അസസ്മെന്റുകൾ മുതൽ പിഎച്ച്ഡി പ്രബന്ധങ്ങൾ വരെ, പരീക്ഷാ ചോദ്യങ്ങൾ തയ്യാറാക്കാനും എഐ; മുന്നിലെന്ത്?

#അരുൾ ജോർജ് സ്കറിയ
നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ നിര്‍മിച്ച പ്രതീകാത്മക ചിത്രം
നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ നിര്‍മിച്ച പ്രതീകാത്മക ചിത്രം

നൂതന സാങ്കേതികവിദ്യകൾ പലതും വിദ്യാഭ്യാസ ഗവേഷണ മേഖലകളിൽ പലതരം മാറ്റങ്ങൾക്ക് വഴിയൊരുക്കിയിട്ടുണ്ട്. ഇന്റർനെറ്റ് ഇതിന് നല്ലൊരു ഉദാഹരണമാണ്. ഒരുവശത്ത് അറിവിന്റെ അനന്തമായ അവസരങ്ങൾക്ക് ഇന്റർനെറ്റ് വഴിയൊരുക്കി. മറുവശത്ത് ഗവേഷണ കോപ്പിയടി ഉൾപ്പെടെയുള്ള ഒട്ടേറെ ദുരുപയോഗങ്ങൾ വർധിക്കുന്നതും നാം കണ്ടു. എന്നാൽ, മുൻപു കണ്ടതിനെക്കാളൊക്കെ ദൂരവ്യാപകമായ മാറ്റങ്ങളും വെല്ലുവിളികളുമാണ് വിദ്യാഭ്യാസ ഗവേഷണ മേഖലകളിൽ നിർമിതബുദ്ധി (എഐ) ഉയർത്തുന്നത്. ചില ഉദാഹരണങ്ങൾ ഇവിടെ സൂചിപ്പിക്കട്ടെ.

ആഭ്യന്തര മൂല്യനിർണയങ്ങൾ

നമ്മുടെ മിക്ക കോളേജുകളിലും യൂണിവേഴ്‌സിറ്റികളിലും ടേം പേപ്പറുകൾ പോലെയുള്ള ലിഖിത അസസ്‌മെന്റുകൾ ആഭ്യന്തരമൂല്യനിർണയത്തിന്റെ ഭാഗമായി ഇന്നും തുടരുന്നു. ഇതിൽ നല്ലൊരുപങ്കും ചാറ്റ് ജിപിടിയും ജമിനിയും പെർപ്ളെക്‌സിറ്റിയും പോലെയുള്ള എഐ ഉപകരണങ്ങൾ ഉപയോഗിച്ചാണ് വിദ്യാർഥികൾ എഴുതുന്നത് എന്നത് വിദ്യാർഥികൾക്കും അധ്യാപകർക്കും അറിയാവുന്ന ഒരു നഗ്നസത്യമാണ്. ഇത്തരം മൂല്യനിർണയങ്ങൾ പഴയപടി തുടരുന്നതിൽ എന്തെകിലും അർഥമുണ്ടോ?

അധ്യാപന മേഖലയിൽ

എഐ ദുരുപയോഗത്തിൽ അധ്യാപകരും ഒട്ടും പിന്നിലല്ല. ക്ലാസിനുവേണ്ട സ്ലൈഡ്‌സ് ഏതാനും ചില പ്രോംപ്റ്റുകളിലൂടെ നിർമിച്ച് ഒരു തയ്യാറെടുപ്പുമില്ലാതെ ക്ലാസിലേക്ക് പോകുന്ന അധ്യാപകർമുതൽ ചാറ്റ് ജിപിടി ഉപയോഗിച്ച് പരീക്ഷാചോദ്യങ്ങൾ തയ്യാറാക്കുന്ന അധ്യാപകർവരെ നമുക്കിടയിലുണ്ട്. ചാറ്റ് ജിപിടിയിൽ നാം ചോദിക്കുന്ന ഓരോ ചോദ്യവും ചാറ്റ് ജിപിടിയുടെ കൂടുതൽ പരിശീലനത്തിനും പിന്നീട് തരുന്ന ഉത്തരങ്ങൾക്കും ഉപയോഗിക്കാമെന്നിരിക്കേ ഇത്തരം ദുരുപയോഗങ്ങൾ വിദ്യാഭ്യാസമേഖലയിലെ മൂല്യനിർണയ വ്യവസ്ഥകൾക്കുതന്നെ ഉയർത്തുന്ന വെല്ലുവിളികൾ ചെറുതല്ല.

