പൊതുസ്ഥാപനങ്ങളുടെ പ്രവർത്തനമറിഞ്ഞ് കുരുന്നുകളുടെ പഠനയാത്ര

കല്ലമ്പലം: പാഠപുസ്തകങ്ങൾക്കപ്പുറത്തെ അറിവുകൾ നേരിട്ടു പകർന്നുനൽകി തേവലക്കാട് എസ്.എൻ.യു.പി.എസ്. കെ.ജി. വിഭാഗം കുട്ടികൾക്കായി സംഘടിപ്പിച്ച പഠനയാത്ര കൗതുകമായി. സമൂഹത്തിലെ വിവിധ പൊതുസ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഏകദിനയാത്ര.
ആറ്റിങ്ങൽ കേന്ദ്രീകരിച്ച് പോസ്റ്റ് ഓഫീസ്, ഫയർ സ്റ്റേഷൻ, പോലീസ് സ്റ്റേഷൻ, എന്നിവയ്ക്കുപുറമേ ക്രിസ്ത്യൻ, മുസ്ലിം ആരാധനാലയങ്ങളും, കല്ലമ്പലം എസ്.ബി.ഐ. ബാങ്കും കുട്ടികൾ സന്ദർശിച്ചു. പോസ്റ്റ് ഓഫീസിൽ കത്തുകൾ ശേഖരിക്കുന്നതും തരംതിരിക്കുന്നതും പോസ്റ്റ് ബോക്സിന്റെ പ്രവർത്തനവും കുട്ടികൾ കൗതുകത്തോടെ കണ്ടറിഞ്ഞു.
ആറ്റിങ്ങൽ ഫയർ സ്റ്റേഷനിൽ അഗ്നിശമനസേനാംഗങ്ങൾ ഫയർ എൻജിനുകളുടെ പ്രവർത്തനവും രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങളും പരിചയപ്പെടുത്തി. ബാങ്കിലെത്തിയ കുട്ടികൾക്ക് പണമിടപാടുകളെക്കുറിച്ചും പ്രവർത്തനരീതികളെക്കുറിച്ചും ജീവനക്കാർ വിശദീകരിച്ചു.
പോലീസ് സ്റ്റേഷൻ സന്ദർശനത്തിൽ ജനമൈത്രി പോലീസിന്റെ പ്രവർത്തനങ്ങളും കുട്ടികൾക്കുള്ള സുരക്ഷാനിർദേശങ്ങളും ഉദ്യോഗസ്ഥർ പരിചയപ്പെടുത്തി. ക്രിസ്ത്യൻ, മുസ്ലിം ആരാധനാലയങ്ങൾ സന്ദർശിച്ചതിലൂടെ വിവിധ മതങ്ങളുടെ ആചാരങ്ങളെക്കുറിച്ചും മതസൗഹാർദത്തിന്റെയും പരസ്പരസ്നേഹത്തിന്റെയും പ്രാധാന്യത്തെക്കുറിച്ചും കുട്ടികൾക്ക് മനസ്സിലാക്കാനായി. കെ.ജി. വിഭാഗം അധ്യാപകർ യാത്രയ്ക്കു നേതൃത്വം നൽകി.
Content Highlights: Kindergarten students of Thevalakkadu SNUPS visited public institutions and places of worship in Attingal as part of an informative one-day study tour.