സ്‌പേഡെക്‌സ് ദൗത്യത്തില്‍ മുന്നേറ്റം; ഉപഗ്രഹങ്ങളെ മൂന്ന് മീറ്റര്‍ അകലത്തിലെത്തിച്ച് ഐഎസ്ആര്‍ഒ

കൂട്ടിയോജിപ്പിക്കേണ്ട ഉപഗ്രഹങ്ങള്‍- വിക്ഷേപണത്തിന് മുമ്പുള്ള ചിത്രം | Photo: ISRO
കൂട്ടിയോജിപ്പിക്കേണ്ട ഉപഗ്രഹങ്ങള്‍- വിക്ഷേപണത്തിന് മുമ്പുള്ള ചിത്രം | Photo: ISRO

ബെംഗളുരു: ഐഎസ്ആര്‍ഒയുടെ സ്‌പേഡെക്‌സ് ദൗത്യത്തില്‍ സുപ്രധാന പരീക്ഷണങ്ങളിലൊന്ന് വിജയം. സ്‌പേഡെക്‌സ് ഉപഗ്രഹങ്ങളായ ചേസര്‍ (എസ്ഡിഎക്‌സ്01), ടാര്‍ഗറ്റ് (എസ്ഡിഎക്‌സ്02) എന്നിവയെ മൂന്ന് മീറ്റര്‍ അകലത്തില്‍ എത്തിക്കാന്‍ സാധിച്ചതായി ഐഎസ്ആര്‍ഒ അറിയിച്ചു. പരീക്ഷണാടിസ്ഥാനത്തിലാണ് പേടകങ്ങളെ ഇത്രയും കുറഞ്ഞ അകലത്തില്‍ എത്തിച്ചത്. പിന്നീട് പേടകങ്ങളെ സുരക്ഷിത അകലത്തിലേക്ക് തിരികെ എത്തിക്കുകയും ചെയ്തു. 

രണ്ട് ഉപഗ്രഹങ്ങളേയും പരസ്പരം ബന്ധിപ്പിക്കുന്നതിന് മുമ്പ് അവയെ 15 മീറ്റര്‍ അകലത്തിലേക്കും പിന്നീട് 3 മീറ്റര്‍ അകലത്തിലേക്കും എത്തിക്കുന്നതിനുള്ള പരീക്ഷണാടിസ്ഥാനത്തിലുള്ള ശ്രമമാണ് ഇപ്പോള്‍ വിജയം കണ്ടത്. ഇതില്‍ നിന്നുള്ള വിവരങ്ങള്‍ വിശകലനം ചെയ്തതിന് ശേഷമാണ് ഉപഗ്രഹങ്ങളെ യോജിപ്പിക്കുന്നതിനുള്ള ശ്രമം നടത്തുകയെന്ന് ഐഎസ്ആര്‍ഒ എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു. 

നേരത്തെ ഉപഗ്രഹങ്ങളെ 50 അടി (15 മീറ്റര്‍) അകലത്തിലെത്തിച്ചിരുന്നു. ഈ അകലത്തില്‍ നിന്ന് പേടകങ്ങള്‍ പരസ്പരം പകര്‍ത്തിയ വീഡിയോകളും ചിത്രങ്ങളും ഐഎസ്ആര്‍ഒ പുറത്തുവിട്ടിട്ടുണ്ട്. 

ജനുവരി ഏഴിന് ഡോക്കിങ് പരീക്ഷണം നടത്താനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇത് പിന്നീട് ജനുവരി ഒമ്പതിലേക്ക് മാറ്റിവെച്ചു. എന്നാല്‍ ഉപഗ്രഹങ്ങളെ 15 മീറ്റര്‍ അകലത്തിലെത്തിക്കാനുള്ള ശ്രമം പാളിയിരുന്നു. ഇതേ തുടര്‍ന്ന് ഡോക്കിങ് പരീക്ഷണ വീണ്ടും മാറ്റിവെച്ചു. അന്നത്തെ പിഴവ് പരിഹരിച്ചാണ് ഉപഗ്രഹങ്ങളെ 15 മീറ്റര്‍ അകലത്തിലേക്കും പിന്നീട് മൂന്ന് മീറ്ററിലേക്കും എത്തിക്കാന്‍ ഐഎസ്ആര്‍ഒയ്ക്ക് സാധിച്ചത്. 

2024 ഡിസംബര്‍ 30 ന് സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തില്‍ നിന്നാണ് സ്‌പേഡെക്‌സ് ദൗത്യം വിക്ഷേപിച്ചത്. ബഹിരാകാശത്ത് വെച്ച് രണ്ട് ഉപഗ്രഹ ഭാഗങ്ങളെ കൂട്ടിയോജിപ്പിക്കാനുള്ള (ഡോക്കിങ് ) സാങ്കേതിക വിദ്യ സ്വന്തമാക്കാനുള്ള ഇന്ത്യയുടെ ദൗത്യമാണ് സ്‌പേഡെക്‌സ്. ഗഗന്‍യാന്‍, ചന്ദ്രനില്‍ നിന്ന് സാമ്പിള്‍ ഭൂമിയിലെത്തിക്കാനുള്ള ദൗത്യം, ബഹിരാകാശ നിലയം എന്നിവ ഉള്‍പ്പടെ ഇന്ത്യയുടെ ഭാവി ബഹിരാകാശ ദൗത്യങ്ങള്‍ക്ക് ഈ സാങ്കേതിക വിദ്യ ആവശ്യമാണ്.
 

Content Highlights: ISRO moved SpaDeX satellites within three metres in a trial attempt