എൻപിസിഐയുടെ 'ഏജന്റിക് യുപിഐ'; ഗൂഗിൾ ജെമിനൈ പിന്തുണയിൽ ഷോപ്പിങും പണമിടപാടുകളും നടത്താം

മുംബൈ: യുപിഐ പ്ലാറ്റ്ഫോമിൽ ഇടപാടുകൾക്കായി നിർമിതബുദ്ധി(എഐ)യുടെ സഹായത്താൽ വിപ്ലവത്തിനൊരുങ്ങുകയാണ് നാഷണൽ പേമെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ. ഷോപ്പിങ്ങിനും മറ്റും ഏജന്റിക് എഐ യുപിഐയിൽ സംയോജിപ്പിച്ചുള്ള ഉത്പന്നമാണ് ബുധനാഴ്ച എൻപിസിഐ ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിൽ പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിച്ചത്.
ചെറുപാർട്ടികൾക്കായി എന്തെല്ലാം വാങ്ങണമെന്ന് യുപിഐയിൽ സംയോജിപ്പിച്ചിട്ടുള്ള ജെമിനിയുടെ ഏജന്റിക് എഐയുമായി സംവദിക്കുന്നു. എത്രപേർക്ക് എന്തെല്ലാം വിഭവങ്ങൾ, അല്ലെങ്കിൽ ഉത്പന്നങ്ങൾ വാങ്ങണമെന്നു പറഞ്ഞാൽ എത്ര അളവിൽ വാങ്ങണമെന്നു കണക്കാക്കി ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമിൽ ഓർഡർ നൽകുകയും പേമെന്റ് പൂർത്തിയാക്കുകയും ചെയ്യുന്ന സംവിധാനമാണ് ഏജന്റിക് യുപിഐയിലൂടെ ലൈവായി അവതരിപ്പിക്കപ്പെട്ടത്.
‘ഇന്റലിജന്റ് കൊമേഴ്സ്’ എന്ന അടുത്തഘട്ടത്തിലുള്ള വികസനമാണ് ബുധനാഴ്ച എൻപിസിഐ അനാവരണം ചെയ്തിരിക്കുന്നത്. ഉപഭോക്താവ് എഐ ചാറ്റ്ബോട്ടിനെ ഉപയോഗിച്ച് ഉത്പന്നങ്ങൾ കണ്ടെത്തി, എന്ത് എവിടെനിന്ന് വാങ്ങണമെന്ന തീരുമാനമെടുക്കുന്നതിനും പേമെന്റ് യുപിഐ വഴി പൂർത്തിയാക്കുന്നതിനും വോയ്‌സ്, ടെക്സ്‌റ്റ് കമാൻഡുകൾ വഴി നിർമിതബുദ്ധിയുടെ സഹായത്തിൽ ചെയ്യാമെന്നതാണ് ഇതിലൂടെ കാട്ടുന്നത്. നിർമിതബുദ്ധി ഉപയോഗിച്ച് കമാൻഡുകൾ ഇഷ്ടമുള്ള ഭാഷയിലേക്കു മാറ്റുന്നതിനും കഴിയും.
ജെമിനൈ, ബിഗ്ബാസ്കറ്റ്, ഗൂഗിൾ പേ, റേസർപേ എന്നിവയുടെ പങ്കാളിത്തത്തോടെയാണ് പരീക്ഷണപദ്ധതി കൊണ്ടുവന്നിട്ടുള്ളത്. ഉപഭോക്താവിന്റെ മുൻകാല ഷോപ്പിങ് രീതികളും ഇതിൽ ഉപയോഗപ്പെടുത്തുന്നു. ബിഗ്ബാസ്കറ്റിൽനിന്ന് ജെമിനിയുടെ സഹായത്തോടെ ഓർഡർ ചെയ്യുന്ന ഉത്പന്നങ്ങൾ എച്ച്ഡിഎഫ്സി ക്രെഡിറ്റ് കാർഡിൽ ഗൂഗിൾപേ വഴി ഇടപാടു പൂർത്തിയാക്കി വാങ്ങുന്ന ലൈവ് ഡെമോ അവതരിപ്പിച്ചത് സദസ്സിൽ കൈയടി നിറച്ചു. റേസർപേയാണ് ഇതിൽ പേമെന്റ് സർവീസ് പ്രൊവൈഡറായുള്ളത്.
യുപിഐ ഇടപാടിനുള്ള പ്ലാറ്റ്ഫോം എന്നതിൽനിന്ന് ഇന്റലിജൻസ് കൊമേഴ്സ് എന്നതിലേക്കു മാറുകയാണ് ഇതിലൂടെയെന്ന് എൻപിസിഐ പ്രൊഡക്ട് മാർക്കറ്റിങ് വിഭാഗം മേധാവി കുനാൽ കലവാടിയ പറഞ്ഞു. ഇൻഫോസിസ് സഹസ്ഥാപകനും എൻപിസിഐ അഡ്വൈസറുമായ നന്ദൻ നിലേക്കനിയുടെ സാന്നിധ്യത്തിലാണ് പുതിയസംവിധാനം അവതരിപ്പിച്ചത്. ഡിജിറ്റൽ പേമെന്റിന്റെയും നിർമിതബുദ്ധിയുടെയും സംയോജനമാണ് അടുത്തഘട്ടത്തിലുള്ള രാജ്യത്തെ ഫിൻടെക് കണ്ടെത്തലുകളിൽ നിർണായകമാകുകയെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ സ്വന്തം യുപിഐ പുതിയ തലങ്ങളിലേക്കു വളരുന്നതിന്റെ വ്യക്തമായ സൂചനകളാണ് ഫിൻടെക് ഫെസ്റ്റ് നൽകുന്നത്. വായ്പകളെയും ഇടപാടുകളെയും കോർത്തിണക്കുന്ന പ്രധാന കണ്ണിയായി ഇതുമാറുകയാണ്.
Content Highlights: NPCI successfully demonstrated a revolutionary "Intelligent Commerce" phase for UPI at the Global Fintech Fest, integrating Gemini's Agentic AI