ഹുവാങ്ങിനെ തിരിച്ചെത്തിക്കാൻ 'വാർ റൂം? സിലിക്കൺവാലിയുടെ പരിഭ്രാന്തിക്കു പിന്നിൽ

എൻവിഡിയ സഹസ്ഥാപകനും ദീർഘകാല സിഇഒയുമായ ജെൻസൻ ഹുവാങ് രാജിവെച്ച ശേഷം സിലിക്കൺവാലി പരിഭ്രാന്തിയിലാണ്. ചൈനയ്ക്കുവേണ്ടി ചാരവൃത്തി നടത്തുന്നുവെന്ന് ആരോപിക്കപ്പെടുന്ന ആലീസ് ഹുവാങ് ഉൾപ്പെടെ ഒന്നിലധികം സ്ത്രീകളുമായി വിവാഹേതര ബന്ധമുണ്ടെന്ന റിപ്പോർട്ടുകളെ തുടർന്നു രാജിവെക്കേണ്ടി വന്ന അദ്ദേഹത്തെ തിരികെ കൊണ്ടുവരുന്നതിനായി ടെക് കോടീശ്വരന്മാരും വെഞ്ചർ ക്യാപിറ്റലിസ്റ്റുകളും വൻകിട ഓഹരിയുടമകളും അണിയറയിൽ തീവ്രശ്രമങ്ങൾ ആരംഭിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. എൻവിഡിയ ബോർഡിന് മേൽ സമ്മർദ്ദം ചെലുത്താനും വൈറ്റ് ഹൗസിന്റെ പിന്തുണ നേടാനുമായി അദ്ദേഹത്തിന്റെ വ്യവസായി സുഹൃത്തുക്കൾ അനൗദ്യോഗിക 'വാർ റൂമിന്' രൂപം നൽകിയിട്ടുണ്ടെന്നും തിരിച്ചുവരവിനെക്കുറിച്ച് ഹുവാങ് അടുത്ത സുഹൃത്തുക്കളുമായി ചർച്ച ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
ഇലോൺ മസ്ക്, എപ്പിക് ഗെയിംസ് സിഇഒ ടിം സ്വീനി, മുൻ യൂബർ സിഇഒ ട്രാവിസ് കലാനിക്, വൈ കോമ്പിനേറ്റർ പ്രസിഡന്റ് ഗാരി ടാൻ തുടങ്ങിയവർ ഹുവാങ്ങിനെ തിരിച്ചെടുക്കണമെന്ന് ബോർഡിനോട് ആവശ്യപ്പെടുന്ന ഓൺലൈൻ നിവേദനത്തിൽ ഒപ്പുവെച്ചു. സ്വതന്ത്ര അന്വേഷണത്തിൽ വസ്തുതകൾ വെളിപ്പെടുംവരെ അദ്ദേഹത്തെ നിലനിർത്തണമെന്നാണ് ആവശ്യം. നവംബർ 15 ആയപ്പോഴേക്കും 1.5 ലക്ഷത്തിലധികം പേർ കത്തിൽ ഒപ്പുവെച്ചിട്ടുണ്ട്. ആൾട്ടിമീറ്റർ കാപ്പിറ്റലിലെ ബ്രാഡ് ഗേഴ്സ്റ്റ്നർ, അ്രൈടഡീസിലെ ഗവിൻ ബേക്കർ ഉൾപ്പെടെയുള്ള വൻകിട നിക്ഷേപകരും ഹുവാങിന്റെ തിരിച്ചുവരവ് പരിഗണിക്കണമെന്ന് ബോർഡിനോട് ആവശ്യപ്പെട്ടു.