പിഎച്ച്ഡി പ്രബന്ധങ്ങൾ

ഗവേഷണമേഖലയിലും ലോകത്തെ ഒട്ടുമിക്ക സ്ഥാപനങ്ങളും വലിയ വെല്ലുവിളികൾ നേരിടുന്നുണ്ട്. പല സർവകലാശാലകളിലും ഇന്ന് സമർപ്പിക്കപ്പെടുന്ന ഗവേഷണപ്രബന്ധങ്ങളിൽ എഐയുടെ പങ്ക് ചെറുതല്ല എന്നത് യാഥാർഥ്യമാണ്. ഇപ്പോൾ ലഭ്യമായ ഒരു ഉപകരണത്തിനും എഐ ഉപയോഗം കൃത്യമായി കണ്ടെത്താൻ കഴിയില്ല. നിലവിൽ ഇല്ലാത്ത പുസ്തകങ്ങളോ ലേഖനങ്ങളോ മറ്റോ പ്രബന്ധത്തിൽ കണ്ടെത്തിയാൽ എഐയുടെ ഉപയോഗം അനുമാനിക്കാൻ സാധിക്കുമെങ്കിലും സൂക്ഷ്മമായ മൂല്യനിർണയം പലപ്പോഴും നമ്മുടെ സർവകലാശാലകളിലും ഗവേഷണകേന്ദ്രങ്ങളിലും നടക്കുന്നില്ല എന്നതാണ് സത്യം. 

ഗവേഷണ പ്രസിദ്ധീകരണങ്ങൾ

പിഎച്ച്ഡി ലഭിക്കണമെങ്കിൽ ഗവേഷണ പ്രസിദ്ധീകരണങ്ങൾ ആവശ്യമാണ് എന്ന വ്യവസ്ഥ യുജിസി പിൻവലിച്ചിട്ടും ഒട്ടുമിക്ക സർവകലാശാലകളും ഇപ്പോഴും പ്രസിദ്ധീകരണങ്ങൾ പിഎച്ച്ഡി വിദ്യാർഥികളിൽനിന്ന് ആവശ്യപ്പെടുന്നുണ്ട്. അതുപോലെത്തന്നെ അധ്യാപകനിയമനങ്ങൾക്കും  പ്രമോഷനും പ്രസിദ്ധീകരണങ്ങൾ ഇന്നും ആവശ്യമാണ്. പലപ്പോഴും എന്താണ് എഴുതിയത് എന്ന് വിലയിരുത്താതെ എത്ര പ്രസിദ്ധീകരണങ്ങൾ ഉണ്ട് എന്നതുമാത്രമാണ് നമ്മുടെ പല സ്ഥാപനങ്ങളും നോക്കുക. ഇത് നിർമിതബുദ്ധിയുടെ ദുരുപയോഗത്തിന് വളക്കൂറാകുന്ന അവസ്ഥയാണ്. 

പ്രത്യാഘാതങ്ങൾ എന്ത്

ഇത്തരം പ്രതിസന്ധികളിൽ ഗവേഷകരെയോ അധ്യാപകരെയോ വിദ്യാർഥികളെയോ മാത്രം പഴിചാരുന്നതിൽ അർഥമില്ല. എഐ ഉപകരണങ്ങൾ വളരെവേഗം നമ്മുടെ ദൈനംദിന ജീവിതത്തിന്റെ  ഭാഗമായിരിക്കുന്നു.

