ഹൗ ഐ വണ്ടർ വാട്ട് യു ആർ; കടമ്പകൾ കടന്ന് സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക്

ഇലോണ്‍ മസ്‌ക്
ഇലോണ്‍ മസ്‌ക്

ന്ത്യയുടെ ആകാശം ഉപഗ്രഹ ഇന്റർനെറ്റ് സേവനങ്ങൾക്കുവേണ്ടി എന്ന്‌ തുറന്നുകൊടുക്കുമെന്ന ചോദ്യത്തിന് ഏതാണ്ട് ഉത്തരമായി. സ്റ്റാർലിങ്കിന് ഇൻ സ്പെയ്‌സിന്റെ അനുമതി ലഭിച്ചുകഴിഞ്ഞു. ഭാരതി എയർടെൽ  യൂടെൽ സാറ്റ് വൺവെബും റിലയൻസ് ജിയോയും ഇതേ കടമ്പകൾതാണ്ടി നേരത്തേ അനുമതി നേടിയിട്ടുണ്ടെങ്കിലും നിലവിൽ നൂറുരാജ്യങ്ങളിൽ സേവനംനൽകുന്ന ആഗോള മാർക്കറ്റിലെ വമ്പനായ സ്റ്റാർലിങ്കിന്റെ വരവ് വർഷങ്ങളായി ഇന്ത്യയിൽ വലിയ ചർച്ചയാണ്. അതിനുകാരണം സാങ്കേതികരംഗത്തെ കിറുക്കൻ സംരംഭകനും പിന്നീട് കുറച്ചുകാലം അമേരിക്കൻ പ്രസിഡന്റിന്റെ വലംകൈയുമായ ഇലോൺ മസ്കിന്റെ സംരംഭമായതുകൊണ്ടുതന്നെയാണ്. അതിനുമപ്പുറം, സാമ്പത്തികവും രാഷ്ട്രീയവുമായ മറ്റുകാരണങ്ങളും.

കടമ്പകൾ കടന്ന്

കേബിളുകളോ മൊബൈൽ ടവറുകളോ പോലുമില്ലാതെ, ഒരു കുഞ്ഞൻ ഡിഷ് ആന്റിനവഴി സിഗ്നലുകൾ സ്വീകരിച്ച്, വൈദ്യുതിപോലും എത്തിച്ചേരാത്ത സ്ഥലങ്ങളിൽ, മരുഭൂമിയിലും പർവതപ്രദേശങ്ങളിലും എന്തിന് ശത്രുരാജ്യം നിലംപരിശമാക്കിയ യുദ്ധഭൂമിയിൽപ്പോലും ഒരുപോലെ ഇന്റർനെറ്റ് ലഭ്യമാക്കി ചരിത്രമായ സ്റ്റാർലിങ്ക് പക്ഷേ, ഇന്ത്യയിൽ നേരിട്ടത് അതുവരെ പരിചിതമല്ലാത്ത കടമ്പകളായിരുന്നു. 

2021-ൽ ഏതാണ്ട്, 7400 രൂപ വാങ്ങി പ്രീ ഓർഡറുകൾ സ്വീകരിച്ചെങ്കിലും ഇന്റർനെറ്റ് വിതരണത്തിനുള്ള അനുമതിയും സ്പെക്‌ട്രവും നൽകാത്തതിന്റെ പേരിൽ ട്രായ് ഇടപെട്ട് വാങ്ങിയ പണം തിരിച്ചു കൊടുപ്പിച്ചതായിരുന്നു സ്റ്റാർലിങ്കിന് നേരിട്ട ആദ്യത്തെ വലിയ തിരിച്ചടി. അമേരിക്കയിൽ അന്ന് ജോ ബൈഡനായിരുന്നു പ്രസിഡന്റ്. ബൈഡൻ മാറി ട്രംപ് അധികാരത്തിൽ വന്നതും ട്രംപിന്റെ വലംകൈയായി ഇലോൺ മസ്ക് മാറിയതും സ്റ്റാർലിങ്കിന്റെ ഇന്ത്യൻ പ്രവേശനത്തിന് ആക്കംകൂട്ടി. 

