ഇന്ത്യയിലും ദൃശ്യമായ അത്ഭുതക്കാഴ്ച ! 'അറോറ' ലഡാക്കിൽ തെളിഞ്ഞതെങ്ങനെ ?

ഇവിടത്തെ വിഷയം അറോറയെക്കുറിച്ചാണ്. നിങ്ങളുടെ പണ്ടത്തെ പഞ്ചാബി സുഹൃത്ത് അറോറയെക്കുറിച്ചല്ല. ആകാശത്തിലെ നിറക്കൂട്ടിനു ജ്യോതിശ്ശാസ്ത്രത്തിലുള്ള സാങ്കേതികനാമം അറോറ (aurora) എന്നാണ്.
ഉത്തരാര്‍ധഗോളത്തില്‍ ഇതു സംഭവിക്കുമ്പോള്‍ അതിന് അറോറ ബോറിയലിസ് (aurora borealis) എന്നും ദക്ഷിണാര്‍ധഗോളത്തില്‍ അറോറ ഓസ്ട്രലിസ് (aurora australis) എന്നും അറിയപ്പെടുന്നു. അനൗപചാരികമായി ഇവ നോര്‍ത്തേണ്‍ ലൈറ്റ്-സതേണ്‍ ലൈറ്റ് എന്നും പറയപ്പെടാറുണ്ട്. ഈ പേര് നിങ്ങള്‍ ചില സഞ്ചാരസംബന്ധമായ മാഗസിനുകളിലും ടി.വി. ചാനലിലുമൊക്കെ കേട്ടുകാണും.
ഒരു ശരാശരി മലയാളി ഇതു നേരിട്ടുകാണാനുള്ള സാധ്യത കുറവാണ്. കാരണം ഈ പ്രതിഭാസം കേരളത്തിലെ ആകാശത്തില്‍നിന്നു കാണാനുള്ള സാധ്യത തീരേ കുറവാണ്. ഇതില്‍ കേരളം എന്നുമാത്രമല്ല, ഭുമധ്യരേഖയുടെ അടുത്തുള്ള ഒരുപ്രദേശത്തുനിന്നും ഈ പ്രക്രിയ കണ്ണുകൊണ്ട് കാണാന്‍കഴിയില്ല. അങ്ങനെ പറയുമ്പോള്‍ ഇന്ത്യക്കാര്‍തന്നെ കാണാനുള്ള ചാന്‍സ് കുറവാണെന്നര്‍ഥം.
എന്നാല്‍, ഈ മേയില്‍ ഒരു അദ്ഭുതം സംഭവിച്ചു. ഇന്ത്യയില്‍ത്തന്നെയുള്ള ലേ-ലഡാക്കില്‍വെച്ച് ഒരുപാട് ഇന്ത്യക്കാര്‍ ഈ അതിഗംഭീരമായ നിറക്കൂട്ട് ആകാശത്തില്‍ അവരുടെ കണ്ണുകൊണ്ട് ആസ്വദിച്ചു. ഇത് വളരെ വിരളമായി സംഭവിക്കുന്ന പ്രത്യേകതനിറഞ്ഞ ഒരു മുഹൂര്‍ത്തം. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് നൂറുകണക്കിനു വര്‍ഷത്തില്‍ ഒരിക്കല്‍മാത്രം സംഭവിക്കുന്ന കാര്യമാണ്.
പൊതുവേ മലയാളികള്‍ അറോറ എന്ന പ്രതിഭാസം കാണാനിടയുള്ളത് കാനഡയിലോ നോര്‍വേയിലോ ന്യൂസീലന്‍ഡിലോയൊക്കെയുള്ള ചെറിയ ഗ്രാമപ്രദേശത്തിലുള്ളപ്പോഴാണ്.
ഞാനാദ്യമായി ഇതു കാണുന്നത് നോര്‍വേയില്‍ ഓസ്ലോ സര്‍വകലാശാലയില്‍ ജോലിചെയ്യുന്നകാലത്ത് അവിടത്തെ ടെറസില്‍നിന്നാണ്. കുറച്ചു കാല്പനികമായി പറയുകയാണെങ്കില്‍ ഇതൊരു ആകാശത്തിലെ വര്‍ണപ്പകിട്ടാര്‍ന്ന തിരമാലകളുടെ നടനം എന്നൊക്കെ വിശേഷിപ്പിക്കാവുന്നതാണ്. നോര്‍വേയില്‍ വൈക്കിങ്ങുകളുടെ കാലത്തെ ഐതിഹ്യപ്രകാരം വീരമൃത്യുവരിച്ച പോരാളികളുടെ ശ്വാസവും അവരുടെ പരിചയില്‍നിന്നുള്ള പ്രകാശത്തിന്റെ പ്രതിഫലനവുമായി ഇതിനെ കരുതുന്നു.