ഇന്റർനെറ്റിന്റെ കാര്യത്തിലെന്നപോലെ സമുചിതമായി ഉപയോഗിച്ചാൽ, പല എഐ ഉപകരണങ്ങളും നമ്മുടെ പഠനത്തിനും ആശയവിനിമയത്തിനും ഉപകരിക്കുന്നതാണെന്ന് വ്യക്തമാണ്. എന്നാൽ, ഇതിന്റെ പരിധിയില്ലാത്ത ഉപയോഗം വിദ്യാഭ്യാസത്തിന്റെയും ഗവേഷണത്തിന്റെയും ആത്യന്തിക ലക്ഷ്യങ്ങളെ തകർക്കുകയും ചെയ്യുന്നു. അടുത്തകാലത്ത് എംഐടി സർവകലാശാലയിൽനിന്ന് വന്നത് ഉൾപ്പെടെയുള്ള പല സമകാലിക ഗവേഷണങ്ങളും കാണിക്കുന്നത് അമിതമായ എഐ ഉപയോഗം നമ്മുടെ ചിന്താശക്തിയെയും സ്വർഗാത്മകതയെയും വളരെയധികം ബാധിക്കുമെന്നതാണ്.

മുന്നിലെ ചില വഴികൾ

വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങളും ജേണലുകളും മനുഷ്യർ രചിച്ചതും എഐ ഉപയോഗിച്ച് നിർമിച്ചതുമായ രചനകൾ തമ്മിൽ വേർതിരിക്കുന്നതിന്റെ ബുദ്ധിമുട്ട് നേരിടുന്ന ഇന്നത്തെ അവസ്ഥയിൽ എന്തു നിലപാട് സ്വീകരിക്കണം എന്നത് വളരെ സങ്കീർണമായ ഒരു പ്രശ്നമാണ്. ഇതിൽ വ്യക്തമായ ഉത്തരങ്ങൾ ഇനിയുമില്ലെങ്കിലും ഒരുകാര്യം വ്യക്തമാണ്. പഴയ രീതികളിൽത്തന്നെ മുന്നോട്ടുപോകുന്നത് മൂഢത്വമാണ്.

വാചാപരീക്ഷകൾ എഴുത്തുപരീക്ഷകൾക്കുപുറമേ നടപ്പാക്കുന്നത് എഐ ദുരുപയോഗം കുറയ്ക്കാനും വിദ്യാർഥികളുടെ സമഗ്രമായ അവലോകനം നടത്താനും സഹായിക്കുമെന്നതിൽ സംശയമില്ല. അധ്യാപക- വിദ്യാർഥി അനുപാതം നല്ലരീതിയിലുള്ള പ്രമുഖ സ്ഥാപനങ്ങൾക്ക് ഇത് ഒരു നല്ലവഴിയാണെങ്കിലും വളരെയധികം കുട്ടികൾ പഠിക്കുന്ന, അധ്യാപകർ കുറവുള്ള സ്ഥാപനങ്ങളിൽ ഇത് പ്രയോഗികമാണോ എന്നത് സംശയമാണ്. വാചാപരീക്ഷകൾ ദുരുപയോഗം ചെയ്യപ്പെടാതിരിക്കാനും മാർക്കുദാനമുൾപ്പെടെയുള്ള പ്രശ്നങ്ങളിലേക്ക് എത്തിപ്പെടാതിരിക്കാനും ഒത്തിരി ശ്രദ്ധിക്കേണ്ടതുണ്ട്.

