അവഗണനയുടെ കാടു മൂടി കാപ്പിൽ റെയിൽവേ സ്റ്റേഷൻ

വർക്കല: റെയിൽവേയുടെ തുടർച്ചയായ അവഗണനയിൽ കാപ്പിൽ റെയിൽവേ സ്റ്റേഷൻ. കാടുപിടിച്ച് ഇഴജന്തുക്കളുടെയും തെരുവുനായകളുടെയും താവളമായി സ്റ്റേഷനും പരിസരവും മാറിയിട്ട് നാളുകളേറെയായി.
രാത്രിയായാൽ മദ്യപാനികളുടെയും സാമൂഹികവിരുദ്ധരുടെയും കേന്ദ്രമാകും. പാസഞ്ചർ ട്രെയിനുകൾ മാത്രമാണിവിടെ നിർത്തുന്നത്. പ്രദേശവാസികളുടെ കൂട്ടായ്മയിൽ മാത്രമാണ് അടച്ചുപൂട്ടാതെ ഹാൾട്ട് സ്റ്റേഷനായി തുടരുന്നത്. കോവിഡ് കാലത്ത് നിർത്തലാക്കിയ ട്രെയിനിന്റെ സ്റ്റോപ്പ് പുനഃസ്ഥാപിക്കാത്തതും പുതിയ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കാത്തതും സ്റ്റേഷനോടുള്ള അവഗണനയ്ക്ക് ഉദാഹരണങ്ങളാണ്.
തിരുവനന്തപുരം ജില്ലയിൽ ഏറ്റവും അവഗണന നേരിടുന്ന റെയിൽവേ സ്റ്റേഷനുകളിലൊന്നാണ് വടക്കേ അതിർത്തിയിലുള്ള കാപ്പിൽ സ്റ്റേഷൻ. മെമു ഉൾപ്പെടെ ആറു തീവണ്ടികൾക്ക് മാത്രമാണ് ഇവിടെ സ്റ്റോപ്പുള്ളത്. കോവിഡ് കാലത്ത് നിർത്തലാക്കിയ പുനലൂർ-മധുര ട്രെയിനിന്റെ സ്റ്റോപ്പ് ഇനിയും പുനഃസ്ഥാപിച്ചിട്ടില്ല. നിരവധി യാത്രക്കാർ ആശ്രയിച്ചിരുന്ന ട്രെയിനിന് സ്റ്റോപ്പ് ഇല്ലാതായതോടെ സ്റ്റേഷൻ വരുമാനവും കുറഞ്ഞു.
നാഞ്ചിനാടിന്റെയും ദേശിംഗനാടിന്റെയും അതിർത്തിയായിരുന്ന കാപ്പിലിന്റെ വാണിജ്യപരമായ പ്രധാന്യം കണക്കിലെടുത്ത് ബ്രിട്ടീഷുകാരുടെ കാലത്താണ് കാപ്പിൽ റെയിൽവേ സ്റ്റേഷൻ ആരംഭിച്ചത്. ഒരുകാലത്ത് കയർ, മത്സ്യം, കുരുമുളക് എന്നിവയുടെ വ്യാപാരത്തിനും സ്റ്റേഷനെയാണ് ആശ്രയിച്ചിരുന്നത്.
മറ്റ് ഗതാഗതസൗകര്യങ്ങൾ വന്നതോടെ സ്റ്റേഷന്റെ പ്രാധാന്യം കുറയുകയും ഹാൾട്ട് സ്റ്റേഷനായി തരംതാഴ്ത്തുകയും ചെയ്തു. കാപ്പിൽ റെയിൽവേസ്റ്റേഷന്റെ ഇപ്പോഴത്തെ അവസ്ഥ ദയനീയമാണ്. പരിസരമാകെ കാടുപിടിച്ച് ഇഴജന്തുക്കൾ പ്ലാറ്റ്ഫോമിലേക്ക് കയറുന്ന അവസ്ഥ. തെരുവുനായകൾ സ്റ്റേഷൻ കെട്ടിടത്തിനുള്ളിൽ കിടന്നുറങ്ങുന്നു. തെരുവുനായകളെയും ഇഴജന്തുക്കളെയും പേടിച്ചുവേണം, യാത്രക്കാർക്ക് ടിക്കറ്റ് എടുക്കാനും പ്ലാറ്റ്ഫോമിലൂടെ നടന്നു ട്രെയിനിൽ കയറാനും. സന്ധ്യ മയങ്ങിയാൽ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിന്റെ വടക്കേ അറ്റത്തുള്ള ബെഞ്ചുകൾ മദ്യപാനികൾ കൈയേറും.
