ഐ.എസ്.ആർ.ഒയുടെ വിവിധ കേന്ദ്രങ്ങളിൽ എച്ച്എൽഎൽ അമൃത് ഫാർമസികൾ പ്രവർത്തനം ആരംഭിച്ചു

തിരുവനന്തപുരം: മിതമായ നിരക്കിൽ ഗുണമേന്മയുള്ള മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും ലഭ്യമാക്കുന്നതിനായി ഐ.എസ്.ആർ.ഒയുടെ വിവിധ കേന്ദ്രങ്ങളിൽ എച്ച്എൽഎൽ അമൃത് ഫാർമസികൾ പ്രവർത്തനം ആരംഭിച്ചു. വലിയമല, വട്ടിയൂർക്കാവ്, തുമ്പ എന്നീ കേന്ദ്രങ്ങളിലാണ് മൂന്ന് പുതിയ അമൃത് ഫാർമസികൾ പ്രവർത്തനം ആരംഭിച്ചത്. ആലുവയിലുള്ള ഐ.എസ്.ആർ.ഒ കേന്ദ്രത്തിൽ അമൃത് ഫാർമസിയുടെ നാലാമത്തെ കേന്ദ്രം ഉടൻ പ്രവർത്തനം ആരംഭിക്കും. ഐ.എസ്.ആർ.ഒ ജീവനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും മിതമായ നിരക്കിൽ മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും ലഭ്യമാക്കുകയാണ് ലക്ഷ്യം. എച്ച്എൽഎല്ലിന്റെ വജ്രജൂബിലിയോടനുബന്ധിച്ചാണ് അമൃത് ഫാർമസികളുടെ ശൃംഖല വിപുലീകരിക്കുന്നത്.
വലിയമലയിലെ ഐ.എസ്.ആർ.ഒയുടെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്ററിലെ (എൽ.പി.എസ്.സി.) അമൃത് ഫാർമസിയുടെ ഉദ്ഘാടനം എൽ.പി.എസ്.സി. വലിയമല അസോസിയേറ്റ് ഡയറക്ടർ ആർ. ഹൂട്ടൻ നിർവഹിച്ചു. വട്ടിയൂർക്കാവ് ഫാർമസിയുടെ ഉദ്ഘാടനം ഐ.എസ്.ആർ.ഒയുടെ ഇനേർഷ്യൽ സിസ്റ്റംസ് യൂണിറ്റ് ഡയറക്ടർ പത്മകുമാർ നിർവഹിച്ചു. തുമ്പയിലെ ഫാർമസിയുടെ ഉദ്ഘാടനം വിക്രം സാരാഭായ് സ്പേസ് സെന്റർ ഡയറക്ടർ ഉണ്ണികൃഷ്ണൻ നായർ നിർവഹിച്ചു.
ഐ.എസ്.ആർ.ഒ. ജീവനക്കാർ, പെൻഷനേഴ്സ്, കുടുംബാംഗങ്ങൾ എന്നിവരുൾപ്പെടെ 38,000ത്തിലധികം ആളുകൾക്ക് അമൃത് ഫാർമസിയുടെ സേവനം ലഭ്യമാകും. കൂടാതെ, എച്ച്എൽഎൽ ഫാർമസി & സർജിക്കൽസ്, എച്ച്എൽഎൽ ഒപ്റ്റിക്കൽസ്, അമൃത് ഫാർമസികൾ എന്നിവയുൾപ്പെടെയുള്ള എച്ച്എൽഎല്ലിന്റെ കേരളത്തിലുടനീളമുള്ള റീട്ടെയിൽ ഔട്ട്ലെറ്റുകൾ വഴി ക്രെഡിറ്റ് രീതിയിൽ മരുന്നുകളും മറ്റു ഉപകരണങ്ങളും വാങ്ങുവാനുള്ള സൗകര്യവും എച്ച്എൽഎൽ ഐ.എസ്.ആർ.ഒ ജീവനക്കാർക്ക് വേണ്ടി ഒരുക്കിയിട്ടുണ്ട്.
ആദ്യത്തെ അമൃത് ഫാർമസിയുടെ ഉദ്ഘാടനം 2015 നവംബർ 15-ന് ന്യൂഡൽഹിയിലെ എയിംസിൽ വച്ച് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ജെ. പി. നദ്ദയാണ് നിർവഹിച്ചത്. ഇപ്പോൾ പത്താം വർഷത്തിലേക്ക് കടക്കുമ്പോൾ, അമൃത് ശൃംഖല 220-ലധികം ഔട്ട്ലെറ്റുകളായി വളർന്ന് കഴിഞ്ഞിരിക്കുന്നു. .
അമൃത് ശൃംഖല സ്റ്റെന്റുകള്, ഓർത്തോപീഡിക് ഇംപ്ലാന്റുകൾ, മെഡിക്കൽ ഡിസ്പോസബിളുകള് തുടങ്ങിയ ശസ്ത്രക്രിയ ഉത്പന്നങ്ങളും വിവിധ ബ്രാൻഡഡും ജനറിക് മരുന്നുകളും 50 ശതമാനം വരെ വിലക്കുറവിൽ വാഗ്ദാനം ചെയ്യുന്നു. അമൃത് ഫാർമസികൾ എല്ലാ എയിംസ് ക്യാമ്പസുകളിലും രാജ്യത്തെ മറ്റു ദേശീയ നിലവാരത്തിലുള്ള സ്ഥാപനങ്ങളിലും സേവനങ്ങൾ ലഭ്യമാക്കുന്നുണ്ട്. അമൃത് ഫാർമസികൾ വഴി 6500-ൽ അധികം മരുന്നുകളും മെഡിക്കൽ ഉൽപ്പന്നങ്ങളും ലഭ്യമാണ്. കഴിഞ്ഞ പത്തുവര്ഷത്തിനിടെ ആറ് കോടിയിലധികം രോഗികള്ക്ക് അമൃത് ഫാര്മസികളിലൂടെ ചികിത്സാ സൗകര്യങ്ങള് ലഭ്യമാക്കി കഴിഞ്ഞു. ഉപഭോക്താക്കള്ക്ക് ഏകദേശം ₹6,000 കോടി രൂപയുടെ ലാഭമാണ് മരുന്നിന്റെ ചിലവില് നേടിക്കൊടുക്കാനായത്.
Content Highlights: HLR Amrit Pharmacies opened in various ISRO centers in Kerala