ബഹിരാകാശത്തും ഇന്ധനസ്റ്റേഷനുകൾ; ഉപഗ്രഹങ്ങളുടെ ആയുസ്സ് കൂടും,ദൗത്യത്തിനൊരുങ്ങി ഇന്ത്യൻ സ്റ്റാർട്ടപ്പ്

ഉപഗ്രഹങ്ങൾ സാധാരണയായി ഇന്ധനംതീരുമ്പോൾ പ്രവർത്തനരഹിതമായി ബഹിരാകാശത്തെ പാഴ്‌വസ്തുക്കളായി മാറുകയാണ് പതിവ്. എന്നാൽ, ഇനി അതുവേണ്ടാ! നമ്മുടെ റോഡരികിലെ പെട്രോൾപമ്പുകൾപോലെ ബഹിരാകാശത്തും ഇന്ധനസ്റ്റേഷനുകൾ വരുന്നു. ബഹിരാകാശത്ത് കറങ്ങിക്കൊണ്ടിരിക്കുന്ന ഉപഗ്രഹങ്ങൾക്ക് അവിടെവെച്ചുതന്നെ ഇന്ധനം നിറയ്ക്കാനുള്ള നൂതനസാങ്കേതികവിദ്യ പരീക്ഷിക്കാൻ ചെന്നൈ ആസ്ഥാനമായുള്ള ബഹിരാകാശ സ്റ്റാർട്ടപ്പ് ഓർബിറ്റ് എയ്ഡ് എയറോസ്‌പെയ്‌സ് ഒരുങ്ങുന്നു.
ഉപഗ്രഹങ്ങളുടെ ആയുസ്സ് വർധിപ്പിക്കാനും ബഹിരാകാശ മാലിന്യം കുറയ്ക്കാനും ലക്ഷ്യമിട്ടുള്ള ഇന്ത്യയുടെ ഈ നിർണായക ദൗത്യം ഐഎസ്ആർഒയുടെ പിഎസ്എൽവി റോക്കറ്റിലൂടെ വിക്ഷേപിക്കും. ‘ആയുൽസാറ്റ്’ എന്നു പേരിട്ടിട്ടുള്ള ടാങ്കർ ഉപഗ്രഹമാണ് ഇതിനായി വിക്ഷേപിക്കുന്നത്. ഉപഗ്രഹങ്ങൾ തമ്മിൽ പരസ്പരം ഘടിപ്പിക്കാനും ഇന്ധനം കൈമാറാനുമുള്ള പ്രത്യേക ഡോക്കിങ് സംവിധാനം ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്.
വിക്ഷേപണത്തിനുശേഷം ആയുൽസാറ്റിനുള്ളിലെ ഒരു ടാങ്കിൽനിന്ന് മറ്റൊന്നിലേക്ക് ഇന്ധനം മാറ്റിക്കൊണ്ടാണ് പരീക്ഷണം ആരംഭിക്കുന്നത്. ഇത്തരമൊരു പരീക്ഷണം നടത്തുന്ന ഇന്ത്യയിലെ ആദ്യത്തെ വാണിജ്യദൗത്യമാണിത്. ഈ വർഷം 2026 അവസാനത്തോടെ ഒരു ചേസർ ഉപഗ്രഹംകൂടി വിക്ഷേപിച്ച്, അത് ആയുൽസാറ്റുമായി ബഹിരാകാശത്തുവെച്ച് കൂട്ടിമുട്ടിച്ച് ഇന്ധനം കൈമാറുന്ന പ്രക്രിയ പൂർത്തിയാക്കും. അങ്ങനെയെങ്കിൽ ഈ സാങ്കേതികവിദ്യ വിജയകരമായി പരീക്ഷിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.
ഭൂമിയിൽ വാഹനങ്ങൾക്ക് പെട്രോൾപമ്പുകൾ ഉള്ളതുപോലെ ബഹിരാകാശത്ത് ഇന്ധന സ്റ്റേഷനുകൾ സ്ഥാപിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഓർബിറ്റ് എയ്ഡ് സിഇഒ ശക്തികുമാർ രാമചന്ദ്രൻ പറഞ്ഞു.
Content Highlights: India’s First Space Gas Station: Chennai Startup Orbit Aid to Test Satellite Refueling in Orbit