അതേസമയം, കമ്പനിയുടെ മുഖ്യസാമ്പത്തിക ഓഫീസറായ (സിഎഫ് ഒ) കോളെറ്റ് ക്രെസ്സ് ഇടക്കാല സിഇഒ ആയി ചുമതലയേറ്റു. ഹാർവി സി. ജോൺസിനെ എൻവിഡിയയുടെ ആദ്യ ചെയർമാനായി നിയമിച്ചിട്ടുണ്ട്. സ്ഥിരംമേധാവി സ്ഥാനത്തേക്ക് അകത്തും പുറത്തുമുള്ള സ്ഥാനാർഥികളെ ബോർഡ് പരിഗണിക്കുന്നുണ്ട്. യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് നവംബർ 15-ന് കമ്പനി സമൂലമായി അഴിച്ചുപണിയണമെന്നും സിഇഒയെ പുറത്തുനിന്ന് കണ്ടെത്തണമെന്നും ആവശ്യപ്പെട്ടു. പുറമേ, ചൈനയിലേക്കുള്ള ചിപ്പ് വിൽപ്പനയെക്കുറിച്ച് പത്തുദിവസത്തിനകം ഉത്തരം വേണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ഇത് ഹുവാങിന്റെ മടങ്ങിവരവ് ബുദ്ധിമുട്ടാക്കുമെന്ന് വിപണി നിരീക്ഷകർ വിലയിരുത്തുന്നു.
പരിഭ്രാന്തിയും സാമ്പത്തിക യാഥാർത്ഥ്യവും
സിലിക്കൺവാലിയുടെ അസാധാരണമായ ഈ പരിഭ്രാന്തിക്ക് കാരണം ഗൗരവമേറിയ ഒരു സാമ്പത്തിക യാഥാർത്ഥ്യമാണ്. നൂറുകണക്കിന് ബില്യൺ ഡോളർ നിക്ഷേപമിറക്കിയിട്ടും അമേരിക്കയിലെ നിർമിതബുദ്ധി വ്യവസായം ഇപ്പോഴും ഭീമമായ നഷ്ടത്തിലാണ്. എഐ ആവാസവ്യവസ്ഥയിലെ ലാഭകരമായ നെടുംതൂണായിരുന്നു ഹുവാങ് നയിച്ച എൻവിഡിയ. ഡേറ്റാ സെന്റർ നിർമ്മാണങ്ങൾക്ക് പണം നൽകുകയും വൻനഷ്ടത്തിൽ പ്രവർത്തിക്കുന്ന എഐ സ്റ്റാർട്ടപ്പുകളെയും ലാബുകളെയും സഹായിക്കുകയും ചെയ്ത് നിക്ഷേപകരുടെ ആത്മവിശ്വാസം നിലനിർത്തിയിരുന്ന വമ്പൻ.
അമേരിക്കയിലെ എഐ മോഡലുകളുടെ പരിശീലനത്തിനും പ്രവർത്തനത്തിനും എൻവിഡിയയുടെ ജിപിയുകളെയും ക്യൂഡ (CUDA) സോഫ്റ്റ്വെയറിനെയുമാണ് ഭൂരിഭാഗവും ആശ്രയിക്കുന്നത്. പുതിയ ചിപ്പുകളുടെ നിർമ്മാണത്തിലോ വിതരണത്തിലോ ഉണ്ടാകുന്ന ചെറിയ കാലതാമസംപോലും യുഎസ് ടെക് കമ്പനികളുടെ വളർച്ചയെ ബാധിക്കാം. എങ്കിലും, ദീർഘകാലാടിസ്ഥാനത്തിൽ എൻവിഡിയയുടെ കുത്തക തകരുന്നത് എഎംഡി, ബ്രോഡ്കോം തുടങ്ങിയ എതിരാളികൾ വളരാനും ചിപ്പുകളുടെ അമിതവില ('കമ്പ്യൂട്ട് ടാക്സ്') കുറയാനും കാരണമായേക്കാം. ആഗോള മത്സരത്തിലെ തിരിച്ചടിയാണ് മറ്റൊരു പ്രധാന ഉൽക്കണ്ഠ. അമേരിക്കൻ എഐ മേഖലയിലുണ്ടാകുന്ന തളർച്ചയും കൂടുതൽ കർശനമാകുന്ന കയറ്റുമതി നിയന്ത്രണങ്ങളും ചൈനീസ് കമ്പനികൾക്ക് വലിയ അവസരമാകുമെന്ന് കരുതപ്പെടുന്നു.