ഇതോടൊപ്പംതന്നെ ഉപയോഗം അനുവദിക്കുന്ന സന്ദർഭങ്ങളിൽ ഏതു തരത്തിലുള്ള ഉപയോഗമാണ് നടത്തിയത് എന്ന് കൃത്യമായി വെളിപ്പെടുത്തേണ്ട ധാർമികബാധ്യത പഠനഗവേഷണരംഗത്ത് ഉണ്ടാകേണ്ടതുണ്ട്. ലേഖകൻ ഹാർവാഡ്‌ സർവകലാശാലയിലെ പ്രൊഫ. വില്യം ഫിഷറുമായി സഹകരിച്ചുനടത്തുന്ന കോപ്പിറൈറ്റ്X  എന്ന കോഴ്‌സിലെ ഒരു പരീക്ഷണം ഇവിടെ സൂചിപ്പിക്കട്ടെ. ഈ കോഴ്‌സിലെ പരീക്ഷയ്ക്ക് എഐ ഉപകരണങ്ങൾ ഞങ്ങൾ അനുവദിച്ചു. പക്ഷേ, മൂന്നു പ്രധാന നിബന്ധനകൾ ഉണ്ടായിരുന്നു. എഐ ഉപയോഗിച്ച് എഴുതിയ ഭാഗങ്ങൾ കൃത്യമായി അടിവരയിടുക; ഏത്‌ എഐ ഉപകരണമാണ് ഉപയോഗിച്ചത് എന്ന് കൃത്യമായി സൂചികകളിലൂടെ വെളിപ്പെടുത്തുക; തെറ്റായ വിവരങ്ങൾക്ക്‌ പിഴയും! ഒരു വലിയപരിധിവരെ ഇത് ഉത്തരവാദിത്വപൂർണമായ എഐ ഉപയോഗത്തിലേക്ക് ഈ കോഴ്‌സിൽ വഴിതെളിച്ചു.

വേണം തുറന്നചർച്ചകൾ

എഐ പുതിയ അവസരങ്ങൾക്കൊപ്പംതന്നെ വലിയ ഒരു പ്രതിസന്ധിയാണ് എന്ന് തിരിച്ചറിയുകയും ഈ വിഷയത്തിൽ തുറന്നചർച്ചകൾ ആരംഭിക്കുകയുമാണ് ഏറ്റവും പ്രധാന പോംവഴി. ഏതു രീതിയിലുള്ള എഐ സഹായങ്ങൾ വിദ്യാഭ്യാസ ഗവേഷണ കാര്യങ്ങളിൽ അനുവദനീയമാണ്, അനുവദനീയമല്ല എന്ന കാര്യത്തിൽ കൂടുതൽ വ്യക്തത ചർച്ചകളിലൂടെ ഉരുത്തിരിയേണ്ടതാണ്. ഉദാഹരണത്തിന് ഭാഷാസൂക്ഷ്മതയ്ക്കായി എഐ ഉപയോഗിക്കാൻ സാധിക്കുമോ, ആശയങ്ങൾക്കായി എഐ ഉപയോഗിക്കുന്നത് അനുവദനീയമാണോ തുടങ്ങിയ ചോദ്യങ്ങളിൽ കൃത്യമായ നയരൂപവത്‌കരണം ഓരോ സ്ഥാപനത്തിനും വളരെ ആവശ്യമാണ്. അനുദിനം വികസിക്കുന്ന ഈ മേഖലയിലെ മാറ്റങ്ങൾക്കും പുതിയ അറിവുകൾക്കുമനുസരിച്ച്‌ അത്തരം നയങ്ങൾ വളരെവേഗം പരിഷ്കരിക്കപ്പെടേണ്ടതുമുണ്ട്. പൊതുവായതും വിഷയാധിഷ്ഠിതവുമായ മാർഗനിർദേശങ്ങൾ പുതുതായി ഉരുത്തിരിയുന്ന വിജ്ഞാനത്തിന് അനുസൃതമായി മാറ്റാൻ കഴിയുമോ എന്നതാവും നമ്മുടെ നാളെയെ നിർണയിക്കുക.

(ലേഖകൻ ബെംഗളൂരുവിലെ ദേശീയ നിയമസർവകലാശാലയിലെ പ്രൊഫസറും ഹാർവാഡ്‌ യൂണിവേഴ്‌സിറ്റിയിലെ കോപ്പിറൈറ്റ്X കോഴ്‌സിലെ അഫിലിയേറ്റഡ് ഫാക്കൽറ്റിയുമാണ്)

Content Highlights: AI in Education & Research: Challenges & Solutions