മദ്യലഹരിയിൽ ഇവരുണ്ടാക്കുന്ന ബഹളവും അസഭ്യവർഷവും യാത്രക്കാർക്കും പരിസരവാസികൾക്കും ബുദ്ധിമുട്ടാണ്. ഒഴിഞ്ഞ മദ്യക്കുപ്പികൾ സ്റ്റേഷൻ പരിസരത്തുടനീളം കാണാം. രണ്ടാം പ്ലാറ്റ്ഫോമിലൂടെ കായൽക്കരയിലേക്ക് പോകാനുള്ള ഇടവഴികളുള്ളത് സാമൂഹികവിരുദ്ധർക്ക് സൗകര്യമാണ്. പോലീസ് ഇവിടേക്ക് വരാറില്ല. സ്റ്റേഷനിലെ റെയിൽവേ ക്വാർട്ടേഴ്സുകളും കാടുകയറിയ നിലയിലാണ്. 2013-ൽ സ്റ്റേഷൻ അടച്ചിടാനും ശ്രമമുണ്ടായി. തുടർന്ന് നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപവത്കരിച്ച് നടത്തിയ സമരത്തിന്റെ ഫലമായാണ് ഹാൾട്ട് സ്റ്റേഷനാക്കി നിലനിർത്തിയത്.
2024-ൽ ടിക്കറ്റ് നൽകാൻ കരാർ ഏറ്റെടുത്തിരുന്നയാളുടെ കാലാവധി കഴിഞ്ഞതോടെ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടർ മാസങ്ങളോളം അടച്ചിട്ടിരുന്നു. തുടർന്ന് കാപ്പിൽ വാട്സ് ആപ്പ് ഗ്രൂപ്പ് എന്ന സംഘടന കരാർ ഏറ്റെടുത്താണ് ഇപ്പോഴും ടിക്കറ്റ് കൗണ്ടർ പ്രവർത്തിപ്പിക്കുന്നത്. കടലും കായലും ഒന്നിക്കുന്ന വിനോദസഞ്ചാരസാധ്യത ഏറെയുള്ള സ്ഥലമാണ് കാപ്പിൽ. വിശാലമായ ബീച്ചും ബോട്ടുക്ലബ്ബുമുൾപ്പെടെയുള്ള പ്രദേശം വിദേശ വിനോദസഞ്ചാരികൾക്കുൾപ്പെടെ പ്രിയപ്പെട്ടതാണ്. ടൂറിസം വികസനപ്രതീക്ഷയിൽ നിൽക്കുമ്പോഴാണ് നാടിന്റെ പ്രധാന യാത്രാമാർഗമായ റെയിൽവേ സ്റ്റേഷൻ അവഗണന നേരിടുന്നത്.
കാപ്പിൽ സ്റ്റേഷനോടുള്ള റെയിൽവേയുടെ അവഗണന അവസാനിപ്പിക്കണം. പുനലൂർ-മധുര, മധുര-പുനലൂർ ട്രെയിനുകളുടെ സ്റ്റോപ്പ് പുനഃസ്ഥാപിക്കണം. സ്റ്റേഷൻ പരിസരം വൃത്തിയാക്കണം -ടി.വി. സാബു, പ്രസിഡന്റ്, കാപ്പിൽ വാട്സാപ് ഗ്രൂപ്പ്
Content Highlights: Kappil railway station in Thiruvananthapuram faces severe neglect, with overgrown bushes, lack of train stops, and safety concerns affecting passengers.