എൻവിഡിയയുടെ പതനം യുഎസിലെ എഐ ആവാസവ്യവസ്ഥയെ അതിവേഗ വളർച്ചയിൽനിന്ന് കടുത്ത സാമ്പത്തിക ഞെരുക്കത്തിലേക്കും അനിശ്ചിതത്വത്തിലേക്കും മേഖലയെ തള്ളിവിട്ടേയ്ക്കുമെന്ന് നിരീക്ഷകർ പറയുന്നു. ഹുവാങ് രാജി പ്രഖ്യാപിച്ച ദിവസം പ്രീമാർക്കറ്റ് വ്യാപാരത്തിൽ എൻവിഡിയ ഓഹരി 10 ശതമാനം ഇടിഞ്ഞു. അദ്ദേഹത്തെ മാറ്റുന്നതിനെതിരെ ചില നിക്ഷേപകർ ബോർഡിന് മുന്നറിയിപ്പ് നൽകി. പുതിയ നേതൃത്വം സാമ്പത്തിക ജാഗ്രതയിലേക്ക് മാറിയാൽ എഐ സ്റ്റാർട്ടപ്പുകളിലേക്കുള്ള നിക്ഷേപം നിലയ്ക്കുമെന്നും മൂലധന സമാഹരണം ദുഷ്കരമാകുമെന്നും ഡേറ്റാ സെന്റർ നിർമാണം മന്ദഗതിയിലാകുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
എൻവിഡിയ- ചൈന 'ചിപ്പുകളി'
1993-ലാണ് ഹുവാങ് എൻവിഡിയയ്ക്ക് തുടക്കമിട്ടത് ഗെയിമിംഗിനും പ്രൊഫഷണൽ വിഷ്വലൈസേഷനുമുള്ള ഗ്രാഫിക്സ് ചിപ്പുകൾ നിർമ്മിക്കുന്ന കമ്പനി ആയിട്ടായിരുന്നു. എന്നാൽ, ഡീപ് ലേണിംഗ് വിപ്ലവത്തോടെ ലാർജ് ലാംഗ്വേജ് മോഡലുകളും മറ്റ് നൂതന എഐ സംവിധാനങ്ങളും പരിശീലിപ്പിക്കുന്നതിനുള്ള അടിസ്ഥാന പ്ലാറ്റ്ഫോമായി കമ്പനിയുടെ ജിപിയുകളും ക്യൂഡ സോഫ്റ്റ്വെയർ സംവിധാനവും മാറി. 2020-കളുടെ പകുതിയോടെ കമ്പനിയുടെ വിപണിമൂല്യം ട്രില്യൺ ഡോളറുകൾ കടന്നു; എൻവിഡിയയുടെ ഹാർഡ്വെയറുകൾ വാങ്ങുന്ന എഐ ലാബുകളും ക്ലൗഡ് സ്റ്റാർട്ടപ്പുകളും വൻനഷ്ടം നേരിട്ടപ്പോഴും കമ്പനി വളരെ ഉയർന്ന ലാഭവിഹിതം നേടി. കമ്പനി 'നിയോക്ലൗഡ്' ദാതാക്കളിലും എഐ സ്റ്റാർട്ടപ്പുകളിലും നിക്ഷേപിക്കുകയും ആ പണം ഉപയോഗിച്ച് അവർ കൂടുതൽ എൻവിഡിയ ചിപ്പുകൾ വാങ്ങുകയും ചെയ്യുന്നുവെന്നത് വിമർശകരുടെ പ്രധാന ആരോപണമാണ്.
