1908-ലെ ഉല്‍ക്കാപതനം, 2029ൽ അടുത്തെത്തുന്ന അപ്പോഫിസ്: ജൂൺ 30-ന്റെ പ്രാധാന്യമെന്ത്?

പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.
പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.

ക്ഷുദ്രഗ്രഹങ്ങളെ ഭയപ്പെടേണ്ടതുണ്ടോ,  അതോ തീര്‍ത്തും അവഗണിക്കണോ? ജനങ്ങള്‍ അവയെപ്പറ്റി ബോധവാന്മാരാകേണ്ടത് അത്യാവശ്യമാണ്. ക്ഷുദ്രഗ്രഹങ്ങളെയും അവ ഉയര്‍ത്തുന്ന ഭീഷണികളെയും കുറിച്ച് പൊതുജനങ്ങളെ ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജൂണ്‍ 30-ന് അന്താരാഷ്ട്ര ക്ഷുദ്രഗ്രഹദിനം ആചരിക്കുന്നത്. ബഹിരാകാശ ഗവേഷണത്തിലും സാങ്കേതികവിദ്യയിലും നിക്ഷേപം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവും ഈ ദിനാചരണത്തിന് പിന്നിലുണ്ട്. ക്ഷുദ്രഗ്രഹങ്ങളെക്കുറിച്ചുള്ള അവബോധം അവയെ കണ്ടെത്താനും ട്രാക്ക് ചെയ്യാനും വഴിതിരിച്ചുവിടാനുമുള്ള തന്ത്രങ്ങള്‍ വികസിപ്പിക്കാനും സഹായകമാകും എന്നാണ് വിലയിരുത്തപ്പെടുന്നത്.

ഭൂമിയുടെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ ഉല്‍ക്കാപതനം ഉണ്ടായത് 1908 ജൂണ്‍ 30-ന് ആണെന്നാണ് കണക്കാക്കപ്പെടുന്നത്. റഷ്യയിലെ സൈബീരിയയില്‍ തുങ്കസ്‌ക നദിക്ക് സമീപം വലിയ ഉല്‍ക്ക
പതിച്ചു. ഏകദേശം 2,000 ചതുരശ്ര കിലോമീറ്റര്‍ വനഭൂമിയാണ് നശിച്ചത്. 185 ഹിരോഷിമ ബോംബുകള്‍ക്ക് തുല്യമായ ഊര്‍ജ്ജം പുറത്തുവിടുകയും ചെയ്തു.

ഉല്‍ക്കാപതനം വലിയ ആഘാതം ഉണ്ടാക്കിയെങ്കിലും അത് റഷ്യയുടെയോ ലോകത്തിന്റെയോ ശ്രദ്ധയില്‍പ്പെട്ടില്ല. ആദ്യ ശാസ്ത്രീയ പര്യവേഷണ സംഘം സംഭവമുണ്ടായി ഏകദേശം 19 വര്‍ഷങ്ങള്‍ക്കുശേഷം 1927-ല്‍ മാത്രമാണ് പ്രദേശത്ത് എത്തിയത്. കാലതാമസമുണ്ടായെങ്കിലും ആഘാതത്തിന്റെ തെളിവുകള്‍ സംഘം കണ്ടെത്തി.അതിനുശേഷം ക്ഷുദ്രഗ്രഹ ആഘാത അവബോധത്തിന്റെ ആഗോള പ്രാധാന്യവും ഭീഷണികള്‍ തടയുന്നതിനുള്ള സഹകരണത്തിന്റെ ആവശ്യകതയും തിരിച്ചറിയുന്നതിനുവേണ്ടി യു.എന്‍ പൊതുസഭ 2016 ഡിസംബറില്‍ പ്രമേയം പാസാക്കുകയും ജൂണ്‍ 30 അന്താരാഷ്ട്ര ക്ഷുദ്രഗ്രഹ ദിനമായി പ്രഖ്യാപിക്കുകയും ചെയ്തു. അസോസിയേഷന്‍ ഓഫ് സ്‌പേസ് എക്‌സ്‌പ്ലോറേഴ്‌സ് സമര്‍പ്പിച്ച നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് യു.എന്‍ ഈ തീരുമാനമെടുത്തത്.

