ഫോണ്‍ വിളികള്‍ മാജിക്കലാവും, നോക്കിയ പരീക്ഷിച്ച 'ഐവാസ് കോഡെക്കിനെ' പരിചയപ്പെടാം

ആശയവിനിമയ സാങ്കേതികവിദ്യകള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഭൂഖണ്ഡങ്ങളാലും രാജ്യാതിര്‍ത്തികളാലും സംസ്‌കാരം കൊണ്ടും ഭാഷകളാലും വിഭജിച്ചുകിടന്ന ലോകജനതയെ പരസ്പരം ബന്ധിപ്പിച്ചത് ആശയവിനിമയ സാങ്കേതിക വിദ്യകളുടെ ഇക്കാലമത്രയും കണ്ട അതിശയകരമായ വികാസമാണ്. അതിവേഗ ഇന്റര്‍നെറ്റില്‍ അധിഷ്ഠിതമായ അത്യാധുനിക ഡിജിറ്റല്‍ സംവിധാനങ്ങളാണ് ഇന്ന് നമ്മളെയെല്ലാം പരസ്പരം ബന്ധിപ്പിക്കുന്നത്. ലോകത്തെവിടെ ആയാലും പ്രിയപ്പെട്ടവര്‍ നമ്മുടെ തൊട്ടടുത്തുള്ളത് പോലെ ഒരു വിളിപ്പുറത്ത് ലഭ്യമാകുന്ന കാലം.
വിവരക്കൈമാറ്റത്തില്‍ കത്തെഴുത്തുകളുടെ കാലതാമസം ഇല്ലാതാക്കിയത് ടെലിഫോണുകളുടെ വരവാണ്. ആ ഫോണ്‍വിളി സാങ്കേതികവിദ്യ ഇന്ന് സ്മാര്‍ട്‌ഫോണുകളില്‍ എത്തിനില്‍ക്കുന്നു. ശബ്ദത്തിലൂടെ മാത്രമല്ല ദൂരെയുള്ളവരുമായി സ്‌ക്രീനില്‍ പരസ്പരം കണ്ട് തത്സമയം സംസാരിക്കാന്‍ ഇന്ന് നമുക്കാവും. 2ജിയും 3ജിയും 4ജിയും കടന്ന് 5ജിയിലെത്തിയപ്പോള്‍ കയ്യിലിരുന്ന ഫോണിന് എത്രത്തോളം മാറ്റങ്ങളുണ്ടായിട്ടുണ്ടെന്ന് എൺപതുകൾക്ക് ശേഷം ജനിച്ചവര്‍ ഇക്കാലമത്രയും കണ്ടും അനുഭവിച്ചുമറിഞ്ഞതാണ്.
Content Highlights: nokia ivas codec details