കയറ്റുമതി നിയന്ത്രണങ്ങൾ കമ്പനിയുടെ ചൈനീസ് വ്യാപാരത്തെ സങ്കീർണ്ണമാക്കി. അത്യാധുനിക ചിപ്പുകൾ ഏറ്റവുമധികം ആവശ്യമുള്ള രാജ്യങ്ങളിലൊന്ന് ചൈനയായിരുന്നു. പക്ഷേ, ദേശീയസുരക്ഷ മുൻനിർത്തി 2022-ൽ ബൈഡൻ ഭരണകൂടം ആരംഭിച്ചതും പിന്നീട് ട്രംപ് ഭരണകൂടം പരിഷ്കരിച്ചതുമായ നിയന്ത്രണങ്ങൾ വഴി ചൈനയ്ക്ക് ഇവ വിൽക്കുന്നത് അമേരിക്ക വിലക്കി. കർശന നിയന്ത്രണങ്ങൾ ചൈനയെ സ്വന്തമായി ചിപ്പുകൾ നിർമ്മിക്കാൻ പ്രേരിപ്പിക്കുകയും അത് ചിപ്പുകളുടെ അടുത്ത തലമുറ ഗവേഷണത്തിനാവശ്യമായ വലിയൊരു വരുമാനസ്രോതസ്സ് എൻവിഡിയയ്ക്ക് നഷ്ടമാക്കുകയും ചെയ്യുമെന്നായിരുന്നു ഹുവാങിന്റെ നിലപാട്. ഈ നിലപാടിനു പിന്നിൽ ചൈനയുടെ പരോക്ഷസ്വാധീനമായിരുന്നു എന്നാണ് ആരോപണം.
ആലീസ് ഹുവാങുമായി ബന്ധപ്പെട്ട സിംഗപ്പൂർ കമ്പനി മെഗാസ്പീഡും അനുബന്ധ സ്ഥാപനങ്ങളും ശ്രദ്ധയാകർഷിച്ചത് ഈ സാഹചര്യത്തിലാണ്. ചൈനീസ് ഗെയിമിംഗ് താല്പര്യങ്ങളുമായി ബന്ധമുള്ള അപ്രശസ്ത സ്ഥാപനമായി തുടങ്ങിയ മെഗാസ്പീഡ്, തെക്കുകിഴക്കൻ ഏഷ്യയിലെ എൻവിഡിയയുടെ ഏറ്റവും വലിയ ഉപഭോക്താക്കളിൽ ഒന്നായി മാറിയത് അതിവേഗമാണ്.
മെഗാസ്പീഡും മലേഷ്യൻ അനുബന്ധ സ്ഥാപനമായ സ്പീഡ്മാട്രിക്സും മൂന്നു വർഷത്തിനിടെ ഏകദേശം 4.8 ബില്യൺ ഡോളറിന്റെ എൻവിഡിയ ഉപകരണങ്ങൾ വാങ്ങിയെന്നാണ് സിബിഎസ് റിപ്പോർട്ട്. ആലീസുമായി ബന്ധപ്പെട്ട കമ്പനികളുടെ ശൃംഖല വഴി നിരോധിതമായവ ഉൾപ്പെടെ ഏഴരബില്യൺ ഡോളറിന്റെ എൻവിഡിയ ചിപ്പുകൾ ചൈനീസ് സ്ഥാപനങ്ങളിലെത്തിച്ചെന്നും ആരോപണമുണ്ട്. മെഗാസ്പീഡും എൻവിഡിയയും ആരോപണം നിഷേധിക്കുന്നു. ആലീസ് 2025 ഓഗസ്റ്റിൽ കമ്പനി വിട്ടെന്ന് മെഗാസ്പീഡ് അവകാശപ്പെടുന്നു.