കഴിഞ്ഞമാസം എന്തുകൊണ്ട് ഇതൊക്കെ സംഭവിച്ചു എന്നുള്ളതാണ് നമ്മുടെമുന്നിലെ ചോദ്യം. അതിനുള്ള ഉത്തരം ഭൂമിയിലല്ല സൂര്യനിലാണ് കിടക്കുന്നത്. പൊതുവേ സോളാര്‍ ആക്ടിവിറ്റി പീക്കിലെത്തുമ്പോള്‍ അറോറയുടെ തീവ്രതകൂടും. അതാണ് നമ്മുക്കറിയുന്ന ഒരുത്തരം.
ഭൂമിക്ക് ഒരു കാന്തികമണ്ഡലമുള്ളതായി എല്ലാവര്‍ക്കും അറിയാമല്ലോ. അതുകൊണ്ടാണ് നമ്മള്‍ നോര്‍ത്ത് പോള്‍ എന്നും സൗത്ത് പോള്‍ എന്നും പറയുന്നത്. കോമ്പസ് ദിശാ സൂചിക സ്ഥലത്തിനനുസരിച്ചു മാറുന്നത് ഭൂമിയുടെ കാന്തികശക്തികാരണമാണ്.
അതുപോലെത്തന്നെ നമ്മുടെ സൂര്യനും ഒരു കാന്തികക്ഷേത്രമുണ്ട്. അത് ഭൂമിയെ അപേക്ഷിച്ച് വളരെ വലുതാണ്. നമ്മുടെ സൂര്യന്റെ കാന്തികക്ഷേത്രത്തിന് 11 വര്‍ഷത്തിന്റെ ഒരു പ്രവര്‍ത്തനചക്രമുണ്ട്. ഇതിനെ ഊര്‍ജതന്ത്രത്തില്‍ സോളാര്‍ സൈക്കിള്‍ എന്ന് വിശേഷിപ്പിക്കുന്നു.
2024 ഈ പ്രവര്‍ത്തനചക്രത്തിന്റെ കൊടുമുടിയാണ്. ഇതിനെ സോളാര്‍ മാക്സിമം എന്നുവിളിക്കും. ഈ സമയത്ത് പതിവിലും അധികമെണ്ണം സൂര്യകളങ്കങ്ങള്‍ സൂര്യനില്‍ കാണാവും. ഒരു സോളാര്‍ ഫില്‍ട്ടര്‍ ദൂരദര്‍ശിനിയില്‍ ഘടിപ്പിച്ചതിനുശേഷം നോക്കിയാല്‍ ഇവയെ നിങ്ങള്‍ക്ക് സൂര്യന്റെ മുകളില്‍ കറുത്തകുത്തുകള്‍പോലെ കാണാം. കണ്ടാല്‍ അവ ചെറുതായിത്തോന്നുമെങ്കിലും അതിലെ കുത്തുകള്‍ യഥാര്‍ഥത്തില്‍ അനേകം ഭൂമികളുടെ വലുപ്പമുള്ളതാണ്.
ഇതുവരെയുള്ള കണക്കുകള്‍വെച്ചുനോക്കുമ്പോള്‍ ഇത്തവണത്തെ സോളാര്‍ കൊടുങ്കാറ്റുകള്‍ കഴിഞ്ഞ 400 വര്‍ഷമായി ഈ ശക്തിയില്‍ വന്നിട്ടില്ല. എന്തുകൊണ്ട് അങ്ങനെ സംഭവിച്ചു എന്ന് ജ്യോതിശ്ശാസ്ത്രജ്ഞര്‍ക്ക് ഒരു എത്തുംപിടിയും കിട്ടിയിട്ടില്ല. അതിന്റെ ഉത്തരം തേടാനുള്ള ഗവേഷണങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.
സൂര്യന്റെ പലതരത്തിലുള്ള മൂഡ് സ്വിങ്സാണ് അറോറയുടെ കാരണമെന്ന് ഒരുതരത്തില്‍ പറയാം. സൂര്യന്‍ വളരെ ശാന്തഭാവത്തിലായിരിക്കുമ്പോള്‍ സൂര്യനില്‍നിന്നു നമുക്ക് വെളിച്ചവും ചൂടും നിശ്ചിതയളവില്‍ കിട്ടിക്കൊണ്ടേയിരിക്കും. വേറിട്ട വികിരണങ്ങള്‍ കിട്ടില്ല.
