5ജി രംഗത്തെ വെല്ലുവിളി നേരിടാന്‍ തയ്യാര്‍, BSNLന് ഇനി 4ജി നെറ്റ്‌വര്‍ക്ക്, വര്‍ഷങ്ങളുടെ പരിശ്രമം യാഥാര്‍ഥ്യമാവുമ്പോള്‍

ഇന്ത്യന്‍ ടെലികോം രംഗത്തെ നാഴികക്കല്ലാകുന്ന മുഹൂര്‍ത്തമായിരിക്കും ബിഎസ്എന്‍എല്‍ 4ജിയുടെ വരവ്. സെപ്റ്റംബര്‍ 27 ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ബിഎസ്എന്‍എലിന്റെ രാജ്യവ്യാപക 4ജി സേവനം ഉദ്ഘാടനം ചെയ്തു. അതിവേഗ ഇന്റര്‍നെറ്റ് രംഗത്തേക്കുള്ള ബിഎസ്എന്‍എലിന്റെ കാല്‍വെയ്പ്പ് അല്‍പം വൈകിയാണെങ്കിലും ഇന്ത്യന്‍ ടെലികോം ചരിത്രത്തില്‍ അത്രയേറെ പ്രാധാന്യമര്‍ഹിക്കുന്നുണ്ട് ആ നിമിഷം. ഒന്നല്ല, രണ്ട് ഉദ്ഘാടനങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നിര്‍വഹിച്ചത്. തദ്ദേശീയമായി വികസിപ്പിച്ച ഏകദേശം 98,000 മൊബൈല്‍ 4ഏ ടവറുകള്‍ രാജ്യത്തുടനീളം സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനമാണ് ആദ്യത്തേത്. ഈ ടവറുകള്‍ ഇതിനകം തന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 22 ദശലക്ഷം ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കുന്നുണ്ട്.
സ്വദേശി 4ജി നെറ്റ്വര്‍ക്കിന്റെ ഉദ്ഘാടനമാണ് രണ്ടാമത്തേത്. രാജ്യത്തെ സംബന്ധിച്ച് ഏറെ പ്രാധാന്യമര്‍ഹിക്കുന്നത്. പൂര്‍ണമായും ഇന്ത്യയില്‍ വികസിതമായ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ഒരുക്കിയ സോഫ്റ്റ്വെയര്‍ അധിഷ്ഠിതവും ക്ലൗഡ് അധിഷ്ഠിതവുമായ ഒരു നെറ്റ്വര്‍ക്ക് ആണിത്. ഭാവിയിലെ ആവശ്യങ്ങള്‍ക്കനുസരിച്ച് രൂപകല്‍പ്പന ചെയ്തിരിക്കുന്നതിനാല്‍ ഇതിനെ എളുപ്പത്തില്‍ 5ഏയിലേക്ക് മാറ്റിയെടുക്കാനും സാധിക്കും. ഈ പദ്ധതി ടെലികോം രംഗത്ത് ഇന്ത്യയുടെ സ്വാശ്രയത്വം ഉറപ്പാക്കാന്‍ ലക്ഷ്യമിടുന്നു.
BSNL 4ജി യുടെ പ്രധാന നേട്ടങ്ങള്‍ ഇവയാണ്:
പൂര്‍ണ്ണമായും സ്വദേശി സാങ്കേതികവിദ്യ: 'ആത്മനിര്‍ഭര്‍ ഭാരത്' എന്ന ദൗത്യത്തിന്റെ ഭാഗമായി പൂര്‍ണമായും തദ്ദേശീയമായി വികസിപ്പിച്ച 4G സാങ്കേതികവിദ്യയാണ് ബിഎസ്എന്‍എല്‍ വിന്യസിച്ചിരിക്കുന്നത്. തേജസ് നെറ്റ്വര്‍ക്ക് വികസിപ്പിച്ച റേഡിയോ ആക്സസ് നെറ്റ്വര്‍ക്ക് (RAN), സി-ഡോട്ട് (C-DOT) വികസിപ്പിച്ച കോര്‍ നെറ്റ്വര്‍ക്ക്, ടി.സി.എസ് (TCS) സംവിധാനങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഇത് ഇന്ത്യയെ ലോകത്തിലെ മുന്‍നിര ടെലികോം ഉപകരണ നിര്‍മ്മാതാക്കളുടെ നിരയിലേക്ക് ഉയര്‍ത്തുന്നു.