ഒരു വർഷത്തിലേറെ കാലം യുഎസ് രഹസ്യാന്വേഷണ ഏജൻസികളും കയറ്റുമതി നിയന്ത്രണ വിഭാഗങ്ങളും മെഗാസ്പീഡിനെയും ആലീസ് ഹുവാങ്ങിനെയും നിരീക്ഷിച്ചു വരികയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ചൈനയുടെ സ്റ്റേറ്റ് സെക്യൂരിറ്റി മന്ത്രാലയം (എംഎസ്എസ്) റിക്രൂട്ട് ചെയ്ത ഏജന്റാണ് ആലീസ് എന്നും ഇരുവരും തമ്മിലുള്ളത് പ്രണയബന്ധമാണെന്നും രഹസ്യാന്വേഷണ ഏജൻസികൾ വിലയിരുത്തി. അമേരിക്കൻ എഐ ചിപ്പുകളെക്കുറിച്ചുള്ള വിവരങ്ങൾ ചോർത്താനും എൻവിഡിയയുടെ നിലപാടുകളെ സ്വാധീനിക്കാനുമായിരുന്നു ലക്ഷ്യമിട്ടതെന്നും അവർ കണ്ടെത്തി.
പ്രസിഡന്റിനെ ഒരുവർഷം മുമ്പുതന്നെ ഈ വിവരം ധരിപ്പിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്; എന്നാൽ, അടുത്തിടെയാണ് അറിഞ്ഞതെന്ന് ട്രംപ് പറയുന്നു. വൻകിട ക്ലൗഡ് കമ്പനികളും എഐ ലാബുകളും ചൈനയുമായി കടുത്ത മത്സരത്തിലേർപ്പെട്ടിരിക്കുന്ന സമയത്ത്, യുഎസിലെ എഐ സമ്പദ്വ്യവസ്ഥയുടെ കേന്ദ്രബിന്ദുവിനെ അസ്ഥിരപ്പെടുത്തുന്നതിലൂടെ ഉണ്ടാകാവുന്ന അപകടസാധ്യതകൾ കണക്കിലെടുത്തായിരുന്നു ഈ വിഷയം രഹസ്യമായി കൈകാര്യം ചെയ്തതെന്നാണ് റിപ്പോർട്ടുകൾ. പക്ഷേ, ആ രഹസ്യം പെട്ടെന്ന് തകരാൻ എന്താണ് കാരണമെന്ന ചോദ്യം ഇപ്പോൾ ഉയരുന്നുണ്ട്.
വിവാദത്തിനു പിന്നിൽ ഗൂഢാലോചന?
ഹുവാങ് നവംബർ 12-ന് രാജിവെച്ചതു മുതൽ വിവാദത്തിനു പിന്നിൽ കൃത്യമായ ആസൂത്രണമുണ്ടെന്ന ആരോപണങ്ങൾ ശക്തമാണ്. 2026-ലെ യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെയാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. അത് എൻവിഡിയയുടെ നേതൃത്വത്തെ തകർക്കാൻ കാത്തിരുന്ന സ്ഥാപിതതാല്പര്യക്കാർ ഒത്തുചേർന്നതിലേക്ക് വിരൽചൂണ്ടുന്നതായി വിമർശകർ പറയുന്നു.
ഹുവാങിന് പ്രസിഡന്റ് ട്രംപുമായുള്ള അടുത്ത ബന്ധത്തിലും, സമ്പൂർണ്ണ ചിപ്പ് നിരോധനങ്ങൾക്കെതിരെ അദ്ദേഹം നടത്തിയ ലോബിയിംഗിലും വാഷിംഗ്ടണിലെ ഒരു വിഭാഗം രാഷ്ട്രീയക്കാർ ഏറെക്കാലമായി അസ്വസ്ഥരായിരുന്നു. എൻവിഡിയയുടെ 'കമ്പ്യൂട്ട് ടാക്സിന്' കീഴിൽ ഞെരിഞ്ഞമർന്നിരുന്ന ക്ലൗഡ് ഭീമന്മാരും എതിരാളി ചിപ്പ് നിർമ്മാതാക്കളും കമ്പനിയുടെ കുത്തക തകരുന്നത് ആഗ്രഹിക്കുന്നവരാവും. അതായത്, രാജ്യത്തിന് അകത്തും പുറത്തുമുള്ള എതിരാളികൾ എഐ ആവാസവ്യവസ്ഥയിൽ എൻവിഡിയയുടെ മേധാവിത്വം തകർക്കാൻ പ്രതിസന്ധിയെ ആയുധമാക്കിയിരിക്കാമെന്ന് വിമർശകർ വാദിക്കുന്നു.
