മാംസവും ഇനി കൃഷിചെയ്ത് ഉത്പാദിപ്പിക്കാൻ കഴിയുമോ? വൻ മുന്നേറ്റവുമായി ഗവേഷകർ

#സയന്‍സ് ഡെസ്‌ക്
പ്രതീകാത്മകചിത്രം | AP, Mathrubhumi archives
പ്രതീകാത്മകചിത്രം | AP, Mathrubhumi archives

മൃഗങ്ങളെ കശാപ്പ് ചെയ്യുന്നതിന് പകരം സസ്യങ്ങളിൽനിന്ന് ഭക്ഷ്യയോഗ്യമായ മാംസം ലഭിച്ചിരുന്നുവെങ്കിൽ എത്ര നന്നായിരുന്നു. ഒരിക്കലും നടക്കാൻ സാധ്യതയില്ലാത്ത കാര്യം എന്ന് കരുതാൻ വരട്ടെ. ഈ സാധ്യതയിലേക്ക് വഴിതുറക്കാനിടയുള്ള ഗവേഷണത്തിൽ വൻ മുന്നേറ്റം നടത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞർ.

മാംസത്തിന്റെ നിറം, രുചി, അതിലെ ഇരുമ്പിന്റെ അളവ് എന്നിവ നൽകുന്ന മയോഗ്ലോബിൻ എന്ന പ്രോട്ടീൻ ഇലകളിൽ ഉത്പാദിപ്പിക്കാൻ കഴിയുംവിധം ശാസ്ത്രജ്ഞർ ലെറ്റിയൂസ്, പുകയില സസ്യങ്ങളെ സജ്ജമാക്കിയിരിക്കുന്നു എന്നതാണ് പ്രതീക്ഷ നൽകുന്ന മുന്നേറ്റം. കാലികളെ കശാപ്പുചെയ്യാതെ അവയുടെ യഥാർഥ മാംസത്തിന് സമാനമായ ഭക്ഷ്യവസ്തു സസ്യങ്ങളിൽനിന്ന് ഉത്പാദിപ്പിക്കുന്നതിനുള്ള സാധ്യതയിലേക്കാണ് ഇത് വഴിതുറക്കുന്നത്.

ഫ്രോണ്ടിയേഴ്‌സ് ഇൻ പ്ലാന്റ് സയൻസിൽ ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇംപീരിയൽ കോളേജ് ലണ്ടനിലെ ഗവേഷകരാണ് പഠനത്തിന് നേതൃത്വം നൽകിയത്. കേംബ്രിഡ്ജിലെ ബയോടെക് സ്ഥാപനമായ കിയോമി ലിമിറ്റഡും കാലിഫോർണിയ യൂണിവേഴ്‌സിറ്റി, ചൈനയിലെ നാൻചാങ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ വിദഗ്ധരുംഅതുമായി സഹകരിച്ചു.

പേശികൾക്ക് ചുവപ്പ് നിറം നൽകുകയും മാംസത്തിന് പ്രത്യേക രുചി നൽകുകയും ചെയ്യുന്ന തന്മാത്രയാണ് മയോഗ്ലോബിൻ. സസ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള മാംസം വികസിപ്പിക്കുന്നതിനായി ഇത് പുനഃസൃഷ്ടിക്കാനുള്ള ഇതുവരെയുളള ശ്രമങ്ങളെല്ലാം മൈക്രോബിയൽ എൻജിനീയറിംഗിനെ ആശ്രയിക്കുന്നതായിരുന്നു. എന്നാൽ ഈ പഠനം നടത്തിയ ഗവേഷകർ പന്നികളിൽ നിന്നും കാലികളിൽ നിന്നും ക്ലോൺ ചെയ്ത മയോഗ്ലോബിൻ ജീനിന്റെ പകർപ്പുകൾ പുകയില, ലെറ്റിയൂസ് തൈകളുടെ ക്ലോറോപ്ലാസ്റ്റുകളിലേക്ക് നേരിട്ട് അയക്കാൻ 'ജീൻ ഗൺ' ഉപയോഗിച്ചു. സസ്യകോശങ്ങളിൽ പ്രകാശസംശ്ലേഷണം നടത്തുന്ന ഭാഗങ്ങളാണ് ക്ലോറോപ്ലാസ്റ്റുകൾ.

പുകയില ഭക്ഷ്യയോഗ്യമല്ലെങ്കിലും ഒരു മികച്ച പരീക്ഷണ വസ്തുമായി അത് പ്രവർത്തിച്ചു. പുകയില 'ഈ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനുള്ള ഏറ്റവും മികച്ച മോഡൽ സസ്യമായും, ലെറ്റിയൂസ് ഭക്ഷ്യ ഘടകങ്ങൾ ഉത്പാദിപ്പിക്കാൻ ഒടുവിൽ ഉപയോഗിക്കാനാവുന്ന ഭക്ഷ്യവിളയായതിനാലും ഇവ രണ്ടും തിരഞ്ഞെടുക്കുകയായിരുന്നുവെന്ന് ഗവേഷകർ പറയുന്നു.

Content Highlights: Engineered lettuce and tobacco to produce animal myoglobin., Utilized 'gene gun' technology to modify chloroplasts for high protein yields., Offers a sustainable alternative to bioreactor-based microbial fermentation., Future potential for heme-iron-enriched biofortified food crops.