മൈലമൂട്ടിലെ പഴയ ഇരുമ്പുപാലം നോക്കുകുത്തി; തുരുമ്പെടുത്തും കാടുകയറിയും നശിക്കുന്നു

മൈലമൂട് നിർമ്മിച്ച ഇരുമ്പ് പാലം
മൈലമൂട് നിർമ്മിച്ച ഇരുമ്പ് പാലം

പാലോട്: വാമനപുരം ആറിനു കുറുകേ ലക്ഷങ്ങൾ ചെലവിട്ട് രണ്ടുപതിറ്റാണ്ടു മുൻപ്‌ നിർമിച്ച ഇരുമ്പുപാലം ഉപയോഗിക്കാതെ തുരുമ്പെടുത്തും കാടുകയറിയും നശിക്കുന്നു. വാമനപുരം മണ്ഡലത്തിൽ നിരവധി സെറ്റിൽമെന്റുകളിൽ ഒരു നടപ്പാലം പോലുമില്ലാതെ ജനം ദുരിതമനുഭവിക്കുമ്പോഴാണ് മൈലമൂട്ടിലെ പാലം തുരുമ്പെടുത്തു നശിക്കുന്നത്. 2002-ൽ വാമനപുരം ആറ് കരകവിഞ്ഞൊഴുകിയപ്പോൾ മൈലമൂട്ടിലുണ്ടായിരുന്ന വലിയ പാലം നശിച്ചു.

മാസങ്ങളോളം ഇതുവഴിയുള്ള യാത്ര ദുരിതപൂർണമായിരുന്നു. തുടർന്ന് നാട്ടുകാർ നടത്തിയ നിരവധി സമരങ്ങൾക്കൊടുവിലാണ് സർക്കാർ ഫണ്ട് വകയിരുത്തി 35 ലക്ഷം രൂപ ചെലവിട്ട് മൈലമൂട്ടിൽ പ്രധാന പാലത്തിനു സമാന്തരമായി ഇരുമ്പുപാലം നിർമിച്ചത്. നടപ്പാലമായാണ് നിർമിച്ചതെങ്കിലും ഇതിൽക്കൂടി വർഷങ്ങളോളം ആളുകൾ യാത്ര ചെയ്തിരുന്നു. ആറിന്റെ ഇരുകരകളെ ബന്ധിപ്പിക്കുന്ന പാലം ആയിരക്കണക്കിന് യാത്രക്കാർക്ക് വലിയ ഒരാശ്വാസമായിരുന്നു. നാലുവർഷംകൊണ്ട് മൈലമൂട്ടിൽ ഇന്നുകാണുന്ന പുതിയ പാലം നിർമിച്ചതോടെ ഇരുമ്പുപാലം വിസ്മൃതിയിലായി.

ഉപേക്ഷിക്കപ്പെട്ടതോടെ പാലത്തിന്റെ പ്ലാറ്റ്‌ഫോമിൽ ഉണ്ടായിരുന്ന ഇരുമ്പുഷീറ്റുകൾ നഷ്ടപ്പെട്ടുപോവുകയോ മോഷണം പോവുകയോ ചെയ്തു. ശേഷിക്കുന്ന ഭാഗങ്ങളത്രയും കാടുമൂടി തുരുമ്പുകയറിയ നിലയിലാണ്. വാമനപുരം നിയോജകമണ്ഡലത്തിലെ ചെല്ലഞ്ചിപ്പാലം കഴിഞ്ഞാൽ ഏറ്റവും പ്രധാനപ്പെട്ട പാലങ്ങളിലൊന്നാണ് മൈലമൂടുപാലം. ഇരുമ്പുപാലം ഇവിടെനിന്നു പൊളിച്ചുമാറ്റി ഉപയോഗപ്രദമായ മറ്റൊരു സ്ഥലത്തേക്കു മാറ്റിസ്ഥാപിക്കണമെന്ന ആവശ്യത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്. എന്നാൽ ദീർഘവീക്ഷണത്തോടെ പദ്ധതി നടപ്പാക്കാൻ അധികൃതർ മുന്നോട്ടുവരുന്നില്ല. ഒരു നടപ്പാലം പോലുമില്ലാതെ നിരവധി പിന്നാക്കപ്രദേശങ്ങളിലെ ജനം വർഷങ്ങളായി കഷ്ടപ്പെടുമ്പോഴാണ് മൈലമൂട്ടിൽ ലക്ഷങ്ങളുടെ പാലം തുരുമ്പെടുത്തു നശിക്കുന്നത്.

Content Highlights: An iron bridge built across the Vamanapuram river at a cost of lakhs lies abandoned, rusted, and overgrown with weeds, despite local demands to relocate it.