയിലെ ഷീറ്റുകളാണ് അപകടാവസ്ഥയിലുള്ളത്. 2014-ൽ നിർമിച്ച അങ്കണവാടി കെട്ടിടമാണിത്.

താഴത്തെനിലയിൽ അങ്കണവാടിയും രണ്ടാംനില പൂട്ടിയ നിലയിലുമാണ്. വാട്ടർ ടാങ്ക് സ്ഥാപിച്ചിരിക്കുന്ന മൂന്നാമത്തെ നിലയിലെ മേൽക്കൂര ഷീറ്റ് മേഞ്ഞതാണ്. നാട്ടുകാരുടെ ആശങ്ക പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് കൗൺസിലർ അഫ്‌സ സജീന പറഞ്ഞു.