സൂര്യന്‍ രൗദ്രഭാവത്തിലാണെങ്കില്‍ സോളാര്‍ ഫ്‌ളേഴ്‌സ് കോറോണല്‍ മാസ് ഇജെക്ഷന്‍സ് എന്നിവ ഭൂമിവരെ എത്തും. ഇതിലെ സോളാര്‍ ഫ്‌ളേഴ്‌സ് വളരെയധികം ഊര്‍ജംനിറഞ്ഞ ഇലക്ട്രോ-മാഗ്നെറ്റിക് റേഡിയേഷനാണ്. സൂര്യനില്‍നിന്നുള്ള ഈവക എക്സ്-റേ രശ്മികള്‍ നമ്മുടെ ഭൂമിയിലെ അന്തരീക്ഷത്തിലെ കണികകളെ ചാര്‍ജുള്ളതാക്കി. ഇത് നമ്മുടെ റേഡിയോ ട്രാന്‍സ്മിഷന്‍ പ്രക്രിയക്കൊക്കെ തടസ്സമുണ്ടാക്കാം.
സോളാര്‍ വിന്‍ഡിലെ ചാര്‍ജ്ഡ് കണികകള്‍ ബഹിരാകാശപേടകത്തിനും അതിലെ സോളാര്‍ പാനലുകള്‍ ബഹിരാകാശ സഞ്ചാരികള്‍ക്കുമൊക്കെ വെല്ലുവിളികളാണ്. സോളാര്‍ കൊടുങ്കാറ്റുകള്‍ ഭൂമിയിലെത്തുമ്പോള്‍ കാന്തികമണ്ഡലങ്ങള്‍ തമ്മിലുള്ള ഇടപെടല്‍കാരണം ദേശീയ പവര്‍ ഗ്രിഡുകള്‍ തന്നെ തകരാറിലാവാം. ഇതിനെല്ലാം തെളിവായി ഈ കാര്യങ്ങള്‍ മുന്‍പേനടന്നിട്ടുള്ള രേഖകളുണ്ട്. അതുകൊണ്ടുതന്നെ സൂര്യനാണ് ഇവിടെ ഹീറോയും വില്ലനും.
സോളാര്‍ കൊടുങ്കാറ്റുകള്‍ കൊണ്ടുവരുന്ന ചാര്‍ജ്ഡ് കണികകള്‍ ഭൂമിയുടെ നോര്‍ത്ത് പോള്‍-സൗത്ത് പോള്‍ കാന്തികമണ്ഡലങ്ങള്‍ ഉത്തര-ദക്ഷിണങ്ങളില്‍ ഓരോ ഫണല്‍പോലെ ആകര്‍ഷിച്ച് ഭൂമിയുടെ അന്തരീക്ഷത്തിലെത്തിക്കുന്നു.
ഭൂമധ്യരേഖയുടെ അടുത്തുള്ള ഭാഗങ്ങളില്‍ കാര്യമായ ചാര്‍ജ്ഡ് കണികകളെത്തില്ല. എല്ലാം ധ്രുവങ്ങളില്‍ തിങ്ങിനിറയും. അതുകൊണ്ടാണ് അറോറ നമ്മള്‍ ധ്രുവങ്ങളില്‍ മാത്രം പൊതുവേ കാണുന്നത്.
കോറോണല്‍ മാസ് ഇജെക്ഷന്‍സ് സംഭവിക്കുമ്പോള്‍ അതിലെ വളരെ ഊര്‍ജമുള്ള കണികകള്‍ നമ്മുടെ ഭൂമിയിലെ അന്തരീക്ഷത്തിലെ നൈട്രജന്‍, ഓക്സിജന്‍ തന്മാത്രകളായി കൂട്ടിയിടിക്കുന്നു. അവര്‍ തമ്മിലുള്ള ഊര്‍ജകൈമാറ്റം നടക്കുന്നു. അതിനുശേഷം ഊര്‍ജത്തിലുള്ള ഏറ്റക്കുറച്ചിലുകളാണ് നമ്മള്‍ പലതരത്തിലുള്ള നിറങ്ങളുടെ തിരമാലകളായി ആകാശത്തു കാണുന്നത്. പള്ളിക്കൂടത്തില്‍ പോയിരുന്നകാലത്ത് രസതന്ത്രത്തിന്റെ പരീക്ഷണശാലയില്‍ നിങ്ങള്‍ പലതരത്തിലുള്ള ലോഹങ്ങള്‍ കത്തിക്കുമ്പോള്‍ വേറിട്ട നിറങ്ങള്‍ തീനാളത്തില്‍ കണ്ടുകാണുമല്ലോ. ഇവിടെയും അതിനുസമാനമായ പ്രതിഭാസമാണ് നടക്കുന്നത്. ഇതാണ് അറോറ എന്ന പ്രതിഭാസത്തിന്റെ ആന്തരികമായ സത്യം.
Content Highlights: How did Aurora appear in india, aurora australis, aurora borealis