യു.എസിന്റെ ഗോൾഡൻ ഡോമിന് ബദൽ; വരുന്നു ഇന്ത്യയുടെ 'ഒപ്‌റ്റോണിക് ഷീൽഡ്'

യു.എസിന്റെ ഗോൾഡൻ ഡോം പദ്ധതി ലോകശ്രദ്ധ ആകർഷിച്ചതാണ്. എന്നാൽ, ഗോൾഡൻ ഡോമിന് ഇന്ത്യൻ ബദലൊരുക്കുകയാണ് പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒ. കരയിലൂടെയും ആകാശം വഴിയുമുള്ള ആക്രമണങ്ങളെ പറ്റി മുൻകൂട്ടി വിവരം നൽകി പ്രതിരോധത്തിന് സജ്ജമാക്കുന്ന സംവിധാനമാണ് ഡിആർഡിഒ വികസിപ്പിക്കാൻ ഒരുങ്ങുന്നത്. 'ഒപ്‌റ്റോണിക് ഷീൽഡ്' എന്ന് പേരിട്ടിരിക്കുന്ന പദ്ധതി അത്യാധുനിക സാങ്കേതിക വിദ്യകളും നവീനമായ സംവിധാനങ്ങളും സന്നിവേശിപ്പിച്ചായിരിക്കും തയ്യാറാകുക. നിലവിൽ ഡിആർഡിഒ വികസിപ്പിച്ച വിവിധ പ്രതിരോധ സാങ്കേതിക വിദ്യകൾ ഇതിലുൾപ്പെടും. വിവിധ പ്രതിരോധ സംവിധാനങ്ങളുടെയും സാങ്കേതിക വിദ്യകളുടെയും സാറ്റലൈറ്റുകളുടെയുമെല്ലാം നെറ്റ്‌വർക്ക് പോലെ പ്രവർത്തിക്കുന്ന ഒരു വ്യോമപ്രതിരോധ സംവിധാനമാണ് ഒപ്‌റ്റോണിക് ഷീൽഡ്.
ശത്രുവിന്റെ ആക്രമണങ്ങളെ നിരീക്ഷിക്കുക, പിന്തുടരുക, കൃത്യമായി ആക്രമിച്ച് പ്രതിരോധിക്കുക, സാഹചര്യങ്ങൾ അനുസരിച്ച് തീരുമാനങ്ങളെടുക്കാൻ സൈന്യത്തെ സഹായിക്കുക, സൈനിക തന്ത്രങ്ങൾ രൂപീകരിക്കാനും ശത്രുവിനെ കബളിപ്പിക്കാനും ഉപകരിക്കുന്ന വിവിധോദ്ദേശ്യ സംവിധാനമാണ് ഒപ്‌റ്റോണിക് ഷീൽഡ്. പേരു സൂചിപ്പിക്കുന്നതുപോലെ ഇത് സ്മാർട്ട് ഇലക്ട്രൊ ഒപ്റ്റിക്കൽ ട്രാക്കിങ് സംവിധാനമാണ്.
ലോക പ്രതിരോധ വ്യവസായത്തിൽ ഇന്ത്യ പുതുശക്തിയായി ഉയർന്നുവരുന്ന സമയത്ത് രാജ്യത്തിന്റെ സ്ഥാനം ഒന്നുകൂടി ഉറപ്പിക്കുന്നതാകും ഈ സംവിധാനം. സൈനിക പ്രതിരോധ സംവിധാന മേഖലയിൽ പുതിയൊരു ശൈലിക്കാണ് ഇന്ത്യ തുടക്കമിടുന്നത്.
ലേസർ വാണിങ് സംവിധാനം, ഡയറക്ട് എനർജി ആയുധങ്ങൾ, സാറ്റലൈറ്റുകളും റഡാറുകളും ഉൾപ്പെടെ ഉപയോഗിച്ചുള്ള നിരീക്ഷണം, ആക്രമണങ്ങളിൽനിന്ന് 180 ഡിഗ്രി തലത്തിൽ സംരക്ഷണമൊരുക്കുന്ന വൈവിധ്യമാർന്ന പ്രതിരോധ സംവിധാനങ്ങൾ, ശത്രുവിന്റെ വിമാനങ്ങളെയും ഡ്രോണുകളെയും മിസൈലുകളെയും നിയന്ത്രണം ഏറ്റെടുക്കാനാകുന്ന ഇലക്ട്രോണിക് വാർഫെയർ സംവിധാനം തുടങ്ങിയവ ഉൾപ്പെടുന്നതാണ് ഒപ്‌റ്റോണിക് ഷീൽഡ്.