5G-യിലേക്ക് എളുപ്പത്തില്‍ മാറാം: ഈ 4G നെറ്റ്വര്‍ക്ക് പൂര്‍ണമായും സോഫ്റ്റ്വെയര്‍ അധിഷ്ഠിതവും ക്ലൗഡ് അധിഷ്ഠിതവുമാണ്. ഭാവിയിലെ ആവശ്യങ്ങള്‍ക്കനുസരിച്ച് രൂപകല്‍പ്പന ചെയ്തിരിക്കുന്നതിനാല്‍ ഇതിനെ എളുപ്പത്തില്‍ 5G-യിലേക്ക് മാറ്റിയെടുക്കാന്‍ സാധിക്കും. അതുകൊണ്ടുതന്നെ ലോകം 5ജിയില്‍ സഞ്ചരിക്കുമ്പോള്‍ ബിഎസ്എന്‍എല്‍ വൈകിയെത്തിയെന്ന കളിയാക്കലുകള്‍ക്ക് അര്‍ത്ഥമില്ല. 5ജിയ്ക്ക് കൂടി തയ്യാറെടുത്താണ് ബിഎസ്എന്‍എലിന്റെ ഈ ചുവടുവെപ്പ്.
വിപുലമായ നെറ്റ്വര്‍ക്ക്: രാജ്യത്തുടനീളം ഏകദേശം 98,000 മൊബൈല്‍ 4G ടവറുകള്‍ സ്ഥാപിക്കുന്നതിലൂടെ, ഇന്ത്യയുടെ ഒരു ഭാഗവും നെറ്റ്വര്‍ക്ക് പരിധിക്ക് പുറത്താകില്ലെന്ന് സര്‍ക്കാര്‍ ഉറപ്പാക്കുന്നു. ഈ ടവറുകള്‍ ഇതിനകം തന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 22 ദശലക്ഷം ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കുന്നുണ്ട്. 5ജിയിലേക്ക് മാറും മുമ്പ് മൊബൈല്‍ ടവറുകളുടെ എണ്ണം ഇനിയുമേറെ വര്‍ധിപ്പിക്കാനാവും ബിഎസ്എന്‍എലിന്റെ നീക്കം. ഇതുവഴി ശക്തമായ കവറേജ് രാജ്യവ്യാപകമാക്കാന്‍ ബിഎസ്എന്‍എലിന് സാധിക്കും.
ഗ്രാമീണ മേഖലകളിലെ വളര്‍ച്ച: ഡിജിറ്റല്‍ ഭാരത് നിധി (DBN) വഴിയുള്ള 4G സാച്ചുറേഷന്‍ പദ്ധതിയുടെ ഭാഗമായി ഏകദേശം 29,000 ഗ്രാമങ്ങളെയാണ് ബിഎസ്എന്‍എല്‍ നെറ്റ്വര്‍ക്കുമായി ബന്ധിപ്പിച്ചു. ഇത് ഗ്രാമീണ കണക്റ്റിവിറ്റി വര്‍ധിപ്പിക്കുന്നതില്‍ ഇത് നിര്‍ണായക പങ്ക് വഹിക്കുന്നു.
രാജ്യത്തിന്റെ വികസനത്തില്‍ പങ്കാളിത്തം: ഈ പുതിയ 4G ഇന്‍ഫ്രാസ്ട്രക്ചര്‍ ഭൂമിശാസ്ത്രപരമോ സാമൂഹികമോ ആയ വേര്‍തിരിവുകളില്ലാതെ ഓരോ ഇന്ത്യക്കാരനെയും ഉയര്‍ത്താന്‍ ലക്ഷ്യമിടുന്നു. ബീഹാറിലെ വിദ്യാര്‍ത്ഥികള്‍ക്ക് ലോകോത്തര ഓണ്‍ലൈന്‍ വിദ്യാഭ്യാസം നേടാനും, പഞ്ചാബിലെ കര്‍ഷകര്‍ക്ക് വിളകളുടെ വിലയെക്കുറിച്ചുള്ള തത്സമയ വിവരങ്ങള്‍ ലഭിക്കാനും, കശ്മീരിലെ സൈനികര്‍ക്ക് അവരുടെ കുടുംബങ്ങളുമായി ബന്ധം നിലനിര്‍ത്താനും, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ സംരംഭകര്‍ക്ക് അന്താരാഷ്ട്ര വൈദഗ്ധ്യവും ഫണ്ടിംഗും നേടാനും ഇത് സഹായിക്കുമെന്ന് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ ഷിന്ദ്യ പറയുന്നു.