രാജ്യത്ത് സാറ്റലൈറ്റ് ഇന്റർനെറ്റിനുള്ള അനുമതിയായ ടെലികോം വകുപ്പിന്റെ ജിഎംപിസിഎസ് (Global Mobile Personal Communication by Satellite) ലൈസൻസ് കിട്ടാൻ വർഷങ്ങളായി ശ്രമിച്ചുതുടങ്ങിയ മസ്കിന് ആ അനുമതി കിട്ടുന്നത്, ഈ കഴിഞ്ഞ ജൂണിൽമാത്രമാണ്. ഫെബ്രുവരി 14-ന് യുഎസ് പ്രസിഡന്റിന്റെ ഗസ്റ്റ് ഹൗസായ ബ്ലെയർ ഹൗസിൽെവച്ച് ഇലോൺ മസ്കും പ്രധാനമന്ത്രി നരേന്ദ്രമോദിയും ബഹിരാകാശ സാധ്യതകളെക്കുറിച്ച് ചർച്ചനടത്തി നാലുമാസത്തിനുശേഷം, ഇനി ട്രായിയുടെ ശുപാർശയനുസരിച്ച് കേന്ദ്രം സ്പെക്ട്രം കൂടി അനുവദിച്ചാൽ സ്റ്റാർലിങ്കിന് രാജ്യത്ത് സേവനം തുടങ്ങാം. 

ആവശ്യങ്ങളും നിബന്ധനകളും

ടെലികോം കമ്പനികൾ ഒന്നേമുക്കാൽ ലക്ഷം കോടിയോളം രൂപ മുടക്കി 5ജി സ്പെക്‌ട്രം ലേലത്തിൽ പിടിച്ച നാട്ടിൽ, വലിയ ചെലവില്ലാതെ സ്പെക്‌ട്രം വേണമെന്ന സ്റ്റാർലിങ്കിന്റെ ആവശ്യത്തിൽ തട്ടിയാണ് തർക്കം മൂത്തത്. ആഗോളതലത്തിലെ മാനദണ്ഡങ്ങളുമായി ഇന്ത്യ പൊരുത്തപ്പെടണമെന്ന സ്റ്റാർലിങ്കിന്റെ ആവശ്യവും അത് അനുവദിക്കരുതെന്ന ഇന്ത്യൻ സെല്ലുലാർ ഓപ്പറേറ്റർമാരുടെ നിലപാടും പ്രതിസന്ധിയായി. 2023-ലെ സ്പെയ്‌സ് പോളിസിയിൽ ലേലമില്ലാതെ സ്പെക്‌ട്രം അനുവദിക്കാമെന്ന തീരുമാനം സ്റ്റാർലിങ്കിന് ഗുണമായി.

രാജ്യത്തിനകത്തുള്ള പൗരരുടെ സ്വകാര്യവിവരങ്ങളടക്കം എല്ലാം രാജ്യത്തിനകത്തുതന്നെ സൂക്ഷിക്കണമെന്നും ഒന്നുംതന്നെ രാജ്യത്തിനുപുറത്ത് പോകരുതെന്ന നയവും രാജ്യത്തിനകത്ത് ഗ്രൗണ്ട് ഇൻഫ്രാസ്ട്രക്ചർ സംവിധാനം സ്ഥാപിക്കണമെന്നും, ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട നിബന്ധനകൾ അംഗീകരിക്കണമെന്നുമുള്ള ആവശ്യങ്ങൾ ഇലോൺ മസ്ക് അംഗീകരിച്ചതോടെയാണ് സ്റ്റാർലിങ്കിന്റെ വരവ് സുഗമമായത്.

അപ്പോഴും രാജ്യത്തെ പരമ്പരാഗത ടെലികോം കമ്പനികൾ ഉയർത്തിയ പ്രശ്നങ്ങൾ അവിടെ പരിഹാരമാകാതെ കിടപ്പുണ്ട്. സ്പെക്ട്രത്തിന്റെ നേട്ടങ്ങൾ സാങ്കേതികമായും സാമ്പത്തികമായും ഗുണം ചെയ്യുന്നതാണെന്നും സ്റ്റാർലിങ്ക് പോലുള്ള കമ്പനികൾക്ക് ലേലമില്ലാതെ അത് അനുവദിച്ചാൽ    രാജ്യം അനാരോഗ്യകരമായ പല മത്സരങ്ങൾക്കും വേദിയാകുമെന്നുമാണ് ടെലികോം കമ്പനികൾ ഇപ്പോഴും പറയുന്നത്. സ്റ്റാർലിങ്ക് മാത്രമല്ല, ആമസോണിന്റെ കയ്പർ ഉൾപ്പെടെയുള്ള വമ്പന്മാർ തക്കംപാർത്തിരിക്കുന്ന ഇന്ത്യൻ വിപണിയിൽ സർക്കാർ നയം പുനപ്പരിശോധിക്കണമെന്ന് സെല്ലുലാർ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ കഴിഞ്ഞ മേയിലും സർക്കാരിനെ ധരിപ്പിച്ചതാണ്. 