ഇതിന്റെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ ഒരു സെൻട്രൽ കമാൻഡ് യൂണിറ്റ്, പനോരമിക് ഡിസ്‌പ്ലെ, ശത്രുവിന്റെ ആക്രമണം കണ്ടെത്തി അതിനെ നിർണയിച്ച് തിരിച്ചടിക്കാൻ സഹായിക്കുന്ന സംവിധാനം, ബാറ്റിൽഫീൽഡ് കമാൻഡ് ആൻഡ് മാനേജ്‌മെന്റ് സിസ്റ്റം എന്നിവയൊക്കെ ഇതിന്റെ ഭാഗമാകും. എത് തരത്തിലുമുള്ള ആക്രമണങ്ങളെയും പ്രതിരോധിക്കാനാകുന്ന സംവിധാനമാണ് ഡിആർഡിഒ വികസിപ്പിക്കാൻ ഒരുങ്ങുന്നത്.
സാധാരണ മിസൈൽ പ്രതിരോധ സംവിധാനങ്ങളുടെ സാച്ചുറേഷൻ പോയിന്റ് മറികടന്ന് ആക്രമണം നടത്താൻ ഡ്രോൺ കൂട്ടങ്ങളെ ഉപയോഗിക്കാറുണ്ട്. ഇതിനെയും തടയാൻ സാധിക്കുന്ന തരത്തിലാണ് ഒപ്‌റ്റോണിക് ഷീൽഡ് ഒരുങ്ങുന്നത്. ഒപ്പറേഷൻ സിന്ദൂറിൽ ആകാശ്തീർ എന്ന സംവിധാനം ഉപയോഗിച്ചിരുന്നു. എഐ അടിസ്ഥാനമാക്കി ഇന്ത്യയുടെ ചെറുതും വലുതുമായ വ്യോമപ്രതിരോധ സംവിധാനങ്ങളെ ആകാശ്തീറുമായി സംയോജിപ്പിച്ചിരുന്നു. ഇതിന്റെ അടുത്ത തലമുറയാകും ഒപ്‌റ്റോണിക് ഷീൽഡ്.
ശതകോടികൾ മുടക്കി അമേരിക്ക ഗോൾഡൻ ഡോമെന്ന പേരിൽ ഇത്തരത്തിലൊന്ന് വികസിപ്പിക്കാനുള്ള ശ്രമത്തിലാണ്. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യ തദ്ദേശീയ സാങ്കേതിക വിദ്യകളുടെ ബലത്തിൽ കുറഞ്ഞ ചെലവിൽ ഫലപ്രദമായ സംവിധാനം വികസിപ്പിക്കാനൊരുങ്ങുന്നത്. ഡ്രോണുകൾ ഉൾപ്പെടെ ഉപയോഗിച്ച് നടത്തുന്ന സംയുക്ത ആക്രമണങ്ങളെ ഫലപ്രദമായി പ്രതിരോധിക്കുന്ന സംവിധാനം ഇന്ത്യ ഒപ്പറേഷൻ സിന്ദൂറിലൂടെ പരീക്ഷിച്ച് ഉറപ്പിച്ചിരുന്നു. ഇതിന് പുറമെ നടന്നുകൊണ്ടിരിക്കുന്ന റഷ്യാ- യുക്രൈൻ യുദ്ധത്തിന്റെ ഗതികളും നിരീക്ഷിച്ചാണ് ഭാവിയുദ്ധങ്ങളിലേക്ക് വേണ്ട സാങ്കേതിക വിദ്യകൾ ഇന്ത്യ വികസിപ്പിക്കുന്നത്.
Content Highlights: India`s DRDO develops Optronic Shield, a cutting-edge air defense system