വര്‍ഷങ്ങളുടെ പരിശ്രമം
2020 ലാണ് ബിഎസ്എന്‍എല്‍ 4ജി സേവനങ്ങള്‍ ഔദ്യോഗികമായി ആരംഭിക്കുന്നത്. എന്നാല്‍ പരിമിതമായ ഇടങ്ങളില്‍ മാത്രമായിരുന്നു അത് ലഭ്യമായിരുന്നത്. അഞ്ച് വര്‍ഷമെടുത്താണ് ബിഎസ്എന്‍എല്‍ രാജ്യവ്യാപക 4ജി എന്ന നേട്ടം കൈവരിക്കുന്നത്. ഈ പദ്ധതി ബിഎസ്എന്‍എലിന്റെ 25 വര്‍ഷത്തെ സേവന പാരമ്പര്യത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണ്. കൂടാതെ, ഇന്ത്യയെ ടെലികോം രംഗത്ത് സ്വയംപര്യാപ്തമാക്കാനും ആഗോളതലത്തില്‍ സാങ്കേതികവിദ്യ കയറ്റുമതി ചെയ്യുന്ന രാജ്യമാക്കി നമ്മുടെ രാജ്യത്തെ മാറ്റാനും ഇത് സഹായിക്കും.
പ്രതിബന്ധങ്ങള്‍ ഏറെയുണ്ടായിരുന്നു
ബിഎസ്എന്‍ലിന് 4ജി സ്‌പെക്ട്രം അനുവദിക്കുന്നതില്‍ വലിയ കാലതാമസം നേരിട്ടു. ബിഎസ്എന്‍എലും ടെലികോം വകുപ്പും തമ്മില്‍ വലിയ സംഘര്‍ഷം തന്നെ ഇതിന്റെ പേരില്‍ നിലനിന്നിരുന്നു. കാര്യക്ഷമതയുള്ള സ്‌പെക്ട്രം ബാന്‍ഡിന്റെ ലഭ്യതയുടെ പേരിലുള്ള തര്‍ക്കങ്ങളും, അനുവദിച്ച സ്‌പെക്ട്രം കൈമാറുന്നതിലുണ്ടായ കാലതാമസവും ആടചഘന്റെ 4ഏ വിന്യാസത്തില്‍ പ്രധാന വെല്ലുവിളികളായി മാറി. ഇതൊടൊപ്പം ഒരു സര്‍ക്കാര്‍ സ്ഥാപനമെന്ന നിലയില്‍ പുതിയ പദ്ധതികളുടെ അതിഭീമമമായ ചെലവുകള്‍ക്കുള്ള സാമ്പത്തിക പിന്തുണ ലഭിക്കുന്നതിലും കാലതാമസങ്ങളുണ്ടായി. എങ്കിലും കോടിക്കണക്കിന് തുക ഇതിനകം ബിഎസ്എഎന്‍എലിന്‍ വേണ്ടി മാറ്റിവെക്കപ്പെട്ടിട്ടുണ്ട്.2500 മെഗാഹെര്‍ട്‌സ്, 700 മെഗാഹെര്‍ട്‌സ്, 26 ഗിഗാഹെര്‍ട്‌സ്, 3300 മെഗാഹെർട്സ് ബാന്‍ഡ് സ്‌പെക്ട്രങ്ങള്‍ ബിഎസ്എന്‍എലിനുണ്ട്. ഇതിനായി 89,047.82 കോടിയോളം രൂപ സർക്കാർ മുടക്കിയിട്ടുണ്ട്.