2029 ക്ഷുദ്രഗ്രഹ അവബോധത്തിന്റെയും പ്ലാനറ്ററി ഡിഫന്‍സിന്റെയും അന്താരാഷ്ട്ര വര്‍ഷമായി യുഎന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അപ്പോഫിസ് എന്ന ക്ഷുദ്രഗ്രഹത്തിന്റെ വരവ് കണക്കിലെടുത്താണിത്. 2029 ഏപ്രില്‍ 13-ന് അപ്പോഫിസ് ഭൂമിയുടെ 32,000 കിലോമീറ്ററിനടുത്തുകൂടെ സുരക്ഷിതമായി കടന്നുപോകും. ഭൂസ്ഥിര ഉപഗ്രഹങ്ങള്‍ക്ക്‌ അടുത്തുകൂടിയാണ് അത് കടന്നുപോകുന്നത്. യൂറോപ്പ്, ആഫ്രിക്ക, പടിഞ്ഞാറന്‍ ഏഷ്യ എന്നിവിടങ്ങളിലെ ചില ഭാഗങ്ങളില്‍ നിന്ന് ഇതിനെ നഗ്‌നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയും.

340 മീറ്റര്‍ വ്യാസമുള്ള അപ്പോഫിസ് ഏകദേശം മൂന്ന് ഫുട്‌ബോള്‍ ഗ്രൗണ്ടുകളുടെ വലുപ്പമുള്ളതാണ്. നിലവില്‍ അത് 323 ദിവസം കൂടുമ്പോള്‍ സൂര്യനെ ചുറ്റുന്നുണ്ട്. എന്നാല്‍ 2029-ലെ ഭൂമിക്ക് തൊട്ടടുത്തുകൂടിയുള്ള വരവിനുശേഷം അതിന്റെ ഭ്രമണപഥം മാറും. ആകാശത്തുകൂടി വേഗത്തില്‍ ചലിക്കുന്ന തിളക്കമുള്ള ഒരു പ്രകാശബിന്ദുവായി ദൃശ്യമാകുന്ന അപ്പോഫിസിന്റെ വരവ് ക്ഷുദ്രഗ്രഹങ്ങളെക്കുറിച്ച് പഠിക്കാന്‍ ശാസ്ത്രജ്ഞര്‍ക്ക് അപൂര്‍വ അവസരം നല്‍കുന്നുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ക്ഷുദ്രഗ്രഹങ്ങളെ കണ്ടെത്താനും നിരീക്ഷിക്കാനും മാത്രമല്ല വഴിതിരിച്ചുവിടാനുള്ള നീക്കങ്ങളിലും ശാസ്ത്രലോകം മുന്നേറുകയാണ്. നാസ ഡബിള്‍ ആസ്റ്ററോയിഡ് റീഡയറക്ഷന്‍ ടെസ്റ്റ് (ഡാര്‍ട്ട്) ബഹിരാകാശ ദൗത്യം ഉപയോഗിച്ച് പ്ലാനറ്ററി ഡിഫന്‍സ് നീക്കങ്ങള്‍ പരീക്ഷിച്ചിട്ടുണ്ട്. ക്ഷുദ്രഗ്രഹങ്ങളിലേക്ക് ഒരു ബഹിരാകാശ പേടകം ഇടിച്ചിറക്കി അവയെ വഴിതിരിച്ചുവിടാനുള്ള നീക്കത്തിന്റെ ഭാഗമായ ആദ്യ ദൗത്യമായിരുന്നു ഡാര്‍ട്ട്.

Content Highlights: world asteroid day june 30 tunguska event apophis