പക്ഷേ, ഹുവാങിനെ തിരികെ കൊണ്ടുവരുന്നത് എളുപ്പമല്ല, കാരണം, അദ്ദേഹത്തിന്റെ രാജിയിലേക്ക് നയിച്ച വിവാദങ്ങളുമായി ബന്ധപ്പെട്ട കടുത്ത നിയമപരവും ഭരണപരവുമായ കടമ്പകളാണ്. മെഗാസ്പീഡ് എന്ന കമ്പനി വഴി നിയന്ത്രിത എൻവിഡിയ ചിപ്പുകൾ ചൈനയിലേക്ക് കടത്താൻ സഹായിച്ചതായി അമേരിക്കൻ അധികൃതർ സംശയിക്കുന്ന ആലീസ് ഹുവാങുമായി താൻ വിവാഹേതര ബന്ധത്തിൽ ഏർപ്പെട്ടുവെന്ന് ഹുവാങ് സമ്മതിച്ചിരുന്നു.
അതിനു പിന്നാലെ, എൻവിഡിയയിലെ രണ്ട് കീഴുദ്യോഗസ്ഥരുമായി അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന മാധ്യമ റിപ്പോർട്ടുകൾ പുറത്തുവന്നതോടെയും സാഹചര്യം കൈവിട്ടുപോയി. ബന്ധം വെളിപ്പെടുത്താത്തതിന്റെ പേരിൽ ഓഹരിയുടമകൾ ഹുവാങിനും കമ്പനിക്കുമെതിരെ ക്ലാസ് ആക്ഷൻ കേസ് ഫയൽ ചെയ്തിട്ടുണ്ട്. മെഗാസ്പീഡിനെ കരിമ്പട്ടികയിൽ പെടുത്താത്തതിനെക്കുറിച്ച് ബെസെന്റ് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലട്ട്നിക്കിനോട് ചോദിച്ചുവെന്നും റിപ്പോർട്ടുണ്ട്.
വിവാദമുയർത്തുന്ന പ്രധാന ചോദ്യങ്ങൾ ഇവയാണ്:
`1. ട്രഷറി ഡിപ്പാർട്ട്മെന്റിന്റെയും കോൺഗ്രസിന്റെയും എൻവിഡിയ ബോർഡിന്റെയും എതിർപ്പുകളെ മറികടന്ന് ഹുവാങ്ങിനെ തിരികെ കൊണ്ടുവരാൻ സിലിക്കൺവാലിയിലെ 'വാർ റൂമിന്' കഴിയുമോ?
2. എൻവിഡിയയുടെ ഏതെങ്കിലും വ്യാപാര രഹസ്യങ്ങളോ നിർണ്ണായക/ നയരൂപീകരണ വിവരങ്ങളോ ചൈനയ്ക്ക് ലഭിച്ചിട്ടുണ്ടോ?
3. ഹുവാങിന്റെ പതനമുണ്ടാക്കിയ ആത്മവിശ്വാസത്തകർച്ചയും മൂലധന മരവിപ്പും അമേരിക്കയുടെ എഐ മേധാവിത്വത്തെ തളർത്തുമോ?
Content Highlights: NVIDIA co-founder and CEO Jensen Huang resigned in 2026 following a scandal involving alleged extramarital affairs and Chinese espionage ties through Alice Huang., Silicon Valley tech titans and investors have formed an unofficial 'war room' and online petitions to pressure the board for his reinstatement., Colette Kress has taken over as interim CEO, while US officials demand a major corporate overhaul and answers regarding China chip sales., Huang's departure triggered a 10% stock drop, fueling fears of a massive economic slowdown and capital freeze in the US artificial intelligence sector.