ഉണ്ടാവുമോ മാറ്റം

എല്ലാ ആശങ്കകൾക്കും പരിസമാപ്തിയായി, രാജ്യം പുതിയ ഉപഗ്രഹ ഇന്റർനെറ്റ് മേഖലയിലേക്ക് കാലെടുത്തുവെച്ചു എന്ന തരത്തിലാണ് സ്റ്റാർലിങ്കിന്റെ അന്തിമാനുമതിയെ ടെക് ലോകം കാണുന്നത്. ഇലോൺ മസ്കിന്റെ വരവിനെ കാത്തിരിക്കുന്ന ഒട്ടേറെപ്പേരുള്ള രാജ്യത്ത് ടെസ്‌ലയ്ക്കൊപ്പം സ്റ്റാർലിങ്കുമെന്നത് ഇരട്ടി മധുരമായി കണക്കാക്കുന്നവരുണ്ട്. ടെസ്‌ല മുംബൈ ബാന്ദ്രയിൽ രാജ്യത്തെ ആദ്യത്തെ ഷോറൂം തുടങ്ങാനിരിക്കുകയാണ്. 
സ്റ്റാർലിങ്ക് മാർക്കറ്റിലേക്ക് ഇറങ്ങാൻ തയ്യാറെടുപ്പുകൾ നേരത്തേ തുടങ്ങിയതാണ്. തർക്കത്തിൽ മുൻപന്തിയിലുണ്ടായിരുന്ന ഭാരതി എയർടെലും ജിയോയുമായാണ് അവരാദ്യം കൈകോർത്തത്; അതും സ്റ്റാർലിങ്കിന്റെ രാജ്യത്തെ വിതരണക്കാരായി. 

സ്റ്റാർലിങ്കിന്റെ റിസീവറും മറ്റുമടങ്ങുന്ന കണക്‌ഷന് ഏതാണ്ട് 33,000 രൂപ വേണ്ടിവരുമെന്നാണ് കരുതുന്നത്. പ്രതിമാസം െചലവ് ഏതാണ്ട് 3000 രൂപയാകും. 840 രൂപസൗജന്യ വിലയ്ക്ക് തുടക്കത്തിൽ നൽകാനും സ്റ്റാർലിങ്കിന് പദ്ധതിയുണ്ടെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ രാജ്യത്തെ ബ്രോഡ്ബാൻഡ് നിരക്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ വലിയ അന്തരം പ്രകടമാണെങ്കിലും ഉപയോക്താക്കളുടെ സ്വഭാവവും സ്ഥലവുമെല്ലാം വെച്ചുനോക്കുമ്പോൾ സ്റ്റാർലിങ്കിന്റെ വരവിനെ അത്ര ചെറുതായി കാണാൻ കഴിയില്ല. 

കലാപകാലത്ത് മണിപ്പുരിലെ തീവ്രവാദിക്യാമ്പിൽെവച്ച് അനധികൃതമായി കടത്തിക്കൊണ്ടുവന്ന സ്റ്റാർലിങ്ക് ഉപകരണങ്ങൾ പിടിച്ചെടുത്തുവെന്ന വാർത്തയും അതിനെത്തുടർന്നുനടന്ന വിവാദവും ഉയർത്തുന്ന രാജ്യസുരക്ഷ സംബന്ധിച്ച ചോദ്യങ്ങളും ചെറുതല്ല. ഈ വർഷം അവസാനത്തോടെ സ്റ്റാർലിങ്ക് പ്രവർത്തനംതുടങ്ങുമെന്നാണ് കണക്കുകൂട്ടൽ. സ്റ്റാർലിങ്ക് വരുമ്പോൾ, ഡിജിറ്റൽ സാക്ഷരതയിൽ രാജ്യം പുതിയ ചുവടുവെക്കുമ്പോൾ നമ്മളെ കാത്തിരിക്കുന്ന സാധ്യതകൾ ഒട്ടേറെയാണ്, വെല്ലുവിളികളും.

Content Highlights: Starlink receives approval from InSpace