സ്വകാര്യ കമ്പനികളില്‍ നിന്നുള്ള വെല്ലുവിളി
ജിയോ, എയര്‍ടെല്‍ തുടങ്ങിയ കമ്പനികളാണ് ഇന്ത്യന്‍ ടെലികോം വിപണിയില്‍ ശക്തമായി നില്‍ക്കുന്നത്. രാജ്യവ്യാപകമായി 5ജി സേവനങ്ങള്‍ നല്‍കുന്ന കമ്പനികള്‍. മറ്റൊരു സ്വകാര്യ സേവനമായ വോഡഫോണ്‍ ഐഡിയ തിരഞ്ഞെടുത്ത സര്‍ക്കിളുകളില്‍ മാത്രം 5ജി സേവനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. അതിവേഗ ഇന്റര്‍നെറ്റിന്റെ അഭാവം കാരണം ബിഎസ്എന്‍എലില്‍ നിന്ന് ഉപഭോക്താക്കളുടെ വന്‍ കൊഴിഞ്ഞുപോക്കുണ്ടായിരുന്നു.അതിവേഗ ഇന്റര്‍നെറ്റ് അധിഷ്ഠിത വാണിജ്യ ലോകത്ത് ബിഎസ്എന്‍എലിന്റെ വേഗമില്ലാത്ത സേവനങ്ങളില്‍ തങ്ങി നില്‍ക്കുക പ്രയാസം തന്നെയായിരുന്നു. പുതിയ സാങ്കേതിക വിദ്യകളിലേക്ക് മാറുകയല്ലാതെ ബിഎസ്എന്‍എലിന് വേറെ നിവൃത്തിയില്ലായിരുന്നു. അതിവേഗ ഇന്റര്‍നെറ്റ് നല്‍കുന്നില്ലെങ്കിലും ബിഎസ്എന്‍എല്‍ ഈ കമ്പനികളുമായി മത്സരിക്കാന്‍ ഉപയോഗിച്ചുവരുന്ന പ്രധാന ആയുധം കുറഞ്ഞ താരിഫ് നിരക്കുകളാണ്. ഫോണ്‍ വിളിക്കാനും കണക്ഷനുകളുടെ വാലിഡിറ്റി നിലനിര്‍ത്താനുമായി ആകര്‍ഷകമായ, ലാഭകരമായ ഒട്ടേറെ താരിഫ് പ്ലാനുകളാണ് ബിഎസ്എന്‍എല്‍ നല്‍കുന്നത്. ഇതിനകം മിക്ക നഗരങ്ങളിലും ബിഎസ്എന്‍എലിന്റെ 4ജി കണക്ടിവിറ്റി ലഭ്യമാവുകയും ചെയ്തിട്ടുണ്ട്.
ബിഎസ്എന്‍എല്‍ 5ജി എപ്പോള്‍
2025 വര്‍ഷാവസാനതക്തോടെ രാജ്യത്തെ പ്രധാന മെട്രോനഗരങ്ങളില്‍ 5ജി സേവനങ്ങള്‍ ആരംഭിക്കാന്‍ ബിഎസ്എന്‍എലിന് പദ്ധതിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മുംബൈ, ഡല്‍ഹി തുടങ്ങിയ നഗരങ്ങളില്‍ ഇതില്‍ ആദ്യമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. 5ജിയ്ക്ക് തയ്യാറായ 4ജി നെറ്റ് വര്‍ക്കാണ് ബിഎസ്എന്‍എല്‍ ഇപ്പോള്‍ വിന്യസിച്ചിരിക്കുന്നത്. എങ്കിലും 4ജി സേവനങ്ങള്‍ മികവുറ്റതാക്കിയതിന് ശേഷമായിരിക്കും 5ജിയിലേക്കുള്ള മാറ്റമെന്നാണ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ നല്‍കുന്ന സൂചന. വാണിജ്യാടിസ്ഥാനത്തിലുള്ള 5ജി സേവനങ്ങള്‍ അവതരിപ്പിക്കുന്നതിന് മുമ്പ്, സ്വകാര്യ 5ജി നെറ്റ് വര്‍ക്ക് ബിഎസ്എന്‍എല്‍ ലഭ്യമാക്കുന്നുണ്ട്. ചില സ്വകാര്യ കമ്പനികള്‍ക്ക് ബിഎസ്എന്‍എല്‍ അതിവേഗ കണക്ടിവിറ്റി ലഭ്യമാക്കുന്നുണ്ട്. കമ്പനികള്‍ക്കായി സുരക്ഷിതവും വേഗമേറിയതുമായ കണ്ക്ടിവിറ്റി എത്തിക്കുന്നതിലും ബിഎസ്എന്‍എല്‍ വാണിജ്യ സാധ്യത കാണുന്നുണ്ട്.
അതായത് രാജ്യവ്യാപകമായി 4ജി സേവനങ്ങള്‍ പ്രഖ്യാപിക്കുക വഴി 5ജിയിലേക്കുള്ള ബിഎസ്എന്‍എലിന്റെ ചുവടുമാറ്റം തുടങ്ങിക്കഴിഞ്ഞു എന്ന് വേണം മനസിലാക്കാന്‍. സ്വകാര്യ കമ്പനികള്‍ ഈടാക്കുന്ന വന്‍ താരിഫ് നിരക്കുകളോട് മത്സരിക്കുന്ന ലാഭകരമായ അതിവേഗ ഇന്റര്‍നെറ്റ് കണക്ടിവിറ്റിയാണ് സാധാരണ ഇന്ത്യന്‍ ജനത ബിഎസ്എന്‍എലില്‍ നിന്ന് ആഗ്രഹിക്കുന്നത്. അത് എപ്പോള്‍ യാഥാര്‍ത്ഥ്യമാവുമെന്ന് കാത്തിരുന്ന് കാണാം.