ഭൂമിയിലെ മനുഷ്യർ നക്ഷത്രങ്ങളെപ്പോലെ തിളങ്ങുമ്പോൾ; ബഹിരാകാശ സഞ്ചാരി പങ്കുവെച്ച ചിത്രം വൈറൽ!

ഭൂമിയെ ചുറ്റുന്ന ഭ്രമണപഥത്തിൽ മണിക്കൂറിൽ ആയിരക്കണക്കിന് കിലോമീറ്റർ വേഗത്തിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലിരുന്ന് ഒരു ബഹിരാകാശ സഞ്ചാരി പകർത്തിയ ചിത്രം ശ്രദ്ധയാകർഷിക്കുകയാണ്. താഴെ ഭൂമിയിലെ നഗരവെളിച്ചങ്ങളും അപ്പുറം നക്ഷത്രങ്ങൾ തിളങ്ങുന്ന ക്ഷീരപഥവും ഉൾക്കൊള്ളുന്നതാണ് ഈ അതിമനോഹരവും അത്യപൂർവവുമായ ചിത്രം.
നാസയുടെ ബഹിരാകാശ സഞ്ചാരിയായ ഡോൺ പെറ്റിറ്റ് ആണ് ഈ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. അതിവേഗം സഞ്ചരിക്കുന്ന പേടകത്തിൽ നിന്നെടുത്ത ചിത്രമായതിനാൽ ഭൂമിയിൽ നിന്നുള്ള പ്രകാശങ്ങളെല്ലാം തിളങ്ങുന്ന നേർരേഖകളായി ചിത്രത്തിൽ കാണാം.
"ഭൂമിയിലെ നഗരവിളക്കുകൾക്ക് മുകളിലുള്ള ക്ഷീരപഥത്തിന്റെ ദൃശ്യങ്ങൾ. നമ്മെ പ്രചോദിപ്പിക്കുന്ന നക്ഷത്രങ്ങൾക്ക് നേരെ തിരിച്ചു തിളങ്ങുന്ന മനുഷ്യർ!" എന്നായിരുന്നു ഈ ചിത്രത്തിനൊപ്പം ഡോൺ പെറ്റിറ്റ് പങ്കുവെച്ച കുറിപ്പ്. ഐ.എസ്.എസ്. എക്സ്പെഡിഷൻ 72 ദൗത്യത്തിലാണ് നിക്കോൺ സെഡ് 9 ക്യാമറയിൽ ഈ ചിത്രം പകർത്തിയത്. എഫ് 1.4 അപ്പേർച്ചറിൽ 6400 ഐഎസ്ഒ സെറ്റ് ചെയ്ത് 14 എംഎം ലെൻസ് ഉപയോഗിച്ചാണ് ഈ ചിത്രം പകർത്തിയതെന്നും പെറ്റിറ്റ് പറഞ്ഞു.
Content Highlights: NASA astronaut Don Pettit has shared a breathtaking, long-exposure photograph of the Milky Way and Earth's city lights taken with a Nikon Z9 from the fast-moving International Space Station during the Expedition 72 mission.