കഴക്കൂട്ടം-കാരോട് ദേശീയപാതയിൽ സ്‌കൂട്ടർ യാത്രികരിൽനിന്ന് എംഡിഎംഎ പിടികൂടി

വിഴിഞ്ഞം: കഴക്കൂട്ടം-കാരോട് ദേശീയപാതയിൽ സ്‌കൂട്ടറിലെത്തിയ രണ്ട് യുവാക്കളിൽ നിന്നും എംഡിഎംഎ പിടികൂടി. പൂന്തുറ മാണിക്യവിളാകം ടി.സി.46/803, ഷാജഹാൻ മൻസിലിൽ മുജീബ് റഹ്മാൻ(32), വിഴിഞ്ഞം ടൗൺഷിപ്പ് കോളനിയിൽ ഹൗസ് നമ്പർ 396-ൽ സഹദ്(27) എന്നിവരെയാണ് സിറ്റി പോലീസ് കമ്മിഷണറുടെ കീഴിലുള്ള ഡാൻസാഫ് സംഘം പിടികൂടിയത്.
ഇവരുടെ സ്‌കൂട്ടറും പിടിച്ചെടുത്തു. മുജീബ് റഹ്‌മാന്റെ പോക്കറ്റിനുള്ളിൽ നിന്ന് പ്ലാസ്റ്റിക് കവറിൽ നിറച്ച 49 ഗ്രാം എംഡിഎംഎ യാണ് സംഘം കണ്ടെടുത്തത്. തിങ്കളാഴ്ച രാവിലെ പത്തോടെ ദേശീയപാതയിൽ കോട്ടുകാൽ ഗ്രാമപ്പഞ്ചായത്തിലെ പയറുംമൂട് ഭാഗത്തുവച്ചാണ് വാഹനം പിടികൂടിയത്.
കഴിഞ്ഞ ആറുമാസത്തിനിടെ ഈ റൂട്ടിൽ നിന്ന് ഒരുകിലോയോളം എംഡിഎംഎയും 80 കിലോയോളം കഞ്ചാവുമാണ് ഡാൻസാഫ് സംഘം പിടിച്ചെടുത്തത്. ബെംഗളൂരുവിൽ നിന്നും മുജീബ് റഹ്‌മാൻ എംഡിഎംഎ യുമായി തീവണ്ടിയിൽ തിങ്കളാഴ്ച പുലർച്ചയോടെ നാഗർകോവിലിലെത്തിയിരുന്നു.
തുടർന്ന് സഹദ് സ്‌കൂട്ടറുമായി നാഗർകോവിലിലെത്തുകയായിരുന്നു. തുടർന്ന് സ്‌കൂട്ടറിൽ ഇരുവരും വരുമ്പോൾ പിൻതുടരുകയായിരുന്ന സിറ്റി ഡാൻസാഫ് സംഘം പയറുംമൂട് ഭാഗത്ത് വച്ച് പിടികൂടി. ഇരുവരെയും വിഴിഞ്ഞം പോലീസിന് കൈമാറി. വിഴിഞ്ഞം പോലീസ് കേസെടുത്തു.